---
title: "കിരീടം നിലനിർത്താൻ ആർസിബി, പകരം വീട്ടാൻ ടൈറ്റൻസ്; അഹമ്മദാബാദിൽ ഇന്ന് ഐപിൽ ഫൈനൽ "
english_title: "IPL final today in Ahmedabad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362861/ipl-final-today-in-ahmedabad"
published_at: "2026-05-31T09:28:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bb2fba78d0_ipl_final.jpg"
keywords: ["Latest News", "Sports", "IPL", "Gujrat Titans", "Royal Challengers Bangalore", "Final"]
---

# കിരീടം നിലനിർത്താൻ ആർസിബി, പകരം വീട്ടാൻ ടൈറ്റൻസ്; അഹമ്മദാബാദിൽ ഇന്ന് ഐപിൽ ഫൈനൽ 

> **Lead Summary:** **അഹമ്മദാബാദ്: [** അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30ന് നടക്കുന്ന ഐപിഎൽ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.

## Article Content

**അഹമ്മദാബാദ്: [** അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30ന് നടക്കുന്ന ഐപിഎൽ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.

ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് തലമുറകളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മത്സരത്തിൽ, പ്രതിസന്ധികളിൽ തളരാത്ത വിരാട് കോലിയുടെ ആർസിബിയും നിർഭയം ബാറ്റുവീശുന്ന ശുഭ്മൻ ഗില്ലിന്റെ ഗുജറാത്തും തമ്മിലാണ് പ്രധാന പോര്. ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാർ തന്നെ ഫൈനലിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഫൈനലിലെ കടുത്ത സമ്മർദത്തിലും കിങ് കോലി തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വെങ്കടേഷ് അയ്യർ, ദേവ്ദത്ത് പടിക്കൽ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ എന്നിവർക്കൊപ്പം ക്യാപ്റ്റൻ രജത് പാടിദാർ കൂടി ചേരുന്നതോടെ ആർസിബിയുടെ ബാറ്റിങ് നിര ശക്തമാണ്.

എന്നാൽ, സീസണിലാകെ 46 വിക്കറ്റുകൾ പിഴുത സിറാജ്-റബാഡ സഖ്യത്തിന്റെ ഓപ്പണിങ് സ്പെല്ലിലൂടെ ആർസിബിയെ തുടക്കത്തിലേ പൂട്ടാമെന്നാണ് ഗുജറാത്തിന്റെ കണക്കുകൂട്ടൽ. കൂടാതെ ജേസൺ ഹോൾഡർ, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാൻ എന്നിവരടങ്ങുന്ന ബൗളിങ് നിര ആർസിബിക്ക് വലിയ വെല്ലുവിളി ഉയർത്തും.

മറുഭാഗത്ത്, സെഞ്ച്വറി കൂട്ടുകെട്ടുകൾ ശീലമാക്കിയ ഗില്ലും സായ് സുദർശനും അടങ്ങുന്ന ഓപ്പണിങ് സഖ്യമാണ് ഗുജറാത്തിന്റെ കരുത്ത്. ഈ സഖ്യത്തെ വീഴ്ത്താൻ ഭുവനേശ്വർ കുമാറിന്റെ സ്വിങ് ബോളുകൾക്കായാൽ ആർസിബിക്ക് വിജയം എളുപ്പമാകും.

ഹേസൽവുഡും ഡഫിയും കൂടി ചേരുന്നതോടെ ഗുജറാത്തിന്റെ ബാറ്റിങ് വേഗത കുറയ്ക്കാനാകുമെന്നാണ് ബെംഗളൂരുവിന്റെ പ്രതീക്ഷ. ഈ സീസണിലെ ലീഗ് ഘട്ടത്തിൽ ഇരു ടീമുകളും രണ്ടുതവണ ഏറ്റുമുട്ടിയപ്പോൾ ഓരോ ജയം വീതം പങ്കുവെച്ചിരുന്നു.

എന്നാൽ ആദ്യ ക്വാളിഫയറിൽ 33 പന്തിൽ 93 റൺസ് അടിച്ചുകൂട്ടിയ ക്യാപ്റ്റൻ രജത് പാടിദാറിന്റെ വൺമാൻ ഷോയുടെ കരുത്തിലാണ് ആർസിബി ഗുജറാത്തിനെ കീഴ്പ്പെടുത്തിയത്. സ്വന്തം തടങ്കൽക്കോട്ടയായ അഹമ്മദാബാദിൽ കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ച ചരിത്രമുള്ള ഗുജറാത്ത് വലിയ ആത്മവിശ്വാസത്തിലാണ്.

ബാറ്റിങ്ങിനെ അങ്ങേയറ്റം തുണയ്ക്കുന്ന പിച്ചിൽ സ്കോർ 200 കടക്കുമെന്നാണ് വിലയിരുത്തൽ. ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ 9 മത്സരങ്ങളിൽ അഞ്ചിലും ഗുജറാത്ത് ജയിച്ചപ്പോൾ നാലെണ്ണത്തിലാണ് ആർസിബിക്ക് ജയിക്കാനായത്.

കപ്പ് അഹമ്മദാബാദിൽ തന്നെ നിലനിർത്താൻ ടൈറ്റൻസും, കിരീടം നിലനിർത്തി ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഫ്രാഞ്ചൈസിയായി മാറാൻ ആർസിബിയും നേർക്കുനേർ വരുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ രാജാവാണോ രാജകുമാരനാണോ വാഴുക എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (സാധ്യതാ ഇലവൻ): ഫിൽ സാൾട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, രജത് പാടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹേസൽവുഡ്, റാസിഖ് സലാം ദാർ.

(ഇംപാക്റ്റ് സബ്സ്: റൊമാരിയോ ഷെപ്പേർഡ്, സുയാഷ് ശർമ്മ, കനിഷ്ക് ചൗഹാൻ, അഭിനന്ദൻ സിംഗ്, വെങ്കിടേഷ് അയ്യർ). ഗുജറാത്ത് ടൈറ്റൻസ് (സാധ്യതാ ഇലവൻ): സായ് സുദർശൻ, ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, നിഷാന്ത് സിന്ധു, രാഹുൽ തെവാട്ടിയ, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, കഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ. (ഇംപാക്റ്റ് സബ്സ്: ഗ്ലെൻ ഫിലിപ്സ്, അനൂജ് റാവത്ത്, കുമാർ കുശാഗ്ര, സായ് കിഷോർ, കുൽവന്ത് ഖെജ്രോലിയ).

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362861/ipl-final-today-in-ahmedabad)