---
title: "'കബളിപ്പിച്ച്  75 ലക്ഷം രൂപ തട്ടിയെടുത്തു, പരാതി നൽകിയതിൽ ബഷീർ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു'; വടകരയിലെ ആത്മഹത്യചെയ്ത വയോധികന്റെ ശബ്ദസന്ദേശം പുറത്ത്"
english_title: " Content Highlights:- Suicide of an elderly man in Vadakara, voice message of Ibrahim Haji released"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362776/content-highlights-suicide-of-an-elderly-man-in-vadakara-voice-message-of-ibrahim-haji-released"
published_at: "2026-05-30T16:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19b46f02241_vatakara_suicide_case.jpg"
keywords: ["Latest News", "Vatakara Suicide Case", "Congress", "Suicide"]
---

# 'കബളിപ്പിച്ച്  75 ലക്ഷം രൂപ തട്ടിയെടുത്തു, പരാതി നൽകിയതിൽ ബഷീർ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു'; വടകരയിലെ ആത്മഹത്യചെയ്ത വയോധികന്റെ ശബ്ദസന്ദേശം പുറത്ത്

> **Lead Summary:** **കോഴിക്കോട്: ** സഹകരണ സൊസൈറ്റിയിലെ ക്രമക്കേടിന് ഇരയായി ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം പുറത്ത്.

## Article Content

**കോഴിക്കോട്: ** സഹകരണ സൊസൈറ്റിയിലെ ക്രമക്കേടിന് ഇരയായി ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം പുറത്ത്.

മരണത്തിന് ഉത്തരവാദി കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെന്ന് ശബ്ദസന്ദേശത്തിൽ ഇബ്രാഹിം ഹാജി പറയുന്നു. സർക്കാർ അംഗീകൃത സ്ഥാപനം എന്ന് പറഞ്ഞ് കബളിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്തു. ഒരു ലക്ഷത്തിന് 1250 രൂപ ലാഭം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് പണം നിക്ഷേപിച്ചതെന്നും ശബ്ദസന്ദേശത്തിലുണ്ട്.

ഇബ്രാഹിം ഹാജി മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് അയച്ച സന്ദേശമാണ് പുറത്ത് വന്നത്. സർക്കാർ അംഗീകൃത സ്ഥാപനം എന്ന് പറഞ്ഞ് കബളിപ്പിച്ചു. സ്വർണവും സ്ഥലവും വിറ്റ പണം മുഴുവൻ സൊസൈറ്റിയിൽ നിക്ഷേപിച്ചു. സഹോദരിമാരുടെ പേരിലും തുക നിക്ഷേപിച്ചിരുന്നു. പണം കിട്ടാതെ വന്നപ്പോൾ പരാതിപ്പെട്ടിരുന്നു എന്നും ഇബ്രാഹിം ഹാജി വെളിപ്പെടുത്തി.

ഇത് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ പരാതി നൽകിയിരുന്നു. ജനുവരി 16നാണ് പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ നോട്ടീസ് വരുമെന്ന് സൊസൈറ്റിയിൽ ഉള്ളവരോട് പറഞ്ഞിരുന്നു. അതിന് ശേഷം സൊസൈറ്റിയിലുള്ള ബഷീർ തന്നെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കി.

24 ലക്ഷം രൂപയാണ് സൊസൈറ്റിയിൽ നിക്ഷേപിച്ചത്. ബിനീഷിന് 11 ലക്ഷം രൂപ നൽകി. വീട് ആക്കി തരാം എന്ന് പറഞ്ഞ് 22 ലക്ഷവും വാങ്ങി. ലാഭം ഉൾപ്പെടെ 75 ലക്ഷം ആണ് കിട്ടാൻ ഉള്ളത്. തനിക്ക് അസുഖമായപ്പോൾ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടിട്ടും തുക നൽകാൻ തയ്യാറായില്ലെന്ന് ഇബ്രാഹിം ഹാജി ശബ്ദസന്ദേശത്തിൽ പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് 71കാരനായ തിരുവള്ളൂർ സ്വദേശി ചിരികണ്ടോത്ത് ഇബ്രാഹിം ആണ് മരിച്ചത്. കോഴിക്കോട് ഡിസിസി സെക്രട്ടറിയും സൊസൈറ്റിയുടെ മുൻ പ്രസിഡൻ്റുമായ സുധീർ കുമാറിൻ്റെ വീട്ടിൽ വച്ച് രാവിലെ ആണ് ഇബ്രാഹിം ജീവനൊടുക്കാൻ ശ്രമിച്ചത്.

പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഇബ്രാഹിമിന് അറുപത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362776/content-highlights-suicide-of-an-elderly-man-in-vadakara-voice-message-of-ibrahim-haji-released)