---
title: "'ബാത്ത്റൂമിൽ വലിച്ചിഴച്ച് ക്ലോസറ്റിലിടിച്ചു, വിഷം നൽകി ഫാനിൽ തൂക്കാൻ നോക്കി'; അഷ്‌കറിൽ നിന്ന് ആദ്യ ഭാര്യ നേരിട്ടത് കൊടിയ പീഡനം"
english_title: " First wife faces severe torture from Ashkar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362933/first-wife-faces-severe-torture-from-ashkar"
published_at: "2026-05-31T13:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1beca71d78a_GDFDH.jpg"
keywords: ["LATEST NEWS", "BABY BOY MURDER", "ASHKAR"]
---

# 'ബാത്ത്റൂമിൽ വലിച്ചിഴച്ച് ക്ലോസറ്റിലിടിച്ചു, വിഷം നൽകി ഫാനിൽ തൂക്കാൻ നോക്കി'; അഷ്‌കറിൽ നിന്ന് ആദ്യ ഭാര്യ നേരിട്ടത് കൊടിയ പീഡനം

> **Lead Summary:** തിരുവനന്തപുരം: **[** നെടുമങ്ങാട് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഷ്കർ ക്രൂരനായ ക്രിമിനലെന്ന് തെളിവുകൾ. ഇയാളുടെ ആദ്യ ഭാര്യയായ ആമിനയെ വധിക്കാൻ ശ്രമിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അഷ്കറിന്റെയും വീട്ടുകാരുടെയും ക്രൂരമായ മർദ്ദനത്തെത്തുടർന്ന് പതിനെട്ടാം വയസ്സിൽ കോമയിലായ ആമിന കഴിഞ്ഞ രണ്ടു വർഷമായി മരണശയ്യയിലാണ്. ആമിനയുടെ മാതാവ് ഷൈലയാണ് അഷ്കറിന്റെ ക്രൂരതകൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

## Article Content

തിരുവനന്തപുരം: **[** നെടുമങ്ങാട് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഷ്കർ ക്രൂരനായ ക്രിമിനലെന്ന് തെളിവുകൾ. ഇയാളുടെ ആദ്യ ഭാര്യയായ ആമിനയെ വധിക്കാൻ ശ്രമിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അഷ്കറിന്റെയും വീട്ടുകാരുടെയും ക്രൂരമായ മർദ്ദനത്തെത്തുടർന്ന് പതിനെട്ടാം വയസ്സിൽ കോമയിലായ ആമിന കഴിഞ്ഞ രണ്ടു വർഷമായി മരണശയ്യയിലാണ്. ആമിനയുടെ മാതാവ് ഷൈലയാണ് അഷ്കറിന്റെ ക്രൂരതകൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

പ്ലസ്ടു പഠനത്തിന് ശേഷം ഡിഗ്രിക്ക് ചേർക്കാൻ ഇരിക്കെയാണ് അഷ്കർ ആമിനയെ വിളിച്ചിറക്കിക്കൊണ്ടുപോയത്. പിന്നീട് വീട്ടുകാർ നിക്കാഹ് നടത്തിക്കൊടുത്തു. എന്നാൽ, വിവാഹശേഷമുണ്ടായ ക്രൂര പീഡനങ്ങളെക്കുറിച്ച് മാതാവ് പറയുന്നത് ഇങ്ങനെ:

> "അഷ്കറും അവന്റെ ഉമ്മയും സഹോദരിയും ചേർന്ന് മകളെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചു. തല ഭിത്തിയിലിടിപ്പിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്യുമായിരുന്നു. ഒരിക്കൽ വീട്ടിൽ പോകണമെന്ന് പറഞ്ഞതിന് മകളെ ബാത്ത്റൂമിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്ലോസറ്റിൽ തലയിടിപ്പിച്ചു. നിർബന്ധിച്ച് വിഷം കഴിപ്പിച്ച ശേഷം അബോധാവസ്ഥയിലായ മകളെ ഫാനിൽ കെട്ടിത്തൂക്കാനും അഷ്കർ ശ്രമിച്ചു."

2024-ലെ ചെറിയ പെരുന്നാൾ ദിവസമാണ് ആമിനയെ അബോധാവസ്ഥയിലും മൂക്കിൽ നിന്ന് ചോരയൊലിക്കുന്ന നിലയിലും പിതാവ് അഷ്കറിന്റെ വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ച് ട്യൂമറായതിനെത്തുടർന്ന് 13 മാസത്തോളം ആമിന കോമയിലായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഇതുവരെ സംസാരിക്കാനോ നടക്കാനോ കഴിഞ്ഞിട്ടില്ല. ടാക്സി ഡ്രൈവറായ അഷ്കറിന് നർത്തകിമാരുമായാണ് കൂട്ടെന്നും ആമിന ആശുപത്രിയിലായിരുന്നപ്പോൾ ഇവരിൽ ഒരാൾ വന്നിരുന്നതായും മാതാവ് പറഞ്ഞു.

അഷ്കറിന്റെ മർദ്ദനത്തിനെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആറോളം തവണ പരാതി നൽകിയിട്ടും പോലീസ് അഷ്കറിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് ആമിനയുടെ മാതാവ് ആരോപിച്ചു. തങ്ങൾ അഷ്കറിന് നൽകിയ 50,000 രൂപ മകളുടെ ചികിത്സാ ആവശ്യത്തിനായി തിരികെ ചോദിച്ചപ്പോൾ, ആശുപത്രിയിൽ വെച്ച് തന്നെയും നിലത്തിട്ട് ചവിട്ടിയതായി മാതാവ് വ്യക്തമാക്കി. ആമിനയുടെ പിതാവും രോഗബാധിതനായതിനാൽ നാട്ടുകാരുടെ സഹായത്തോടെയാണ് ഈ കുടുംബം ഇപ്പോൾ മുന്നോട്ടുപോകുന്നത്. അഷ്കറുമായുള്ള വിവാഹബന്ധം നിയമപരമായി ഇതുവരെ വേർപെടുത്തിയിട്ടുമില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362933/first-wife-faces-severe-torture-from-ashkar)