---
title: "പൊലീസുകാരനെന്ന് ചമഞ്ഞ് കാസർകോട് ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം തട്ടിയ പ്രതി ഗോവയിൽ പിടിയിൽ"
english_title: "Man arrested in Goa for allegedly impersonating police officer to steal gold from jeweller"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362938/man-arrested-in-goa-for-allegedly-impersonating-police-officer-to-steal-gold-from-jeweller"
published_at: "2026-05-31T13:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bf22d6f284_HGFD.jpg"
keywords: ["LATEST NEWS", "POLICE", "GOA", "JEWELLERY", "KASARKOD"]
---

# പൊലീസുകാരനെന്ന് ചമഞ്ഞ് കാസർകോട് ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം തട്ടിയ പ്രതി ഗോവയിൽ പിടിയിൽ

> **Lead Summary:** കാസർകോട്: **[**ബേക്കലിലെ ജ്വല്ലറിയിൽ പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ മനുവിനെയാണ് ഗോവയിൽ വെച്ച് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.

## Article Content

കാസർകോട്: **[**ബേക്കലിലെ ജ്വല്ലറിയിൽ പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ മനുവിനെയാണ് ഗോവയിൽ വെച്ച് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.

മെയ് 27-ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബേക്കൽ സ്റ്റേഷനിലെ പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തി പ്രതി ജ്വല്ലറിയിൽ എത്തിയത്. ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പൊലീസുകാരുടെ പേരടക്കം കൃത്യമായി പറഞ്ഞതോടെ ജീവനക്കാർക്ക് ഒട്ടും സംശയം തോന്നിയില്ല. സ്റ്റേഷനിലെ യഥാർത്ഥ പൊലീസുകാരനായ 'അഖിൽ രാജ്' എന്ന പേര് പറഞ്ഞായിരുന്നു തട്ടിപ്പ്.

16.200 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മോതിരം, മാല, അരഞ്ഞാണം എന്നിവയുൾപ്പെടെ മൊത്തം 2,60,500 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ഇയാൾ തിരഞ്ഞെടുത്തത്. തുടർന്ന് പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്യാമെന്ന് പറഞ്ഞ് ജീവനക്കാരെ വിശ്വസിപ്പിക്കാനായി ആദ്യം രണ്ട് രൂപ അയച്ചു നൽകി. ബാക്കി തുക ഉടൻ വരുമെന്ന് പറഞ്ഞ് സ്വർണ്ണവുമായി ഇയാൾ മുങ്ങുകയായിരുന്നു.

ബാക്കി പണം വരാതിരുന്നതിനെ തുടർന്ന് ജ്വല്ലറി ജീവനക്കാർ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തറിയുന്നത്. അഖിൽ നിലവിൽ ലീവിലാണെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് അറിയിച്ചു. തുടർന്ന് അഖിലിനെ നേരിട്ട് വിളിച്ചെങ്കിലും താൻ സ്വർണം വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സംശയത്തെ തുടർന്ന് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യഥാർത്ഥ പൊലീസുകാരനായ അഖിലിനോട് സാദൃശ്യമുള്ള തിരുവനന്തപുരം സ്വദേശി മനുവാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഗോവയിൽ നിന്ന് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362938/man-arrested-in-goa-for-allegedly-impersonating-police-officer-to-steal-gold-from-jeweller)