---
title: "ആരും എത്തിയില്ല; കൊച്ചിയിൽ 'കോക്രോച്ച് ജനതാ പാർട്ടി' ദക്ഷിണേന്ത്യൻ സംഗമം പ്രചാരണത്തിലൊതുങ്ങി"
english_title: " Content Highlights:-'Cockroach Janata Party' launches campaign for South Indian gathering in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363158/content-highlights-cockroach-janata-party-launches-campaign-for-south-indian-gathering-in-kochi"
published_at: "2026-06-01T14:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a100e4b87a6f_FGHDRFTH.jpg"
keywords: ["Latest News", "Cockroach Janata Party", "Kochi"]
---

# ആരും എത്തിയില്ല; കൊച്ചിയിൽ 'കോക്രോച്ച് ജനതാ പാർട്ടി' ദക്ഷിണേന്ത്യൻ സംഗമം പ്രചാരണത്തിലൊതുങ്ങി

> **Lead Summary:** **കൊച്ചി: '**കോക്രോച്ച് ജനതാ പാർട്ടി'(സി.ജെ.പി.) ആദ്യ ദക്ഷിണേന്ത്യൻ സംഗമം ഞായറാഴ്ച കൊച്ചിയിൽ നടക്കുമെന്നത് പ്രചാരണത്തിലൊതുങ്ങി. 'സി.ജെ.പി. കൊച്ചി മീറ്റ് അപ്പ്' എന്ന പേരിൽ ടെലിഗ്രാമിലൂടെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മറൈൻഡ്രൈവിൽ സി.ജെ.പി അനുഭാവികൾ ഒത്തുചേരുമെന്നായിരുന്നു സന്ദേശം.

## Article Content

**കൊച്ചി: '**കോക്രോച്ച് ജനതാ പാർട്ടി'(സി.ജെ.പി.) ആദ്യ ദക്ഷിണേന്ത്യൻ സംഗമം ഞായറാഴ്ച കൊച്ചിയിൽ നടക്കുമെന്നത് പ്രചാരണത്തിലൊതുങ്ങി. 'സി.ജെ.പി. കൊച്ചി മീറ്റ് അപ്പ്' എന്ന പേരിൽ ടെലിഗ്രാമിലൂടെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മറൈൻഡ്രൈവിൽ സി.ജെ.പി അനുഭാവികൾ ഒത്തുചേരുമെന്നായിരുന്നു സന്ദേശം.

ഒപ്പം സി.ജെ.പി.യുടെ പോസ്റ്ററുകളുമുണ്ടായിരുന്നു. പോസ്റ്ററിലെ ക്യൂആർ കോഡ് സ്‌കാൻ ചെയ്താൽ ഒരു ടെലിഗ്രാം ഗ്രൂപ്പിലേക്കാണ് എത്തിയിരുന്നത്.

അംഗങ്ങളെ പരിചയപ്പെടുക, പാർട്ടി നിയമപരമായി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ചർച്ചചെയ്യുക, നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കുക തുടങ്ങിയ അഞ്ച് അജൻഡകളും ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു.

സമാധാനപരമായ കൂടിക്കാഴ്ചയാണ് ഉദ്ദേശിക്കുന്നതെന്നും സംഗമത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പേരും മേൽവിലാസവും ഫോൺ നമ്പറും പ്രായവും രേഖപ്പെടുത്തണമെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

കോക്രോച്ച് പാർട്ടിയുടെ പ്രവർത്തനം മുഴുവൻ സൈബർ ഇടത്തിലാണെന്നിരിക്കെ, ആദ്യ ഒത്തുചേരൽ കൊച്ചിയിലായിരിക്കുമെന്ന പ്രചാരണം രാജ്യശ്രദ്ധ നേടിയിരുന്നു. ഇതേത്തുടർന്ന് ക്രമസമാധാന പ്രശ്‌നങ്ങളോ അനിഷ്ടസംഭവങ്ങളോ ഉണ്ടാകാതിരിക്കാൻ പോലീസും മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ സംഘങ്ങൾ അന്വേഷണം തുടങ്ങിയിരുന്നു.

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മാധ്യമങ്ങളും മറൈൻ ഡ്രൈവിലെത്തിയെങ്കിലും കൂട്ടായ്മയ്ക്കായി ആരും എത്തിയില്ല. പൊതുസ്ഥലത്ത് ഒത്തുചേരലിന് പോലീസിൽനിന്ന് അനുമതി വാങ്ങിയിരുന്നുമില്ല.

അതിനിടെ സന്ദേശം പ്രചരിപ്പിച്ച ടെലിഗ്രാം അക്കൗണ്ടുകൾ സൈബർ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സി.ജെ.പി.യുടെ ഒന്നിലധികം ഗ്രൂപ്പുകൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ജില്ലാ തലത്തിലോ സംസ്ഥാന തലത്തിലോ പ്രത്യേക നേതൃത്വമോ മറ്റോ ഇല്ലെന്നുമാണ് വിവരം. എങ്കിലും ഈ ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363158/content-highlights-cockroach-janata-party-launches-campaign-for-south-indian-gathering-in-kochi)