---
title: " രണ്ട് മരണങ്ങളിലും ദുരൂഹത? അഖിലയുടെ മുൻ ഭര്‍ത്താവിന്റെയും ഡാൻസ് സ്‌കൂളിലെ ജീവനക്കാരിയുടെയും മരണത്തിൽ അന്വേഷണം"
english_title: " Content Highlights:- Investigation into the deaths of Akhila's ex-husband and dance school employee in Nedumangad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363081/content-highlights-investigation-into-the-deaths-of-akhilas-ex-husband-and-dance-school-employee-in-nedumangad"
published_at: "2026-06-01T10:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bd4cbbe7ed_nadumangad_child_murder.jpg"
keywords: ["Latest News", "Nedumangad Child Murder Case", "Murder Case"]
---

#  രണ്ട് മരണങ്ങളിലും ദുരൂഹത? അഖിലയുടെ മുൻ ഭര്‍ത്താവിന്റെയും ഡാൻസ് സ്‌കൂളിലെ ജീവനക്കാരിയുടെയും മരണത്തിൽ അന്വേഷണം

> **Lead Summary:** **തിരുവനന്തപുരം: ** നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തിന് പിന്നാലെ അഖിലയുടെ മുൻ ഭര്‍ത്താവിന്റെയും ഡാൻസ് സ്‌കൂളിലെ ജീവനക്കാരിയുടെയും മരണത്തിൽ അന്വേഷണം.

## Article Content

**തിരുവനന്തപുരം: ** നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തിന് പിന്നാലെ അഖിലയുടെ മുൻ ഭര്‍ത്താവിന്റെയും ഡാൻസ് സ്‌കൂളിലെ ജീവനക്കാരിയുടെയും മരണത്തിൽ അന്വേഷണം.

അര്‍ഷിദിന്റെ അമ്മയും കേസിലെ പ്രതിയുമായ അഖിലയിലേക്ക് അടക്കമാണ് അന്വേഷണം വ്യാപിപ്പിക്കുക. അര്‍ഷിദിന്റെ പിതാവും അഖിലയുടെ ആദ്യ ഭര്‍ത്താവുമായ അഖിലിന്റെ മരണത്തിലും അഖിലയ്‌ക്കൊപ്പം ഡാന്‍സ് സ്‌കൂളില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മരണവും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. രണ്ട് മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സംശയത്തിലാണ് പൊലീസ്.

അഖിലയുടെയും അഖിലിന്റെയും പ്രണയ വിവാഹമായിരുന്നു. അഖില അര്‍ഷിദിനെ ഗര്‍ഭം ധരിച്ചിരിക്കെയായിരുന്നു അഖിലിന്റെ മരണം. അഖില്‍ ജീവനൊടുക്കിയതാണെന്നാണ് പിതാവ് സുനില്‍ കുമാര്‍ പറഞ്ഞത്.

അഷ്‌കറിന് മുന്‍പ് അഖിലയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും ഇക്കാര്യം അഖില്‍ അറിഞ്ഞെന്നും പിന്നീട് വിഷയം പൊലീസ് സ്റ്റേഷന്‍ വരെ എത്തിയിരുന്നതായും സുനില്‍ കുമാര്‍ പറഞ്ഞിരുന്നു.

പൊലീസ് സ്റ്റേഷനില്‍ വെച്ച് അഖിലുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി അഖില പറഞ്ഞു. ഇതിന് പിന്നാലെ വീട്ടില്‍ എത്തിയ അഖില്‍ ജീവനൊടുക്കുകയായിരുന്നു എന്നും സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. അഖിലിന്റെ മരണത്തിന് പിന്നിലെ കാരണങ്ങള്‍ വിശദമായി തന്നെ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.

അഖിലയ്‌ക്കൊപ്പം ഡാന്‍സ് സ്‌കൂളില്‍ ജോലി ചെയ്തിരുന്ന യുവതി ചിറയിന്‍കീഴ് സ്വദേശിനിയാണ്. ഇതേ സ്‌കൂളിലെ ഡ്രൈവറായിരുന്ന അഷ്‌കറുമായി യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നു. എന്നാല്‍ അഷ്‌കര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയും അഖിലയ്‌ക്കൊപ്പം താമസിക്കാനും തുടങ്ങി.

ഇതിന് പിന്നാലെയായിരുന്നു യുവതിയുടെ മരണം. മരണത്തിന് പിന്നില്‍ അഖിലയ്ക്കും അഷ്‌കറിനും പങ്കുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കും.

ഇതോടൊപ്പം തന്നെ കുഞ്ഞിന്റെ കൊലപാതകത്തില്‍ അഷ്‌കറിന്റെ മാതാവിന്റെയും സഹോദരിയുടെയും പങ്കിലും അന്വേഷണം നടക്കും. ഇരുവരും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇവരിലേക്കും അന്വേഷണം നീളും.

കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിക്കുന്നത് അഖില നോക്കിനിന്നിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. വടികൊണ്ട് അടിക്കുന്നതും മര്‍ദ്ദിക്കുന്നതും അഖില കണ്ടിരുന്നു. കുഞ്ഞ് ക്രൂര മര്‍ദ്ദനവും പീഡനവും നേരിട്ടിട്ടും അഖില പ്രതികരിച്ചിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു അഷ്‌കറിന്റെ ലക്ഷ്യമെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.

അഖില ഇതിന് കൂട്ടുനിന്നിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിക്കും. കുഞ്ഞ് മരിക്കുന്ന ദിവസം അഖില എവിടെയായിരുന്നു എന്നതടക്കം പൊലീസിന്റെ അന്വേഷണ പരിധിയില്‍ ഉണ്ട്. സംഭവ ദിവസം തമിഴ്‌നാട്ടില്‍ ഡാന്‍സ് പരിപാടിക്ക് പോയിരുന്നു എന്നായിരുന്നു അഖിലയുടെ മൊഴി. ഇക്കാര്യങ്ങളടക്കം പൊലീസ് വിശദമായി അന്വേഷിക്കും.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

ഇതില്‍ പകുതിയും പഴയ മുറിവുകളായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിച്ചിരുന്നതായി അഖിലയും സമ്മതിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363081/content-highlights-investigation-into-the-deaths-of-akhilas-ex-husband-and-dance-school-employee-in-nedumangad)