---
title: "കഠിനമായ തലവേദന അലട്ടുന്നുണ്ടോ? മൈഗ്രേന്റെ ലക്ഷണങ്ങളും പ്രതിരോധ വഴികളും അറിയാം..."
english_title: "Know the symptoms and prevention methods of migraine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362786/know-the-symptoms-and-prevention-methods-of-migraine"
published_at: "2026-05-30T16:53:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1aca30875ca_migran.jpg"
keywords: ["Health", "Migraine Awareness", "Migraine Triggers"]
---

# കഠിനമായ തലവേദന അലട്ടുന്നുണ്ടോ? മൈഗ്രേന്റെ ലക്ഷണങ്ങളും പ്രതിരോധ വഴികളും അറിയാം...

> **Lead Summary:** **[** ലളിതമായ തലവേദനകളിൽ നിന്നും തികച്ചും വ്യത്യസ്തമായ, ഒരു വ്യക്തിയുടെ ദിനചര്യകളെപ്പോലും തകിടം മറിക്കാൻ കെൽപുള്ള കഠിനമായ തലവേദനയാണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്. സാധാരണയായി തലയുടെ ഒരു വശത്തെ മാത്രം ബാധിക്കുന്ന ഈ വേദന മണിക്കൂറുകളോ ചിലപ്പോൾ ദിവസങ്ങളോളമോ നീണ്ടുനിന്നേക്കാം.

## Article Content

**[** ലളിതമായ തലവേദനകളിൽ നിന്നും തികച്ചും വ്യത്യസ്തമായ, ഒരു വ്യക്തിയുടെ ദിനചര്യകളെപ്പോലും തകിടം മറിക്കാൻ കെൽപുള്ള കഠിനമായ തലവേദനയാണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്. സാധാരണയായി തലയുടെ ഒരു വശത്തെ മാത്രം ബാധിക്കുന്ന ഈ വേദന മണിക്കൂറുകളോ ചിലപ്പോൾ ദിവസങ്ങളോളമോ നീണ്ടുനിന്നേക്കാം.

**പ്രധാന ലക്ഷണങ്ങൾ**

തലയുടെ ഒരു വശത്ത് മാത്രം കഠിനമായ തുടിപ്പോടു കൂടി അനുഭവപ്പെടുന്ന ഒന്നാണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്. പ്രകാശം, ഉച്ചത്തിലുള്ള ശബ്ദം, ചില പ്രത്യേക മണങ്ങൾ എന്നിവയോടുള്ള അമിതമായ അസ്വസ്ഥതയും ഓക്കാനവും ഛർദ്ദിയുമൊക്കെ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.

ചിലർക്ക് തലവേദന ആരംഭിക്കുന്നതിന് മുൻപ് തന്നെ കാഴ്ചയിൽ തിളങ്ങുന്ന വെളിച്ചമോ വരകളോ കാണുകയോ അല്ലെങ്കിൽ കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടുകയോ ചെയ്യാറുണ്ട്.

**മൈഗ്രേൻ കൂട്ടുന്ന ഘടകങ്ങൾ**

മൈഗ്രേൻ വരാനുള്ള കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ചില പ്രത്യേക ഘടകങ്ങൾ ഇത് വർദ്ധിപ്പിക്കാൻ കാരണമാകാറുണ്ട്. അമിതമായ മാനസിക സമ്മർദ്ദവും ഉറക്കക്കുറവുമാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, അമിതമായി ചായയോ കാപ്പിയോ കുടിക്കുക, കൃത്രിമ മധുരവും പ്രിസർവേറ്റീവുകളും അടങ്ങിയ ഭക്ഷണങ്ങൾ ഉപയോഗിക്കുക തുടങ്ങിയ തെറ്റായ ഭക്ഷണരീതികളും മൈഗ്രേൻ വരാൻ സാധ്യത കൂട്ടുന്നു.

കൂടാതെ, കടുത്ത വെയിൽ, അമിതമായ ചൂട് അല്ലെങ്കിൽ തണുപ്പ് പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും സ്ത്രീകളിൽ ആർത്തവ സമയത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും കഠിനമായ തലവേദനയെ ഉണർത്തുന്ന പ്രധാന ഘടകങ്ങളാണ്.

**മൈഗ്രേൻ പ്രതിരോധിക്കാനുള്ള വഴികളും പരിഹാരങ്ങളും**

കൃത്യമായ ജീവിതശൈലിയിലൂടെയും ഭക്ഷണരീതിയിലൂടെയും മൈഗ്രേൻ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും.

ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുന്നതിനൊപ്പം 7-8 മണിക്കൂർ സുഖകരമായ ഉറക്കം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പ്രഭാതഭക്ഷണം ഉൾപ്പെടെയുള്ളവ ഒരു കാരണവശാലും ഒഴിവാക്കാതെ കൃത്യസമയത്ത് കഴിക്കുകയും, ദിവസവും ധാരാളം വെള്ളം കുടിച്ച് ശരീരം ഹൈഡ്രേറ്റഡ് ആയി നിലനിർത്തുകയും വേണം.

പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളും കൃത്രിമ പാനീയങ്ങളും പൂർണ്ണമായും ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയുള്ള ഹെൽത്തി ഡയറ്റ് പിന്തുടരുന്നത് ഏറെ ഗുണം ചെയ്യും. മൈഗ്രേൻ വേദന തുടങ്ങുകയാണെങ്കിൽത്തന്നെ, ഇരുണ്ടതും ശബ്ദമില്ലാത്തതുമായ ഒരു ശാന്തമായ മുറിയിൽ കണ്ണടച്ച് വിശ്രമിക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും.

എങ്കിലും കഠിനമായ മൈഗ്രേൻ ഉള്ളവർ സ്വയം ചികിൽസ ഒഴിവാക്കി ഒരു ഡോക്ടറെ കണ്ട് കൃത്യമായ മരുന്നുകൾ സ്വീകരിക്കേണ്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362786/know-the-symptoms-and-prevention-methods-of-migraine)