---
title: "നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം: പ്രതി അഷ്കറിന്റെ വാഹനം അജ്ഞാത സംഘം അടിച്ച് തകർത്തു"
english_title: "Murder of a one and a half year old boy in Nedumangad; Unknown group vandalizes accused Ashkar's vehicle"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362863/murder-of-a-one-and-a-half-year-old-boy-in-nedumangad-unknown-group-vandalizes-accused-ashkars-vehicle"
published_at: "2026-05-31T09:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bb63eeeca3_TRYRTUY.jpg"
keywords: ["LATEST NEWS", "NEDUMANGAD", "MURDER"]
---

# നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം: പ്രതി അഷ്കറിന്റെ വാഹനം അജ്ഞാത സംഘം അടിച്ച് തകർത്തു

> **Lead Summary:** തിരുവനന്തപുരം:**[ ** നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് കൊല്ലപ്പെട്ട സംഭവത്തിൽ, മുഖ്യപ്രതി അഷ്കറിന്റെ വാഹനം അജ്ഞാത സംഘം അടിച്ച് തകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. പനവൂരിലെ വാടകവീടിന് മുന്നിലെ റോഡിൽ പാർക്ക് ചെയ്തിരുന്ന അഷ്കറിന്റെ ടാക്സി വാഹനമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തകർത്തത്.

## Article Content

തിരുവനന്തപുരം:**[ ** നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് കൊല്ലപ്പെട്ട സംഭവത്തിൽ, മുഖ്യപ്രതി അഷ്കറിന്റെ വാഹനം അജ്ഞാത സംഘം അടിച്ച് തകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. പനവൂരിലെ വാടകവീടിന് മുന്നിലെ റോഡിൽ പാർക്ക് ചെയ്തിരുന്ന അഷ്കറിന്റെ ടാക്സി വാഹനമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തകർത്തത്.

ആറ് മാസം മുൻപാണ് ടാക്സി തൊഴിലാളിയായ അഷ്കർ പനവൂരിലെ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. രണ്ട് മാസം മുൻപാണ് അമ്മ അഖിലയും കുഞ്ഞും ഇവിടേക്ക് മാറുന്നത്. നാട്ടുകാരുമായി അധികം സഹകരിക്കാത്ത പ്രകൃതക്കാരായിരുന്നു ഇരുവരും. വിജനമായ ഈ പ്രദേശം കുഞ്ഞിനെ പീഡിപ്പിക്കാൻ വേണ്ടി തന്നെ തിരഞ്ഞെടുത്തതാണോ എന്ന് നാട്ടുകാർ സംശയിക്കുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അഷ്കർ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവ ദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും, കരച്ചിൽ നിർത്താത്തതിനാൽ തലയിൽ ശക്തമായി അടിച്ചെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അടിയേറ്റതോടെ കുഞ്ഞിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. ചോറ് കഴിക്കുന്നതിനിടെ ഛർദ്ദിച്ചെന്ന് പറഞ്ഞാണ് അഷ്കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. പ്രതിയുടെ മൊഴിയുടെയും പരിക്കുകളുടെയും അടിസ്ഥാനത്തിൽ, ഇയാൾ ദീർഘനാളായി കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൊലപാതകത്തിൽ അമ്മ അഖിലയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുഞ്ഞ് അർഷിദ് നേരിട്ടത് അതിക്രൂരമായ പീഡനങ്ങളാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകളുണ്ടായിരുന്നു. ഇവയിൽ പലതും പഴയതാണ്. കുഞ്ഞിന്റെ കൈയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. കൂടാതെ ജനനേന്ദ്രിയത്തിൽ പരിക്കും, കൈകാലുകളിലും മുതുകിലും പൊള്ളലേറ്റ അടയാളങ്ങളുമുണ്ട്. തലയ്ക്ക് പിന്നിലേറ്റ ശക്തമായ ക്ഷതവും ആന്തരികാവയവങ്ങൾക്കേറ്റ പരിക്കുമാണ് മരണ കാരണം. അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിൽ പോയ സമയത്തായിരുന്നു ഈ ക്രൂരത നടന്നത്.

ചുള്ളിമാനൂർ സ്വദേശിയായ അഖിലായിരുന്നു അഖിലയുടെ ആദ്യ ഭർത്താവ്. രണ്ട് വർഷം മുൻപ് അഖിൽ മരണപ്പെടുമ്പോൾ അഖില ഗർഭിണിയായിരുന്നു. കുഞ്ഞ് ജനിച്ച ശേഷം ഭർതൃവീട്ടുകാരുമായി അകന്ന അഖില പിന്നീട് മാറിത്താമസിക്കുകയും, ഇതിനിടെ അഷ്കറിനെ പരിചയപ്പെട്ട് ഒപ്പം താമസം തുടങ്ങുകയുമായിരുന്നു.

ആദ്യം കുഞ്ഞിനെ സ്വന്തം അമ്മയായ റീനയെയാണ് അഖില ഏൽപ്പിച്ചത്. എന്നാൽ ജോലിത്തിരക്ക് കാരണം റീനയ്ക്ക് കുഞ്ഞിനെ നോക്കാൻ കഴിഞ്ഞില്ല. ഇതേച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ റീന കുഞ്ഞതുമായി നെടുമങ്ങാട് പൊലീസിലെത്തി പരാതി നൽകിയതോടെയാണ് പൊലീസ് കുഞ്ഞിനെ അഖിലയെ ഏൽപ്പിക്കുന്നത്.

തുടർന്ന് കുഞ്ഞിന് മർദ്ദനമേൽക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നെങ്കിലും ആരും പ്രതികരിച്ചില്ല. രണ്ടാഴ്ച മുൻപ് കുഞ്ഞിന്റെ കൈ ഒടിഞ്ഞ വിവരമറിഞ്ഞ് അഖിലിന്റെ പിതാവ് സുനിൽ പൊലീസിൽ പരാതി നൽകിയിരുന്നു. കുഞ്ഞിനെ തങ്ങൾക്ക് വിട്ടുനൽകണമെന്ന് അഖിലിന്റെ കുടുംബം ആവശ്യപ്പെടുകയും, പൊലീസിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ കുഞ്ഞിനെ വിട്ടുകൊടുക്കാൻ തീരുമാനമാവുകയും ചെയ്തു. എന്നാൽ ഈ കൈമാറ്റം നടക്കുന്നതിനിടയിലാണ് കുഞ്ഞ് ക്രൂരമായി കൊല്ലപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362863/murder-of-a-one-and-a-half-year-old-boy-in-nedumangad-unknown-group-vandalizes-accused-ashkars-vehicle)