---
title: "ഫിഫ ലോകകപ്പ് മത്സരങ്ങൾ യൂട്യൂബിൽ സൗജന്യമായി കാണാം; വമ്പൻ പ്രഖ്യാപനവുമായി കാസെ ടിവി"
english_title: "FIFA World Cup matches can be watched for free on YouTube"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362765/fifa-world-cup-matches-can-be-watched-for-free-on-youtube"
published_at: "2026-05-30T15:37:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ab75266faa_21.jpg"
keywords: ["Latest News", "Sports", "FIFA world cup", "Youtube"]
---

# ഫിഫ ലോകകപ്പ് മത്സരങ്ങൾ യൂട്യൂബിൽ സൗജന്യമായി കാണാം; വമ്പൻ പ്രഖ്യാപനവുമായി കാസെ ടിവി

> **Lead Summary:** **[ **അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ ആതിഥേയത്വത്തിൽ നടക്കുന്ന അടുത്ത ഫിഫ ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും യൂട്യൂബിലൂടെ പൂർണ്ണമായും സൗജന്യമായി കാണാൻ അവസരമൊരുങ്ങുന്നു.

## Article Content

**[ **അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ ആതിഥേയത്വത്തിൽ നടക്കുന്ന അടുത്ത ഫിഫ ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും യൂട്യൂബിലൂടെ പൂർണ്ണമായും സൗജന്യമായി കാണാൻ അവസരമൊരുങ്ങുന്നു.

പ്രമുഖ സ്പോർട്സ് മീഡിയ സ്ഥാപനമായ 'കാസെ ടിവി'യാണ് ബ്രസീലിലെ ഫുട്ബോൾ പ്രേമികൾക്കായി ഈ വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വൻ നിക്ഷേപമുള്ള ബ്രസീലിയൻ കമ്പനിയായ 'ലൈവ് മോഡിന്റെ' പങ്കാളിത്തത്തോടെയാണ് കാസെ ടിവി ഈ സൗകര്യം ഒരുക്കുന്നത്.

2022-ൽ പ്രമുഖ സ്ട്രീമർ കാസിമിറോ മിഗേൽ ആരംഭിച്ച ഈ ചാനലിലൂടെ ലോകകപ്പിലെ 104 മത്സരങ്ങളും 4K ദൃശ്യ മികവോടെ ആരാധകരിലേക്ക് എത്തും. തത്സമയ സംപ്രേഷണത്തിന് പുറമെ മത്സരങ്ങളുടെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങളും പ്രത്യേക പരിപാടികളും ഇതിലൂടെ ലഭ്യമാകുമെങ്കിലും, ഈ ആനുകൂല്യം ബ്രസീൽ അതിർത്തിക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ഇന്ത്യൻ ആരാധകർക്ക് യൂട്യൂബിലൂടെ ഇത് നേരിട്ട് ആസ്വദിക്കാൻ സാധിക്കില്ല.

അതേസമയം, ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്കായി ലോകകപ്പ് മത്സരങ്ങൾ തത്സമയം എത്തിക്കാൻ പ്രമുഖ മാധ്യമ ശൃംഖലയായ 'സീ' (ZEE) ഗ്രൂപ്പ് രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഏതാണ്ട് 30 മുതൽ 35 മില്യൺ യുഎസ് ഡോളർ (ഏകദേശം 250-290 കോടി രൂപ) മുടക്കി ഫിഫയുമായി സംപ്രേഷണ അവകാശത്തിനായുള്ള ചർച്ചകൾ സീ ഗ്രൂപ്പ് നടത്തിവരികയാണ്. കനത്ത തുക ആവശ്യമായി വന്നതിനാൽ റിലയൻസ്-ഡിസ്നി സഖ്യം ഈ ലേലത്തിൽ നിന്ന് പിന്മാറിയതാണ് സീ ഗ്രൂപ്പിന് അനുകൂലമായത്.

സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് രംഗത്തേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന അവർ 'യുണൈറ്റ് 8 സ്പോർട്സ്' (Unite8 Sports) എന്ന പേരിൽ നാല് പുതിയ ചാനലുകളും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

കരാർ ഔദ്യോഗികമായി ഉറപ്പാകുന്നതോടെ ഇന്ത്യൻ ആരാധകർക്ക് സീ ടെലിവിഷൻ ചാനലുകളിലൂടെയും സീ5 ഒടിടി ആപ്പിലൂടെയും ലോകകപ്പ് ആവേശം തത്സമയം നെഞ്ചിലേറ്റാൻ സാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362765/fifa-world-cup-matches-can-be-watched-for-free-on-youtube)