---
title: "ചായയിലും കാപ്പിയിലും പഞ്ചസാര ഒഴിവാക്കിയാൽ മാത്രം പ്രമേഹം പമ്പകടക്കുമോ? അറിയേണ്ട ചില കയ്പ്പേറിയ സത്യങ്ങൾ ഇതാ..."
english_title: "Will diabetes go away just by eliminating sugar from tea and coffee? Here are some bitter truths you need to know..."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362778/will-diabetes-go-away-just-by-eliminating-sugar-from-tea-and-coffee-here-are-some-bitter-truths-you-need-to-know"
published_at: "2026-05-30T16:30:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ac44b2c92a_health.jpg"
keywords: ["Health", "Healthy Diet Tips", "Healthy Lifestyle", "Diabetes Management"]
---

# ചായയിലും കാപ്പിയിലും പഞ്ചസാര ഒഴിവാക്കിയാൽ മാത്രം പ്രമേഹം പമ്പകടക്കുമോ? അറിയേണ്ട ചില കയ്പ്പേറിയ സത്യങ്ങൾ ഇതാ...

> **Lead Summary:** പഞ്ചസാര ഒഴിവാക്കി ചായയും കാപ്പിയും കുടിക്കുന്ന പതിവ് ഇന്ന് ചെറുപ്പക്കാരടക്കം പലർക്കുമുണ്ട്. പ്രമേഹമുള്ളവരും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ആഹാരത്തിൽനിന്ന് മധുരം പൂർണ്ണമായും ഒഴിവാക്കുന്നത് ഇപ്പോൾ സാധാരണമാണ്. മധുരത്തിന്റെ അളവ് കുറയ്ക്കുന്നത് തീർച്ചയായും പ്രയോജനകരമാണെങ്കിലും, പ്രമേഹം നിയന്ത്രിക്കാൻ ഇത് മാത്രം മതിയെന്ന് കരുതുന്നത് തെറ്റാണ്. നിങ്ങളുടെ ഉറക്കം, മാനസിക സമ്മർദ്ദം, വ്യായാമം, മൊത്തത്തിലുള്ള ഭക്ഷണക്രമം എന്നിവയെല്ലാം ആരോഗ്യത്തെയും പ്രമേഹ സാധ്യതയെയും സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

## Article Content

പഞ്ചസാര ഒഴിവാക്കി ചായയും കാപ്പിയും കുടിക്കുന്ന പതിവ് ഇന്ന് ചെറുപ്പക്കാരടക്കം പലർക്കുമുണ്ട്. പ്രമേഹമുള്ളവരും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ആഹാരത്തിൽനിന്ന് മധുരം പൂർണ്ണമായും ഒഴിവാക്കുന്നത് ഇപ്പോൾ സാധാരണമാണ്. മധുരത്തിന്റെ അളവ് കുറയ്ക്കുന്നത് തീർച്ചയായും പ്രയോജനകരമാണെങ്കിലും, പ്രമേഹം നിയന്ത്രിക്കാൻ ഇത് മാത്രം മതിയെന്ന് കരുതുന്നത് തെറ്റാണ്. നിങ്ങളുടെ ഉറക്കം, മാനസിക സമ്മർദ്ദം, വ്യായാമം, മൊത്തത്തിലുള്ള ഭക്ഷണക്രമം എന്നിവയെല്ലാം ആരോഗ്യത്തെയും പ്രമേഹ സാധ്യതയെയും സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

**ഉദാസീനമായ ജീവിതശൈലി**

ദിവസവും എട്ട് മണിക്കൂറിലധികം തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ, വ്യായാമമില്ലാതെ ഉദാസീനമായ ജീവിതം നയിക്കുന്നവർ എന്നിവരിൽ മെറ്റബോളിസം (ചയാപചയം) മന്ദഗതിയിലാകുന്നു. ഇത്തരം ശീലങ്ങൾ പ്രമേഹ സാധ്യത 22 ശതമാനം വരെ വർദ്ധിപ്പിക്കുന്നതായി ഗവേഷണങ്ങൾ തെളിയിക്കുന്നു. ഉദാസീനമായ ജീവിതശൈലി ശരീരത്തിൽ ഇൻസുലിന്റെ ഫലപ്രദമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും പ്രമേഹം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

**ഉറക്കക്കുറവ്**

കൃത്യസമയത്ത് ചിട്ടയോടെ ഉറങ്ങുകയും ഉണരുകയും ചെയ്യുമ്പോൾ ശരീരം അതിന്റെ സ്വാഭാവിക സന്തുലിതാവസ്ഥ നിലനിർത്തുന്നു. എന്നാൽ ഇന്ന് പലരും ഫോൺ ഉപയോഗത്തിനായി കൂടുതൽ സമയം മാറ്റിവെക്കുന്നതുമൂലം ഉറക്കം കൃത്യമല്ലാതാകുന്നു. വൈകി ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുമ്പോൾ ശരീരത്തിന് ഗ്ലൂക്കോസ് ടോളറൻസ് കുറയുകയും ഇൻസുലിൻ സംവേദനക്ഷമത ഇല്ലാതാകുകയും ചെയ്യുന്നു. ഉറക്കക്കുറവ് ശരീരത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഇൻസുലിന്റെ അളവ് കുറയ്ക്കാനും, ഇൻസുലിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ വർദ്ധിക്കാനും കാരണമാകുന്നു.

**മാനസിക സമ്മർദ്ദം (Stress)**

വിട്ടുമാറാത്ത മാനസിക സമ്മർദ്ദം രക്തത്തിലേക്ക് കോർട്ടിസോൾ ഹോർമോൺ അമിതമായി ഒഴുകാൻ ഇടയാക്കുന്നു. ഉയർന്ന കോർട്ടിസോൾ അളവ് കാരണം കരൾ കൂടുതൽ ഗ്ലൂക്കോസ് രക്തത്തിലേക്ക് പുറത്തുവിടുന്നു. കാലക്രമേണ ഇത് ഇൻസുലിൻ പ്രതിരോധത്തിലേക്ക് (Insulin Resistance) നയിക്കുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

**മറഞ്ഞിരിക്കുന്ന മധുരവും ഭക്ഷണക്രമവും**

ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കിയതുകൊണ്ട് മാത്രം പ്രമേഹത്തിൽ നിന്ന് രക്ഷനേടാനാവില്ല. നിങ്ങൾ കഴിക്കുന്ന പല ഭക്ഷണങ്ങളിലുമുള്ള ശുദ്ധീകരിച്ച മാവ് (മൈദ പോലുള്ളവ), സംസ്കരിച്ച എണ്ണകൾ, അഡിറ്റീവുകൾ എന്നിവയെല്ലാം ഗ്ലൂക്കോസിന്റെ അളവിനെ ദോഷകരമായി ബാധിക്കുന്നവയാണ്.

പല ഭക്ഷണ പദാർത്ഥങ്ങളുടെയും പാക്കറ്റുകളിൽ 'പഞ്ചസാര രഹിതം' (Sugar-Free) എന്ന് എഴുതിയിട്ടുണ്ടെങ്കിലും അതിൽ കാർബോഹൈഡ്രേറ്റ് ഇല്ല എന്ന് പറയാനാവില്ല. ഇത്തരം പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾക്ക് പകരം നാരുകൾ (Fiber) അടങ്ങിയ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. സാലഡുകൾ, ധാന്യങ്ങൾ എന്നിവ ശീലമാക്കുക. ഒപ്പം കൃത്യമായ ഉറക്കം, പതിവായുള്ള വ്യായാമം, സമ്മർദ്ദം ലഘൂകരിക്കൽ എന്നിവ ഉറപ്പാക്കിയാൽ മാത്രമേ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362778/will-diabetes-go-away-just-by-eliminating-sugar-from-tea-and-coffee-here-are-some-bitter-truths-you-need-to-know)