---
title: "വീട്ടിലേക്ക് ആരെങ്കിലും വരുന്നത് പോലും ഇഷ്ടമല്ല, കുട്ടിയുടെ കരച്ചിൽ പുറത്തേക്ക് കേൾക്കാതിരിക്കാൻ അവൻ എന്തെങ്കിലും ചെയ്തുകാണും -ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ നാട്ടുകാർ"
english_title: " Content Highlights:- The locals of Karikuzhi, Panavoor, are shocked by the brutal murder of a one and a half year old boy in Nedumangad."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362906/content-highlights-the-locals-of-karikuzhi-panavoor-are-shocked-by-the-brutal-murder-of-a-one-and-a-half-year-old-boy-in-nedumangad"
published_at: "2026-05-31T11:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bd4cbbe7ed_nadumangad_child_murder.jpg"
keywords: ["Latest News", "Ndumangad Child Murder", "Murder Case"]
---

# വീട്ടിലേക്ക് ആരെങ്കിലും വരുന്നത് പോലും ഇഷ്ടമല്ല, കുട്ടിയുടെ കരച്ചിൽ പുറത്തേക്ക് കേൾക്കാതിരിക്കാൻ അവൻ എന്തെങ്കിലും ചെയ്തുകാണും -ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ നാട്ടുകാർ

> **Lead Summary:** **തിരുവനന്തപുരം: **നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമർദ്ദനമേറ്റ് കൊലപ്പെട്ട സംഭവത്തിൽ നടുക്കത്തോടെ പനവൂർ കരിക്കുഴിയിലെ നാട്ടുകാർ.

## Article Content

**തിരുവനന്തപുരം: **നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമർദ്ദനമേറ്റ് കൊലപ്പെട്ട സംഭവത്തിൽ നടുക്കത്തോടെ പനവൂർ കരിക്കുഴിയിലെ നാട്ടുകാർ.

സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മ അഖിലയ്ക്കും പങ്കാളി അഷ്കറിനും നാട്ടുകാരുമായി അടുപ്പമുണ്ടായിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു. വീട്ടിൽ നടക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ലായിരുന്നുവെന്നും വീട്ടിലേക്ക് ആരെങ്കിലും വരുന്നത് പോലും അഷ്കറിന് ഇഷ്ടമില്ലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

വീട്ടിൽ നടക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ലായിരുന്നുവെന്ന് സമീപവാസി പറഞ്ഞു. അഷ്കറിന് ആരുമായും സഹകരണമില്ല. വീട്ടിലേക്ക് ആരെങ്കിലും വരുന്നത് പോലും അവന് ഇഷ്ടമല്ല.

ബന്ധുക്കൾ വരുമ്പോൾ പോലും എതിർത്തിരുന്നതായാണ് അറിയാൻ കഴിഞ്ഞത്. കുട്ടിയുടെ കരച്ചിൽ പുറത്തേക്ക് കേൾക്കാതിരിക്കാൻ അവൻ എന്തെങ്കിലും ചെയ്തുകാണും. കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റത് അഷ്കറിൻ്റെ ഉപദ്രവത്തെ തുടർന്നായിരിക്കാമെന്നും സമീപവാസി പറഞ്ഞു.

അഖിലയും ആരുമായും സംസാരിക്കാറില്ലെന്ന് സമീപവാസിയായ മറ്റൊരാൾ പറഞ്ഞു. സുഹൃത്തുക്കളൊക്കെ വരാറും പോകാറുമുണ്ട്. അയൽക്കാരുമായി കുട്ടി അടുക്കുന്നതു കണ്ടാൽ അപ്പോൾ തന്നെ അഷ്കർ മാറ്റിക്കളയും.

വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ ആണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലൻസ് വന്നയുടൻ അഷ്കർ കുട്ടിയുമായി പെട്ടെന്ന് പോകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362906/content-highlights-the-locals-of-karikuzhi-panavoor-are-shocked-by-the-brutal-murder-of-a-one-and-a-half-year-old-boy-in-nedumangad)