---
title: "'പണം നഷ്ടപ്പെട്ടവരില്‍ ഹൃദ്രോഗികളും'; വടകരയില്‍ വയോധികന്‍ ജീവനൊടുക്കിയ സംഭവം; കടത്തനാട് ലേബര്‍ സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പ് അന്വേഷിക്കും"
english_title: "Police to investigate Kadatha Nadu Labor Society, investment fraud, death of elderly man in Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362853/police-to-investigate-kadatha-nadu-labor-society-investment-fraud-death-of-elderly-man-in-vadakara"
published_at: "2026-05-31T09:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bac4a0df75_vatakara_.jpg"
keywords: ["Police to investigate Kadatha Nadu Labor Society", "investment fraud", "death of elderly man in Vadakara"]
---

# 'പണം നഷ്ടപ്പെട്ടവരില്‍ ഹൃദ്രോഗികളും'; വടകരയില്‍ വയോധികന്‍ ജീവനൊടുക്കിയ സംഭവം; കടത്തനാട് ലേബര്‍ സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പ് അന്വേഷിക്കും

> **Lead Summary:** **കോഴിക്കോട്: ** കടത്തനാട് ലേബര്‍ സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പ് പൊലീസ് അന്വേഷിക്കും. കടത്തനാട് ലേബര്‍ സൊസൈറ്റിക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം. രണ്ടുവര്‍ഷമായി നിക്ഷേപത്തുക മടക്കി നല്‍കുന്നില്ലെന്നാണ് ആരോപണം.

## Article Content

**കോഴിക്കോട്: ** കടത്തനാട് ലേബര്‍ സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പ് പൊലീസ് അന്വേഷിക്കും. കടത്തനാട് ലേബര്‍ സൊസൈറ്റിക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം. രണ്ടുവര്‍ഷമായി നിക്ഷേപത്തുക മടക്കി നല്‍കുന്നില്ലെന്നാണ് ആരോപണം.

തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മടക്കിയെന്നും നിക്ഷേപകര്‍ ആരോപിച്ചു. പണം നഷ്ടപ്പെട്ടവരില്‍ ഹൃദ്രോഗികളുള്‍പ്പെടെ ഉണ്ട്. മണിയൂര്‍ എളമ്പിലാട്ട് സ്വദേശികളായ അഞ്ച് നിക്ഷേപകരാണ് പരാതി നല്‍കിയത്. ഇതില്‍ മൂന്നുപേര്‍ ഹൃദ്രോഗികളാണ്. 85 ലക്ഷം രൂപ സൊസൈറ്റിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. നിക്ഷേപകരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ വടകരയില്‍ നിക്ഷേപത്തട്ടിപ്പിനിരയായി നിക്ഷേപകന്‍ ജീവനൊടുക്കിയതില്‍ കടത്തനാട് ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കും. മരണത്തിന് ഉത്തരവാദി സൊസൈറ്റി മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ സുധീര്‍ കുമാറും പ്രസിഡന്റ് ബഷീറുമാണെന്ന മരിച്ച ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിന് പിന്നാലെ സുധീര്‍ കുമാര്‍ ഒളിവിലാണ്. കടത്തനാട് ലേബർ സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും.

വയോധികന്‍ മരിച്ച സംഭവത്തില്‍ വീഴ്ച്ച സമ്മതിച്ച് കടത്തനാട് ലേബര്‍ സൊസൈറ്റി പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. ഇബ്രാഹിം കുട്ടിയ്ക്ക് പണം നല്‍കാന്‍ സാധിച്ചിട്ടില്ലെന്ന് സൊസൈറ്റി പ്രസിഡന്റ് ബഷീര്‍ അഹമ്മദ് പറഞ്ഞു. ഇബ്രാഹിം പല തവണ നിക്ഷേപത്തുക ആവശ്യപ്പെട്ടിട്ടുണ്ടെന്നും പലിശ മാത്രമാണ് കൊടുക്കാന്‍ കഴിഞ്ഞതെന്നും ബഷീര്‍ അഹമ്മദ് സമ്മതിച്ചു.

സൊസൈറ്റി ഒരുകോടി, 69 ലക്ഷത്തിന്റെ നഷ്ടത്തിലാണെന്നും അതുകൊണ്ടാണ് പണം കൊടുക്കാന്‍ കഴിയാത്തതെന്നും ബഷീര്‍ പറഞ്ഞു. ഒന്നു രണ്ട് മാസം കൊണ്ട് പണം തരാം എന്ന് ഇബ്രാഹിമിനോട് പറഞ്ഞിരുന്നുവെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. 

മെയ് 29-നാണ് വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംകുട്ടി ഹാജി(71)യാണ് ഡിസിസി സെക്രട്ടറി സുധീറിന്റെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. 75 ശതമാനം പൊള്ളലേറ്റ ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362853/police-to-investigate-kadatha-nadu-labor-society-investment-fraud-death-of-elderly-man-in-vadakara)