---
title: "'വിവാഹത്തർക്കങ്ങളിൽ വ്യാജ പോക്സോ പരാതികൾ ആയുധമാക്കുന്നത് ആശങ്കാജനകം' - സുപ്രീംകോടതി"
english_title: "Content Highlights:-Supreme Court Expresses Concern Over False POCSO Cases In Marital Disputes "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362839/content-highlights-supreme-court-expresses-concern-over-false-pocso-cases-in-marital-disputes"
published_at: "2026-05-31T06:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1b8af28e6ab_supreme_court.jpg"
keywords: ["Latest News", "Supreme Court", "Marital Disputes", "POCSO Case"]
---

# 'വിവാഹത്തർക്കങ്ങളിൽ വ്യാജ പോക്സോ പരാതികൾ ആയുധമാക്കുന്നത് ആശങ്കാജനകം' - സുപ്രീംകോടതി

> **Lead Summary:** ന്യൂഡൽഹി: വിവാഹത്തർക്ക കേസുകളിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ വ്യാജ പോക്സോ പരാതികൾ ആയുധമാക്കുന്ന പ്രവണത വർധിച്ചുവരുന്നത് അതീവ ആശങ്കാജനകമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

## Article Content

ന്യൂഡൽഹി: വിവാഹത്തർക്ക കേസുകളിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ വ്യാജ പോക്സോ പരാതികൾ ആയുധമാക്കുന്ന പ്രവണത വർധിച്ചുവരുന്നത് അതീവ ആശങ്കാജനകമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

നിയമത്തെ സ്വന്തം നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് നിരപരാധികളെ കടുത്ത പീഡനങ്ങളിലേക്ക് തള്ളിവിടുകയാണെന്നും, ഇത് ജുഡീഷ്യൽ സംവിധാനത്തിന് മേൽ അനാവശ്യ ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

ഉത്തർപ്രദേശിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഒരു സ്ത്രീ നൽകിയ പത്തിലധികം ക്രിമിനൽ കേസുകൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ബിവി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

14 വയസ്സുള്ള സ്വന്തം മകളെ ഭർത്താവും ഭർതൃസഹോദരനും ചേർന്ന് പീഡിപ്പിച്ചു എന്നതടക്കമുള്ള ഗുരുതരമായ കേസുകളാണ് സ്ത്രീ നൽകിയിരുന്നത്. എന്നാൽ ശാസ്ത്രീയമായ പരിശോധനയിലും അന്വേഷണത്തിലും ഇവയെല്ലാം കെട്ടിച്ചമച്ച വ്യാജ പരാതികളാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയായിരുന്നു.

വിവാഹബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകുമ്പോൾ വ്യക്തിവൈരാഗ്യം തീർക്കാനും ഭർത്താവിനെ സമ്മർദ്ദത്തിലാക്കാനും ക്രിമിനൽ നിയമങ്ങളെ പലരും ആയുധമാക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീധനപീഡനം, ഗാർഹികപീഡനം തുടങ്ങിയ പരാതികളിൽ പലതും കൃത്യമായ തെളിവുകളോ അടിസ്ഥാനമോ ഇല്ലാത്തവയാണ്. സ്വന്തം താൽപ്പര്യങ്ങൾക്കും നേട്ടങ്ങൾക്കുമായി അമ്മമാർ കുട്ടികളെത്തന്നെ ഇത്തരം കേസുകളിൽ നിയമവിരുദ്ധമായി കരുവാക്കുന്ന സ്ഥിതിയുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഇത്തരം വ്യാജ പരാതികളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്ന് കോടതി അഭിഭാഷകരോട് ആവശ്യപ്പെട്ടു. കേസുകൾ കോടതിയിലെത്തിക്കുന്നതിന് മുൻപ് കൂടുതൽ ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും വസ്തുതകൾ പരിശോധിക്കാൻ നിയമജ്ഞർ തയ്യാറാകണമെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362839/content-highlights-supreme-court-expresses-concern-over-false-pocso-cases-in-marital-disputes)