---
title: "പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിന് പ്രതികാരം; തിരുവല്ലയിൽ വീടുകയറി ആക്രമണം, യുവതിക്ക് പരിക്ക്"
english_title: "Woman attacked for trying to dissuade him from love"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362779/woman-attacked-for-trying-to-dissuade-him-from-love"
published_at: "2026-05-30T16:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ac469f27ca_24.jpg"
keywords: ["Latest News", "Pathanamthitta", "Thiruvalla", "Revenge"]
---

# പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിന് പ്രതികാരം; തിരുവല്ലയിൽ വീടുകയറി ആക്രമണം, യുവതിക്ക് പരിക്ക്

> **Lead Summary:** **പത്തനംതിട്ട: [**തിരുവല്ലയിൽ ബന്ധുവായ പെൺകുട്ടിയെ പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് യുവാവും സഹോദരനും ചേർന്ന് വീടുകയറി നടത്തിയ ആക്രമണത്തിൽ 23 കാരിക്ക് പരിക്കേറ്റു.

## Article Content

**പത്തനംതിട്ട: [**തിരുവല്ലയിൽ ബന്ധുവായ പെൺകുട്ടിയെ പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് യുവാവും സഹോദരനും ചേർന്ന് വീടുകയറി നടത്തിയ ആക്രമണത്തിൽ 23 കാരിക്ക് പരിക്കേറ്റു.

വേങ്ങൽ മുണ്ടപ്പള്ളി കോളനിയിൽ ലതയുടെ മകൾ ജെസ്നയ്ക്കാണ് മർദനമേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ജെസ്നയുടെ മാതൃസഹോദരി പുത്രിയായ മാനസയുടെ ബന്ധുവായ പെൺകുട്ടിയും ചങ്ങനാശ്ശേരി പൂവം സ്വദേശിയായ ഉണ്ണികൃഷ്ണനും തമ്മിൽ പ്രണയത്തിലായിരുന്നു.

എന്നാൽ ഉണ്ണികൃഷ്ണന് മറ്റു പല പെൺകുട്ടികളുമായും ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ മാനസ, ബന്ധുവിനെ ഈ പ്രണയബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ് പ്രതികളെ അക്രമത്തിന് പ്രേരിപ്പിച്ചത്.

ബുധനാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഉണ്ണികൃഷ്ണനും സഹോദരൻ കണ്ണനും ചേർന്ന് മുൻവശത്തെ വാതിൽ ചവിട്ടിത്തുറന്ന് മാനസയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ജെസ്നയ്ക്ക് നേരെ അതിക്രമം ഉണ്ടായത്.

ഉണ്ണികൃഷ്ണൻ ജെസ്നയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയിൽ ചേർത്തുനിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബന്ധുവീട്ടിലായിരുന്ന ജെസ്നയുടെ മാതാപിതാക്കൾ എത്തിയപ്പോഴേക്കും പ്രതികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു.

ആക്രമണത്തിനിടെ ജെസ്നയുടെ മൊബൈൽ ഫോണും വീട്ടിലെ കസേരയും അക്രമിസംഘം അടിച്ചുതകർത്തിട്ടുണ്ട്. പരിക്കേറ്റ ജെസ്ന തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കമൽ എന്ന ഉണ്ണികൃഷ്ണൻ, സഹോദരൻ കണ്ണൻ എന്നിവർക്കെതിരെ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362779/woman-attacked-for-trying-to-dissuade-him-from-love)