---
title: "ലൈസൻസുമില്ല, വൃത്തിയുമില്ല; കൂടരഞ്ഞിയിൽ നൂറിലധികം പന്നികൾ ചത്തൊടുങ്ങിയിട്ടും അധികൃതർ ഒളിച്ചുകളിക്കുന്നതായി പരാതി"
english_title: "Allegations of pigs dying on farm; Locals protest over health threat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362947/allegations-of-pigs-dying-on-farm-locals-protest-over-health-threat"
published_at: "2026-05-31T14:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bf944a8891_PIG.jpg"
keywords: ["LATEST NEWS", "KOZHIKODE", "PIG"]
---

# ലൈസൻസുമില്ല, വൃത്തിയുമില്ല; കൂടരഞ്ഞിയിൽ നൂറിലധികം പന്നികൾ ചത്തൊടുങ്ങിയിട്ടും അധികൃതർ ഒളിച്ചുകളിക്കുന്നതായി പരാതി

> **Lead Summary:** കോഴിക്കോട്: **[**കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ നായാടംപൊയിലിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമിൽ പന്നികൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതായി നാട്ടുകാരുടെ പരാതി. ഒരു മാസത്തിനിടെ നൂറിലധികം പന്നികളാണ് ഇവിടെ അജ്ഞാത രോഗം ബാധിച്ച് ചത്തത്. കടുത്ത ആരോഗ്യഭീഷണി ഉയർന്നിട്ടും പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജനപ്രതിനിധികൾ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു.

## Article Content

കോഴിക്കോട്: **[**കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ നായാടംപൊയിലിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമിൽ പന്നികൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതായി നാട്ടുകാരുടെ പരാതി. ഒരു മാസത്തിനിടെ നൂറിലധികം പന്നികളാണ് ഇവിടെ അജ്ഞാത രോഗം ബാധിച്ച് ചത്തത്. കടുത്ത ആരോഗ്യഭീഷണി ഉയർന്നിട്ടും പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജനപ്രതിനിധികൾ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു.

നായാടംപൊയിലിലെ പുന്നക്കൊമ്പിൽ ജിബിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നികൾ കൂട്ടത്തോടെ ചാവുന്നത്. യാതൊരുവിധ ലൈസൻസുമില്ലാതെ, തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഈ ഫാം പ്രവർത്തിക്കുന്നതെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇറച്ചി അവശിഷ്ടങ്ങളും മാലിന്യങ്ങളും കൊണ്ടുവന്ന് പറമ്പിൽ തള്ളുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

മഴ പെയ്യുമ്പോൾ ഈ ഫാമിൽ നിന്നുള്ള മലിനജലം സമീപത്തെ മഞ്ഞക്കടവ് പുഴയിലേക്കാണ് നേരിട്ട് ഒഴുകിയെത്തുന്നത്. നിരവധി കുടിവെള്ള പദ്ധതികൾ ആശ്രയിക്കുന്ന പുഴയായതിനാൽ പ്രദേശത്ത് വലിയ തോതിൽ രോഗവ്യാപനമുണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. ഇതിനിടെ, രോഗം ബാധിച്ച പന്നികളെ രാത്രികാലങ്ങളിൽ അങ്കമാലി, ചാലക്കുടി, എറണാകുളം, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കടത്തുന്നതായും നാട്ടുകാർ ആരോപിക്കുന്നുണ്ട്.

പതിനഞ്ച് ദിവസം മുൻപ് പഞ്ചായത്ത് വൈസ് പ്രസിഡന്റും ഹെൽത്ത് ഇൻസ്പെക്ടറും സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും ഫാം പൂട്ടിക്കാനോ മാലിന്യം നീക്കാനോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ, സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർക്ക് നേരിട്ട് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362947/allegations-of-pigs-dying-on-farm-locals-protest-over-health-threat)