---
title: "പ്രളയത്തിൽ മുങ്ങി, ചെളിയിൽ ഒളിഞ്ഞു; രണ്ടായിരം വർഷങ്ങൾക്ക് ശേഷം ഇറ്റലിയിൽ അപൂർവ ആരാധനാലയം കണ്ടെത്തി"
english_title: "Rare shrine discovered in Italy after 2,000 years"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362791/rare-shrine-discovered-in-italy-after-2000-years"
published_at: "2026-05-30T17:07:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1acc4c3e7fa_Italy_after_2,000_years.jpg"
keywords: ["Latest News", "Archaeology News", "Ancient History", "Archaeological Find"]
---

# പ്രളയത്തിൽ മുങ്ങി, ചെളിയിൽ ഒളിഞ്ഞു; രണ്ടായിരം വർഷങ്ങൾക്ക് ശേഷം ഇറ്റലിയിൽ അപൂർവ ആരാധനാലയം കണ്ടെത്തി

> **Lead Summary:** പഡോവ: ഇറ്റലിയിലെ വെനെറ്റോ മേഖലയിൽ ഹൈവേ നിർമാണത്തിനിടെ കണ്ടെത്തിയ പുരാതന ആരാധനാലയം ചരിത്രവിദഗ്ധരെ അദ്ഭുതപ്പെടുത്തുന്നു. രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ഈ ആരാധനാലയം പുരാതന 'വെനെറ്റി' ജനവിഭാഗത്തിന്റേതാണെന്നാണ് കരുതപ്പെടുന്നത്.

## Article Content

പഡോവ: ഇറ്റലിയിലെ വെനെറ്റോ മേഖലയിൽ ഹൈവേ നിർമാണത്തിനിടെ കണ്ടെത്തിയ പുരാതന ആരാധനാലയം ചരിത്രവിദഗ്ധരെ അദ്ഭുതപ്പെടുത്തുന്നു. രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ഈ ആരാധനാലയം പുരാതന 'വെനെറ്റി' ജനവിഭാഗത്തിന്റേതാണെന്നാണ് കരുതപ്പെടുന്നത്.

റോഡ് നിർമാണത്തിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടയിലാണ് ആദ്യമായി പുരാതന കല്ലുകൾ കണ്ടെത്തിയത്. തുടർന്ന് പുരാവസ്തു വകുപ്പ് നടത്തിയ വിശദമായ ഖനനത്തിൽ ചതുരാകൃതിയിലുള്ള ക്ഷേത്രത്തിന്റെ അടിത്തറയും തൂണുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു.

ലാറ്റിൻ ഭാഷക്ക് പുറമെ, റോമൻ ഭരണത്തിന് മുമ്പ് വടക്കുകിഴക്കൻ ഇറ്റലിയിൽ നിലനിന്നിരുന്ന 'വെനെറ്റിക്' ലിപിയിലുള്ള നിരവധി ശിലാലിഖിതങ്ങൾ ഇവിടെ നിന്ന് ലഭിച്ചു. ഇതിൽ പലതും മതപരമായ ചടങ്ങുകൾക്കും പ്രാർത്ഥനകൾക്കും ഉപയോഗിച്ചിരുന്ന 'വോറ്റീവ്'സ്വഭാവത്തിലുള്ളതാണ്.

ആരാധനാലയം ബി.സി അഞ്ചാം നൂറ്റാണ്ടിലേതാണെങ്കിലും, റോമൻ ഭരണകാലത്തും ഈ സ്ഥലം പ്രധാന ആരാധനാ കേന്ദ്രമായി നിലനിന്നിരുന്നു എന്ന് തെളിവുകൾ വ്യക്തമാക്കുന്നു. ആദിഗെ നദിയിലുണ്ടായ വലിയ പ്രളയത്തെത്തുടർന്ന് ഈ പ്രദേശം ചെളിയിൽ മുങ്ങിപ്പോയെങ്കിലും, അത് നിർമിതികളെ സംരക്ഷിക്കാൻ സഹായിച്ചു.

പുരാവസ്തു വകുപ്പ് അധികൃതരുടെ അഭിപ്രായത്തിൽ, റോമൻ സംസ്കാരം ഇറ്റലിയിൽ വ്യാപിച്ചപ്പോഴും പ്രാദേശിക മതവിശ്വാസങ്ങൾ എങ്ങനെ നിലനിന്നു എന്നതിനെക്കുറിച്ച് ഈ കണ്ടെത്തൽ പുതിയ ഉൾക്കാഴ്ച നൽകുന്നു. റോമൻ കാലഘട്ടത്തിൽ ഈ ആരാധനാലയത്തിൽ മാറ്റങ്ങൾ വരുത്തുകയും പഴയ ശിലകൾ പുതിയ പാത നിർമാണത്തിനായി ഉപയോഗിക്കുകയും ചെയ്തതായി ഖനനത്തിൽ വ്യക്തമായിട്ടുണ്ട്.

നിലവിൽ പുരാവസ്തു ഗവേഷകർ ഈ പ്രദേശത്ത് കൂടുതൽ ഖനനം നടത്തിക്കൊണ്ടിരിക്കുകയാണ്. വടക്കൻ ഇറ്റലിയുടെ ചരിത്രവും മതപരമായ പാരമ്പര്യങ്ങളും മനസ്സിലാക്കാൻ ഈ കണ്ടെത്തൽ ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362791/rare-shrine-discovered-in-italy-after-2000-years)