---
title: "രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ജനറല്‍ എന്‍.എസ്. രാജാ സുബ്രഹ്മണി ചുമതലയേറ്റു"
english_title: "India's new Joint Chiefs of Staff General NS Raja Subrahmanyam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362862/India's-new-Joint-Chiefs-of-Staff-General-NS-Raja-Subrahmanyam"
published_at: "2026-05-31T09:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bb61ed5646_ARMY_CHIEF.jpg"
keywords: ["Latest News", "Delhi", "Army chief", "N.S. Raja Subrahmanyam"]
---

# രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ജനറല്‍ എന്‍.എസ്. രാജാ സുബ്രഹ്മണി ചുമതലയേറ്റു

> **Lead Summary:** **ദില്ലി: [**[ ] രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി (സിഡിഎസ്) ജനറല്‍ എന്‍.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു. ചുമതലയേൽക്കുന്നതിന് മുന്നോടിയായി ദേശീയ യുദ്ധ സ്മാരകത്തിലെത്തി അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.

## Article Content

**ദില്ലി: [**[ ] രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി (സിഡിഎസ്) ജനറല്‍ എന്‍.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു. ചുമതലയേൽക്കുന്നതിന് മുന്നോടിയായി ദേശീയ യുദ്ധ സ്മാരകത്തിലെത്തി അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.

തുടര്‍ന്ന് സൗത്ത് ബ്ലോക്കിൽ അദ്ദേഹത്തിന് ആചാരപരമായ വരവേൽപ്പും ഗാർഡ് ഓഫ് ഓണറും നൽകി. ഇന്നലെ ജനറൽ അനിൽ ചൗഹാൻ വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം.

ദക്ഷിണേന്ത്യയിൽ നിന്ന് സംയുക്ത സൈനിക മേധാവിസ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയെന്ന സവിശേഷതയും ജനറല്‍ എന്‍.എസ്. രാജാ സുബ്രഹ്മണിക്കുണ്ട്. രാജ്യസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തിയേറ്റർ കമാൻഡ് അടക്കമുള്ള വിപ്ലവകരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ നടപടികൾ തുടരുന്നതിനിടയിലാണ് ഈ നിർണായക നിയമനം നടന്നിരിക്കുന്നത്.

ഇന്ത്യൻ സൈന്യത്തിൽ 37 വർഷത്തിലേറെ നീണ്ട സമാനതകളില്ലാത്ത സേവന പാരമ്പര്യമുള്ള വ്യക്തിയാണ് ജനറൽ രാജാ സുബ്രഹ്മണി. 2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ മിലിട്ടറി അഡ്വൈസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.

ഇതിനു മുൻപ് 2024 ജൂലൈ 1 മുതല്‍ 2025 ജൂലൈ 31 വരെ കരസേനാ ഉപമേധാവിയായും, 2023 മാര്‍ച്ച് മുതല്‍ 2024 ജൂണ്‍ വരെ സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ആയും അദ്ദേഹം മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്.

1985 ഡിസംബറില്‍ ഗര്‍വാള്‍ റൈഫിള്‍സിലൂടെയാണ് അദ്ദേഹം തന്റെ സൈനിക സേവനത്തിന് തുടക്കമിട്ടത്. സൈനിക ചരിത്രത്തിലെ നിർണായക ദൗത്യമായിരുന്ന ഓപ്പറേഷൻ സിന്ദൂരിലടക്കം പങ്കാളിയായി ഭാരതത്തിന്റെ അതിർത്തി രക്ഷിക്കുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362862/India's-new-Joint-Chiefs-of-Staff-General-NS-Raja-Subrahmanyam)