---
title: "നാവിൻതുമ്പിൽ അലിഞ്ഞിറങ്ങും മധുരം; എണ്ണയിൽ മൊരിഞ്ഞ മലബാർ സ്പെഷ്യൽ 'കൈവീശിയപ്പം'!"
english_title: "Crispy Malabar Special Kaiveeshiyappam Fried to Perfection"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362934/crispy-malabar-special-kaiveeshiyappam-fried-to-perfection"
published_at: "2026-05-31T13:41:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1beea91a5fe_kayy.jpg"
keywords: ["Cookery", "Kaiveeshiyappam", "Malabar Special"]
---

# നാവിൻതുമ്പിൽ അലിഞ്ഞിറങ്ങും മധുരം; എണ്ണയിൽ മൊരിഞ്ഞ മലബാർ സ്പെഷ്യൽ 'കൈവീശിയപ്പം'!

> **Lead Summary:** **[**മലബാറിന്റെ മണ്ണും മനസ്സും എപ്പോഴും സമ്പന്നമാകുന്നത് അവിടുത്തെ വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളിലൂടെയാണ്. പ്രത്യേകിച്ച് കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലെ കല്യാണ സൽക്കാരങ്ങളും പെരുന്നാൾ രാവുകളും പലഹാരങ്ങളുടെ വലിയൊരു പൂരം തന്നെയാണ് സമ്മാനിക്കാറുള്ളത്.

## Article Content

**[**മലബാറിന്റെ മണ്ണും മനസ്സും എപ്പോഴും സമ്പന്നമാകുന്നത് അവിടുത്തെ വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളിലൂടെയാണ്. പ്രത്യേകിച്ച് കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലെ കല്യാണ സൽക്കാരങ്ങളും പെരുന്നാൾ രാവുകളും പലഹാരങ്ങളുടെ വലിയൊരു പൂരം തന്നെയാണ് സമ്മാനിക്കാറുള്ളത്.

മുട്ടമാലയും ഉന്നക്കായയും കിണ്ണത്തപ്പവുമൊക്കെ മലബാറിന് പുറത്ത് ഏറെ പ്രശസ്തമാണെങ്കിലും, അധികമാരും അറിയാത്ത എന്നാൽ കഴിച്ചവർക്കൊന്നും മറക്കാൻ പറ്റാത്ത ഒരു പരമ്പരാഗത മലബാർ വിഭവമുണ്ട് അതാണ് 'കൈവീശൽ' (ചിലയിടങ്ങളിൽ കൈവീശിയപ്പം എന്നും പറയും).

കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്ന ഒരു പേരാണ് കൈവീശിൽ. ഇത് ഉണ്ടാക്കുന്ന രീതിയിൽ നിന്നാണ് ഈ പേര് വന്നത്. മൈദയും മുട്ടയും ചേർത്ത ലായനി, നല്ല ചൂടായ പാനിലേക്ക് കൈവിരലുകൾ കൊണ്ട് പ്രത്യേക രീതിയിൽ വട്ടത്തിൽ 'വീശി വീശി' നേർത്ത നൂൽ രൂപത്തിൽ ഒഴിച്ചാണ് ഇത് ചുട്ടെടുക്കുന്നത്.

ഇന്ന് വിപണിയിൽ ഇതിനായി പ്രത്യേക അച്ചുകളും കവറുകളും ലഭ്യമാണെങ്കിലും, പഴയകാലത്തെ ഉമ്മമാരും ഇത്താത്തമാരും തങ്ങളുടെ കൈവിരലുകളുടെ വേഗതയേറിയ ചലനത്തിലൂടെ പാനിൽ വിസ്മയം തീർത്തിരുന്ന ആ പഴയ രീതിയിലാണ് ഇതിന്റെ യഥാർത്ഥ ഭംഗിയും രുചിയും ഒളിഞ്ഞിരിക്കുന്നത്.

**ആവശ്യമായ സാധനങ്ങൾ:**

മൈദ – ¾ മുതൽ 1 കപ്പ്‌വരെ

മുട്ട – 3 എണ്ണം

പഞ്ചസാര – ¼ കപ്പ് (നിങ്ങളുടെ മധുരത്തിനനുസരിച്ച് മാറ്റം വരുത്താം)

ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

ഉപ്പ് – ഒരു നുള്ള്

വെളിച്ചെണ്ണ അല്ലെങ്കിൽ ഓയിൽ – വറുക്കാൻ ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം:**

ഇതിനായി ആദ്യം ഒരു പാത്രത്തിൽ മുട്ട, പഞ്ചസാര, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുത്ത ശേഷം, അതിലേക്ക് മൈദയും ഏലയ്ക്കാപ്പൊടിയും ചേർത്ത് കട്ടകളില്ലാതെ യോജിപ്പിക്കണം.

ഇതിൽ പ്രത്യേകം വെള്ളം ചേർക്കേണ്ടതില്ല. മാവിന്റെ പരുവം ദോശമാവിനേക്കാൾ അല്പം കൂടി ലൂസ് ആയ പാകത്തിലായിരിക്കണം. തുടർന്ന്, തയ്യാറാക്കിയ മാവ് ഒരു പ്ലാസ്റ്റിക് കുപ്പിയിലോ, കെച്ചപ്പ് കുപ്പിയിലോ അല്ലെങ്കിൽ സുഷിരമിട്ട ചിരട്ടയിലോ നിറച്ച്, ചീനച്ചട്ടിയിൽ നന്നായി ചൂടായ എണ്ണയിലേക്ക് വട്ടത്തിൽ കൈവീശി ഒഴിക്കുകയാണ് ചെയ്യുന്നത്.

ചെറിയ തീയിൽ രണ്ട് വശവും ലൈറ്റ് ഗോൾഡൻ നിറമാകുന്നതുവരെ പാകം ചെയ്ത് കോരിയെടുത്താൽ, പുറംഭാഗം നല്ല മൊരിഞ്ഞതും ഉൾഭാഗം അതീവ മൃദുവായതുമായ നാടൻ കൈവീശിയപ്പം ചായക്കൊപ്പം കഴിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362934/crispy-malabar-special-kaiveeshiyappam-fried-to-perfection)