---
title: "പാകിസ്താന്റെ ചങ്കിടിപ്പിച്ച് താലിബാൻ-റഷ്യ ചരിത്ര കരാർ; അഫ്ഗാന് അത്യാധുനിക ആയുധങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും നൽകാൻ മോസ്‌കോ"
english_title: "Historic Taliban-Russia deal leaves Pakistan in limbo"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362952/historic-taliban-russia-deal-leaves-pakistan-in-limbo"
published_at: "2026-05-31T14:36:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bfa81203ad_18.jpg"
keywords: ["Latest News", "Thaliban", "Russia", "Historical agreement"]
---

# പാകിസ്താന്റെ ചങ്കിടിപ്പിച്ച് താലിബാൻ-റഷ്യ ചരിത്ര കരാർ; അഫ്ഗാന് അത്യാധുനിക ആയുധങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും നൽകാൻ മോസ്‌കോ

> **Lead Summary:** **മോസ്‌കോ:[ **അന്താരാഷ്ട്ര രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും റഷ്യയും തമ്മിൽ തന്ത്രപ്രധാനമായ സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ചു.

## Article Content

**മോസ്‌കോ:[ **അന്താരാഷ്ട്ര രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും റഷ്യയും തമ്മിൽ തന്ത്രപ്രധാനമായ സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ചു.

മോസ്‌കോയിൽ നടന്ന ഇന്റർനാഷണൽ സെക്യൂരിറ്റി ഫോറത്തിൽ വെച്ച് താലിബാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബും റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗുവുമാണ് ഈ ചരിത്രപ്രധാനമായ ഉടമ്പടിയിൽ ഒപ്പിട്ടത്.

താലിബാൻ ഭരണകൂടം മറ്റൊരു വിദേശ രാജ്യവുമായി ഒപ്പുവെക്കുന്ന ആദ്യത്തെ ഔദ്യോഗിക പ്രതിരോധ കരാറാണിത്. ആയുധ കൈമാറ്റം, പ്രതിരോധ ലൈസൻസിങ്, സാങ്കേതികവിദ്യാ കൈമാറ്റം, സംയുക്ത വികസന പദ്ധതികൾ എന്നിവയുൾപ്പെടുന്നതാണ് ഈ ഉടമ്പടി.

അഫ്ഗാൻ മണ്ണിൽ ഭീകരവാദികൾക്ക് അഭയം നൽകുന്നു എന്നാരോപിച്ച് വ്യോമാക്രമണങ്ങളിലൂടെ മേധാവിത്വം പുലർത്തിയിരുന്ന പാകിസ്താന് പുതിയ കരാർ വലിയ തിരിച്ചടിയാകും. അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തെങ്കിലും ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കുറവ് പാകിസ്താനുമായുള്ള അതിർത്തി സംഘർഷങ്ങളിൽ താലിബാനെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇതിന് പരിഹാരമായി താഴ്ന്നുപറക്കുന്ന വിമാനങ്ങളെയും ഡ്രോണുകളെയും തകർക്കാൻ ശേഷിയുള്ള അത്യാധുനിക 'മാൻപാഡ്‌സ്' (MANPADS) ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ റഷ്യ താലിബാന് കൈമാറും.

ഇതോടെ പാകിസ്താന്റെ വ്യോമാക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും അതിർത്തി തർക്കങ്ങളിൽ കൂടുതൽ മേൽകൈ നേടാനും താലിബാന് സാധിക്കും. മേഖലയിൽ റഷ്യയ്ക്കും താലിബാനും പുതിയ ബന്ധം രൂപപ്പെടുന്നത് ഇന്ത്യക്ക് തന്ത്രപരമായ വലിയ നേട്ടങ്ങൾക്ക് വഴിതുറന്നേക്കാം.

അഫ്ഗാനിസ്ഥാനിൽ പാകിസ്താന്റെയും ചൈനയുടെയും സ്വാധീനം ഒരുപോലെ കുറയ്ക്കാനും മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ സുഗമമാക്കാനും ഈ മാറ്റം സഹായിക്കും.

മേഖലയിലെ ഭീകരവാദവും മയക്കുമരുന്ന് കടത്തും തടയുന്നതിന് താലിബാനുമായുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്നാണ് റഷ്യയുടെ വിലയിരുത്തൽ. ഇതിന്റെ തുടർച്ചയായി താലിബാനെ ഭീകര സംഘടനകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും അവർക്ക് ഔദ്യോഗിക അംഗീകാരം നൽകുകയും ചെയ്തതിന് ശേഷമാണ് റഷ്യ ഇപ്പോൾ നിർണായകമായ ആയുധക്കരാറിലേക്ക് കടന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362952/historic-taliban-russia-deal-leaves-pakistan-in-limbo)