---
title: "ഒപി അടച്ചു; നാദാപുരം വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ചികിത്സ നിഷേധിച്ചതായി രോഗികൾ"
english_title: "Content Highlights:- OPD closed; Patients allege doctor denied treatment at Nadapuram Valayam Family Health Center"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362936/content-highlights-opd-closed-patients-allege-doctor-denied-treatment-at-nadapuram-valayam-family-health-center-"
published_at: "2026-05-31T13:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1beea0a532b_valayam_phc.jpg"
keywords: ["OPD closed", "Patients", "Doctor", "Treatment", "Nadapuram Valayam", "Family Health Center", "Valayam Family Health Center"]
---

# ഒപി അടച്ചു; നാദാപുരം വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ചികിത്സ നിഷേധിച്ചതായി രോഗികൾ

> **Lead Summary:** **കോഴിക്കോട് (നാദാപുരം) : ** ഒപി കൗണ്ടർ അടച്ച് ജീവനക്കാർ സ്ഥലം വിട്ടു. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിരവധി രോഗികൾക്ക് ഡ്യൂട്ടി ഡോക്ടർ ചികിത്സ നിഷേധിച്ചതായി രോഗികളുടെ പരാതി.

## Article Content

**കോഴിക്കോട് (നാദാപുരം) : ** ഒപി കൗണ്ടർ അടച്ച് ജീവനക്കാർ സ്ഥലം വിട്ടു. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിരവധി രോഗികൾക്ക് ഡ്യൂട്ടി ഡോക്ടർ ചികിത്സ നിഷേധിച്ചതായി രോഗികളുടെ പരാതി.

സത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള രോഗികൾക്ക് ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് ആളുകൾ ആശുപത്രിയിൽ ബഹളം വെക്കുകയാണ്. ഞായറാഴ്ച്ച ദിവസങ്ങളിൽ വളയം ഗവ. ആശുപത്രിയിൽ രാവിലെ 9 മണി മുതൽ പകൽ 2 മണിവരെയാണ് ഒപി പ്രവർത്തിക്കേണ്ടതെന്നും ഉച്ചയ്ക്ക് ഒരു മണി വരെ എത്തുന്നവർക്ക് ഒപി ശീട്ട് നൽകണം എന്നതാണ് ചട്ടം.

എന്നാൽ ഇന്ന് പകൽ 12ന് ശേഷം ഒപി ടിക്കറ്റ് കൊടുക്കേണ്ടെന്ന് ഡോക്ടർ നിർദ്ദേശിച്ചെന്നും ഇതേ തുടർന്ന് കൗണ്ടർ അടച്ച് ജീവനക്കാർ പോയി എന്നുമാണ് രോഗികൾ പറയുന്നത്. ഡോകർ പറഞ്ഞാൽ ശീട്ട് നൽകാമെന്നാണ് മറ്റ് ജീവനക്കാർ പറയുന്നത്.

കാലികൊളുമ്പ് , ചുഴലി , വാണിമേൽ ഉൾപ്പെടെ മലയോര മേഖലയിൽ നിന്ന് കിലോമീറ്റർ യാത്ര ചെയ്ത് എത്തിയ രോഗികളോട് നിങ്ങൾ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് പോകാൻ ഡോക്ടർ ആവശ്യപ്പെട്ടതായും പറയുന്നു.

ഒരു മണിക്ക് മുമ്പ് എത്തിയ പത്ത് പേർക്കാണ് ശീട്ട് നൽകാത്തത്. ഒരു മണിക്ക് ശേഷം ആരും ആശുപത്രിയിൽ വന്നില്ലെന്നും രോഗികൾ പറയുന്നു. പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്താൻ മെഡിക്കൽ ഓഫീസറെ ട്രൂവിഷൻ ന്യൂസിൽ നിന്ന് വിളിച്ചപ്പോൾ ഒരു മണി വരെ നിർബന്ധമായും രോഗികൾക്ക് നൽകണമെന്ന നിർദ്ദേശം നൽകുമെന്ന് മറുപടി നൽകി. എന്നാൽ ഒന്നര മണിയായിട്ടും നേരത്തെ എത്തിയ രോഗികൾക്ക് ചികിത്സ നിഷേധിച്ച കാര്യം അറിയിക്കാൻ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

250 രോഗികൾക്ക് ശീട്ട് നൽകിയതായും പരിശോധിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് ശീട്ട് നൽകാത്തത് എന്നുമാണ് ഡ്യൂട്ടി ഡോക്ടറുടെ വിശദീകരണം. സമയം ഉണ്ടെങ്കിൽ ബാക്കിയുള്ളവരെ ചികിത്സിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 9 മണി മുതൽ 2 മണി വരെ ഡ്യൂട്ടി ചെയ്യേണ്ട ഡോക്ടർമാരിൽ പലരും പത്ത് മണിയോട് അടുത്ത് മാത്രമേ വരാറുളളൂവെന്ന ആരോപണവും രോഗികൾ ഉയർത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362936/content-highlights-opd-closed-patients-allege-doctor-denied-treatment-at-nadapuram-valayam-family-health-center-)