---
title: "ക്രിമിനൽ മൈൻഡ് ....! ബാറിലെ തർക്കത്തിന് പിന്നാലെ പ്രതികാരം; പെൺകുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തി,  പതിനെട്ടുകാരിയെ കൊലപ്പെടുത്തി"
english_title: "Content Highlights:-  Girl killed by car after two-wheeler hit by car following bar argument"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363088/girl-killed-by-car-after-two-wheeler-hit-by-car-following-bar-argument-new-"
published_at: "2026-06-01T10:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d190f9356b_accident.jpg"
keywords: []
---

# ക്രിമിനൽ മൈൻഡ് ....! ബാറിലെ തർക്കത്തിന് പിന്നാലെ പ്രതികാരം; പെൺകുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തി,  പതിനെട്ടുകാരിയെ കൊലപ്പെടുത്തി

> **Lead Summary:** **ചെന്നൈ: ** ബാറിലുണ്ടായ തർക്കത്തെത്തുടർന്നുള്ള വൈരാഗ്യത്തിൽ പെൺകുട്ടികൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ കാറിടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തി.

## Article Content

**ചെന്നൈ: ** ബാറിലുണ്ടായ തർക്കത്തെത്തുടർന്നുള്ള വൈരാഗ്യത്തിൽ പെൺകുട്ടികൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ കാറിടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തി.

വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർഥിയായ യാൻസി(18)യാണ് കൊല്ലപ്പെട്ടത്. യാൻസിക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന 17-കാരിക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാലമുരുകൻ(21), ജോഷ്വാ(19), കിഷോർകുമാർ(19) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം ചെന്നൈയിലെ ഒരു സ്വകാര്യ ബാറിൽവെച്ചാണ് സംഭവങ്ങളുടെ തുടക്കം. യാൻസിയും സുഹൃത്തുക്കളും ബാറിൽ നൃത്തംചെയ്യുന്നതിനിടെ ഇവിടെയുണ്ടായിരുന്ന മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. ഇരുസംഘങ്ങളും തമ്മിൽ തർക്കം രൂക്ഷമായതോടെ ബൗൺസേഴ്‌സ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

എന്നാൽ, ബാറിൽനിന്ന് പുറത്തിറങ്ങിയശേഷവും ഇരുസംഘങ്ങളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും തുടർന്നു. ഇതോടെ ബൗൺസേഴ്‌സ് ഇടപെട്ട് ഇവരെ പറഞ്ഞുവിട്ടു. തുടർന്ന് രണ്ട് സംഘങ്ങളിലുള്ളവരും സ്ഥലത്തുനിന്ന് മടങ്ങി.

യാൻസിയും സുഹൃത്തുക്കളും ഇരുചക്രവാഹനങ്ങളിലാണ് ബാറിൽനിന്ന് മടങ്ങിയത്. എതിർസംഘത്തിലുള്ള യുവാക്കൾ കാറിലായിരുന്നു യാത്ര. വഴിയിൽവെച്ച് യാൻസിയും സുഹൃത്തുക്കളും യുവാക്കളുടെ കാർ കണ്ടു. പിന്നാലെ ഇവർ കാറിന് നേരേ കല്ലെറിഞ്ഞ് സ്‌കൂട്ടറിൽ കടന്നുകളഞ്ഞു.

ഇതോടെ യുവാക്കൾ കാറിൽ ഇവരെ പിന്തുടരുകയും യാൻസിയും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. കാറിടിച്ച് തെറിച്ചുവീണ യാൻസി തൽക്ഷണം മരിച്ചെന്നാണ് പോലീസ് പറയുന്നത്. ഒപ്പമുണ്ടായിരുന്ന 17-കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഈ പെൺകുട്ടിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363088/girl-killed-by-car-after-two-wheeler-hit-by-car-following-bar-argument-new-)