---
title: "കേരളം നനഞ്ഞു കുതിരും;  നിങ്ങളുടെ ജില്ലയിൽ യെല്ലോ അലർട്ടുണ്ടോ?, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, മൂന്നിനും നാലിനും അതിശക്ത മഴ"
english_title: "Monsoon is approaching; Widespread rain likely in the state, yellow alert in 9 districts today, extremely heavy rain in 3 and 4"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363099/monsoon-is-approaching-widespread-rain-likely-in-the-state-yellow-alert-in-9-districts-today-extremely-heavy-rain-in-3-and-4"
published_at: "2026-06-01T11:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ad1261da6b_RAIN.jpg"
keywords: ["LATEST NEWS", "MONSOON", "RAIN", "YELLOW ALERT"]
---

# കേരളം നനഞ്ഞു കുതിരും;  നിങ്ങളുടെ ജില്ലയിൽ യെല്ലോ അലർട്ടുണ്ടോ?, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, മൂന്നിനും നാലിനും അതിശക്ത മഴ

> **Lead Summary:** തിരുവനന്തപുരം:**[ **സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ഇന്ന് 9 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 - 4 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലും തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിലും എത്തിച്ചേരുമെന്നാണ് പ്രവചനം. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്നും ബുധനാഴ്ചയോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ടെന്നും അധികൃതർ അറിയിച്ചു.

## Article Content

തിരുവനന്തപുരം:**[ **സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ഇന്ന് 9 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 - 4 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലും തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിലും എത്തിച്ചേരുമെന്നാണ് പ്രവചനം. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്നും ബുധനാഴ്ചയോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ടെന്നും അധികൃതർ അറിയിച്ചു.

**യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:**

ഇന്ന് (തിങ്കൾ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.

നാളെ (ചൊവ്വാ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

**മത്സ്യബന്ധനത്തിന് വിലക്ക്**

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജൂൺ നാല് വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരദേശവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

**ഓറഞ്ച് അലർട്ട്**

ജൂണ്‍ 3, 4 ദിവസങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

03/06/2026: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം

04/06/2026: പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്

കാലവർഷം ഉടനെത്തും

അടുത്ത 3 - 4 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലേക്കും മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ കൂടുതൽ ഭാഗങ്ങളിലേക്കും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ സാധ്യത.

തെക്കുകിഴക്കൻ അറബിക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്കുകിഴക്കൻ അറബിക്കടലിലും തെക്കൻ കേരള തീരത്തിനും സമീപത്തുമായി സമുദ്രനിരപ്പിൽ നിന്ന് 3.1 മുതൽ 5.8 കി.മീ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. തെക്കുപടിഞ്ഞാറൻ അറബിക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴി ഇപ്പോൾ സമുദ്രനിരപ്പിൽ നിന്ന് 3.1 മുതൽ 7.6 കി.മീ വരെ ഉയരത്തിൽ വ്യാപിച്ചുകിടക്കുന്നു. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും സമീപ വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കി.മീ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി തുടരുന്നു. ജൂൺ 4 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363099/monsoon-is-approaching-widespread-rain-likely-in-the-state-yellow-alert-in-9-districts-today-extremely-heavy-rain-in-3-and-4)