---
title: "നേരറിയാൻ സിബിഐ; നവീൻ ബാബുവിൻ്റെ മരണം; കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ ഉത്തരവ് ഉടൻ"
english_title: " Content Highlights:- CBI Government order to hand over Naveen Babu's death case to CBI soon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362877/content-highlights-cbi-government-order-to-hand-over-naveen-babus-death-case-to-cbi-soon-new"
published_at: "2026-05-31T10:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bbc6d342b1_naveen_babu.jpg"
keywords: ["CBI", "Government", "Naveen Babu", "Naveen Babu's death", "Former ADM of Kannur", "P.P. Divya"]
---

# നേരറിയാൻ സിബിഐ; നവീൻ ബാബുവിൻ്റെ മരണം; കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ ഉത്തരവ് ഉടൻ

> **Lead Summary:** **തിരുവനന്തപുരം : ** കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ബ്യൂറോയ്ക്ക് (സിബിഐ) കൈമാറാൻ സംസ്ഥാന സർക്കാർ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുന്നു.

## Article Content

**തിരുവനന്തപുരം : ** കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ബ്യൂറോയ്ക്ക് (സിബിഐ) കൈമാറാൻ സംസ്ഥാന സർക്കാർ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുന്നു.

നിലവിലെ അന്വേഷണ പുരോഗതിയിൽ കുടുംബം തുടർച്ചയായി അതൃപ്തി രേഖപ്പെടുത്തുകയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നിർണായക നീക്കം.

കേസിൽ കൃത്യമായ നിഷ്പക്ഷത ഉറപ്പാക്കാനും മരണത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാനും കേന്ദ്ര ഏജൻസിയുടെ അന്വേഷണം തന്നെയാണ് ഉചിതമെന്ന വിലയിരുത്തലിലാണ് ആഭ്യന്തര വകുപ്പ് ഈ തീരുമാനത്തിലേക്ക് എത്തിയത്.

വി.ഡി സതീശൻ സർക്കാർ സിബിഐക്ക് വിടുന്ന ആദ്യ കേസാണിത്. പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി.പി ദിവ്യയാണ് ഏകപ്രതി. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി കുടുംബം നൽകിയ ഹരജിയിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹരജി ഭാഗികമായി അംഗീകരിച്ച കോടതി, അന്വേഷണ സംഘം വിട്ടുകളഞ്ഞ നിർണായക ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടു.

അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നും പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയിൽ വാദിച്ചിരുന്നു. പി.പി ദിവ്യയുടെ ഫോൺ കോൾ ലിസ്റ്റ് ഉൾപ്പെടെയുള്ളവ കുറ്റപത്രത്തിനൊപ്പം ഹാജരാക്കാത്തത് ഗൂഢാലോചന മറച്ചുവെക്കാനാണെന്നും കുടുംബം ആരോപിച്ചു. ഈ വാദങ്ങൾ മുഖവിലക്കെടുത്താണ് കോടതിയുടെ പുതിയ നടപടി.

2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറി പോകാനിരുന്ന അദ്ദേഹത്തിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ, അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അതിക്രമിച്ചു കയറി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362877/content-highlights-cbi-government-order-to-hand-over-naveen-babus-death-case-to-cbi-soon-new)