---
title: "തേങ്ങാപ്പാലിന്റെ മധുരവും കുരുമുളകിന്റെ എരിവും; പരമ്പരാഗത രീതിയിലുള്ള ചിക്കൻ മാപ്പാസ് റെസിപ്പി"
english_title: "The sweetness of coconut milk and the spiciness of chilies; Traditional Chicken Mappas recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362783/the-sweetness-of-coconut-milk-and-the-spiciness-of-chilies-traditional-chicken-mappas-recipe"
published_at: "2026-05-30T16:47:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ac874adc5b_ChickenMappas.jpg"
keywords: ["Cookery", "Chicken Mappas", "Kerala Chicken Recipe", "Nadan Chicken Curry", "Kerala Food"]
---

# തേങ്ങാപ്പാലിന്റെ മധുരവും കുരുമുളകിന്റെ എരിവും; പരമ്പരാഗത രീതിയിലുള്ള ചിക്കൻ മാപ്പാസ് റെസിപ്പി

> **Lead Summary:** തൃശ്ശൂർ, കോട്ടയം ഭാഗങ്ങളിലെ ക്രിസ്ത്യൻ വീടുകളിൽ വളരെ പ്രശസ്തമായ ഒരു പരമ്പരാഗത വിഭവമാണ് ചിക്കൻ മാപ്പാസ് . തേങ്ങാപ്പാലും മല്ലിപ്പൊടിയും കുരുമുളകും ചേർത്ത് തയാറാക്കുന്ന ഇതിന്റെ കൊഴുത്ത ഗ്രേവിക്ക് പ്രത്യേക ഒരു രുചിയാണ്.

## Article Content

തൃശ്ശൂർ, കോട്ടയം ഭാഗങ്ങളിലെ ക്രിസ്ത്യൻ വീടുകളിൽ വളരെ പ്രശസ്തമായ ഒരു പരമ്പരാഗത വിഭവമാണ് ചിക്കൻ മാപ്പാസ് . തേങ്ങാപ്പാലും മല്ലിപ്പൊടിയും കുരുമുളകും ചേർത്ത് തയാറാക്കുന്ന ഇതിന്റെ കൊഴുത്ത ഗ്രേവിക്ക് പ്രത്യേക ഒരു രുചിയാണ്.

അപ്പത്തിനും ഇടിയപ്പത്തിനും പൊറോട്ടയ്ക്കുമൊപ്പം കഴിക്കാൻ ഇതിലും മികച്ച മറ്റൊരു കോമ്പിനേഷൻ ഇല്ലെന്നുതന്നെ പറയാം. ഇത് വളരെ എളുപ്പത്തിൽ എങ്ങനെ തയാറാക്കാമെന്ന് നോക്കാം:

**ആവശ്യമായ സാധനങ്ങൾ**

**ചിക്കൻ മാരിനേറ്റ് ചെയ്യാൻ:**

ചിക്കൻ: 1 കിലോഗ്രാം (മീഡിയം കഷണങ്ങളാക്കിയത്)

മഞ്ഞൾപ്പൊടി: ടീസ്പൂൺ

കുരുമുളകുപൊടി: 1 ടീസ്പൂൺ

നാരങ്ങാനീര്: 1 ടേബിൾസ്പൂൺ

ഉപ്പ്: ആവശ്യത്തിന്

**ഗ്രേവി തയാറാക്കാൻ:**

വെളിച്ചെണ്ണ: 3 ടേബിൾസ്പൂൺ

കടുക്: 1 ടീസ്പൂൺ

ചെറിയ ഉള്ളി (ചുവന്നുള്ളി): 1 കപ്പ് (അരിഞ്ഞത്)

സവാള: 1 വലുത് (നീളത്തിൽ അരിഞ്ഞത്)

ഇഞ്ചി: 1.5 ടേബിൾസ്പൂൺ (പൊടിയായി അരിഞ്ഞത്)

വെളുത്തുള്ളി: 1.5 ടേബിൾസ്പൂൺ (പൊടിയായി അരിഞ്ഞത്)

പച്ചമുളക്: 3 - 4 എണ്ണം (നീളത്തിൽ കീറിയത്)

തക്കാളി: 1 മീഡിയം (അരിഞ്ഞത്)

കറിവേപ്പില: 2 തണ്ട്

വിനാഗിരി: 1 ടീസ്പൂൺ (ആവശ്യമെങ്കിൽ മാത്രം)

**പൊടികൾ:**

മല്ലിപ്പൊടി: 2 ടേബിൾസ്പൂൺ

ഗരം മസാല: 1 ടീസ്പൂൺ

പെരുംജീരകപ്പൊടി: ടീസ്പൂൺ

കുരുമുളകുപൊടി: ടീസ്പൂൺ

**തേങ്ങാപ്പാൽ:**

രണ്ടാം പാൽ (കട്ടി കുറഞ്ഞത്): 2 കപ്പ്

ഒന്നാം പാൽ (നല്ല കട്ടിയുള്ളത്): 1 കപ്പ്

**തയാറാക്കുന്ന വിധം**

കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി തിരുമ്മി പിടിപ്പിക്കുക. ഇത് ഒരു 20-30 മിനിറ്റ് മാറ്റിവെക്കുക.

ഒരു ചട്ടിയിലോ (മൺചട്ടി ഉത്തമം) പാനിലോ വെളിച്ചെണ്ണ ചൂടാക്കുക. കടുക് പൊട്ടിച്ച ശേഷം കറിവേപ്പില ഇടുക.

ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.

ഇതിലേക്ക് ചെറിയ ഉള്ളിയും സവാളയും ചേർത്ത് നന്നായി വഴറ്റുക. ഉള്ളി ഒരുപാട് ബ്രൗൺ നിറമാകേണ്ടതില്ല, മൃദുവായി വന്നാൽ മതി.

തീ കുറച്ചുവെച്ച ശേഷം മല്ലിപ്പൊടി, ഗരം മസാല, പെരുംജീരകപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് 2 മിനിറ്റ് നന്നായി മൂപ്പിക്കുക. (പൊടികൾ കരിഞ്ഞുപോകാതിരിക്കാൻ അല്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയും ഒഴിക്കാം).

മസാല മൂത്ത മണം വരുമ്പോൾ തക്കാളി ചേർത്ത് നന്നായി ഉടയുന്നത് വരെ വേവിക്കുക.

ഇതിലേക്ക് മാരിനേറ്റ് ചെയ്തുവെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് മസാലയുമായി നന്നായി യോജിപ്പിക്കുക. ഒരു 3-4 മിനിറ്റ് ഹൈ ഫ്ലേമിൽ വഴറ്റുക.

അതിനുശേഷം രണ്ടാം പാൽ (കട്ടി കുറഞ്ഞത്) ഇതിലേക്ക് ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക.

ചട്ടി മൂടിവെച്ച് മീഡിയം തീയിൽ 15-20 മിനിറ്റ് ചിക്കൻ നന്നായി വേവിക്കുക. ഗ്രേവി കുറുകി വരുന്നത് വരെ വെക്കുക.

ചിക്കൻ നന്നായി വെന്ത് ഗ്രേവി പാകത്തിന് കുറുകുമ്പോൾ തീ ഏറ്റവും കുറച്ചു വെക്കുക.

ഇനി ഇതിലേക്ക് കട്ടിയുള്ള ഒന്നാം പാലും വിനാഗിരിയും ചേർത്ത് പതുക്കെ ഇളക്കുക.

ഒന്നാം പാൽ ഒഴിച്ച ശേഷം കറി തിളപ്പിക്കരുത്, തേങ്ങാപ്പാൽ പിരിഞ്ഞുപോകാൻ സാധ്യതയുണ്ട്. ചെറുതായി ഒന്ന് ചൂടായി വരുമ്പോൾ (ചെറിയ കുമിളകൾ വരുമ്പോൾ) തീ ഓഫ് ചെയ്യാം.

ഒരു ചെറിയ പാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കുറച്ച് ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ചു കറിക്ക് മുകളിലേക്ക് ഒഴിക്കുക. ചട്ടി ഒരു 10 മിനിറ്റ് മൂടിവെച്ച ശേഷം ഉപയോഗിക്കാം.

രുചികരമായ കേരള സ്റ്റൈൽ ചിക്കൻ മാപ്പാസ് റെഡി!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362783/the-sweetness-of-coconut-milk-and-the-spiciness-of-chilies-traditional-chicken-mappas-recipe)