---
title: "ഗിൽ തിരിച്ചെത്തുക വെറുമൊരു കളിക്കാരനായല്ല, ഇന്ത്യൻ നായകനായി; വാനോളം പുകഴ്ത്തി അംബാട്ടി റായുഡു"
english_title: "Gill returns not just as a player, but as an Indian captain; Ambati Rayudu heaps praise on him"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362748/gill-returns-not-just-as-a-player-but-as-an-indian-captain-ambati-rayudu-heaps-praise-on-him"
published_at: "2026-05-30T14:55:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1aad88b7dec_GILL_.jpg"
keywords: ["SPORTS", "AMBATI RAYUDU", "INDIAN  CAPTAIN"]
---

# ഗിൽ തിരിച്ചെത്തുക വെറുമൊരു കളിക്കാരനായല്ല, ഇന്ത്യൻ നായകനായി; വാനോളം പുകഴ്ത്തി അംബാട്ടി റായുഡു

> **Lead Summary:** അഹമ്മദാബാദ്: **[**ഐപിഎൽ രണ്ടാം ക്വാളിഫയറിൽ സെഞ്ച്വറിയോടെ ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. ഈ തകർപ്പൻ പ്രകടനത്തോടെ ഗിൽ ഇന്ത്യൻ ടി20 ടീമിലേക്ക് വെറുമൊരു കളിക്കാരനായിട്ടല്ല, മറിച്ച് നായകനായിട്ടായിരിക്കും തിരിച്ചെത്തുകയെന്ന് റായുഡു അഭിപ്രായപ്പെട്ടു. രാജസ്ഥാൻ റോയൽസിനെതിരായ നിർണായക മത്സരത്തിൽ 53 പന്തിൽ നിന്ന് 15 ഫോറുകളും 3 സിക്സറുകളുമടക്കം 104 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്.

## Article Content

അഹമ്മദാബാദ്: **[**ഐപിഎൽ രണ്ടാം ക്വാളിഫയറിൽ സെഞ്ച്വറിയോടെ ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. ഈ തകർപ്പൻ പ്രകടനത്തോടെ ഗിൽ ഇന്ത്യൻ ടി20 ടീമിലേക്ക് വെറുമൊരു കളിക്കാരനായിട്ടല്ല, മറിച്ച് നായകനായിട്ടായിരിക്കും തിരിച്ചെത്തുകയെന്ന് റായുഡു അഭിപ്രായപ്പെട്ടു. രാജസ്ഥാൻ റോയൽസിനെതിരായ നിർണായക മത്സരത്തിൽ 53 പന്തിൽ നിന്ന് 15 ഫോറുകളും 3 സിക്സറുകളുമടക്കം 104 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്.

> "ഗില്ലിന്റേത് ഒരു ക്ലാസിക് ഇന്നിങ്സ് ആയിരുന്നു. പിച്ചിന്റെ വേഗതയും ബൗൺസും അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിക്ക് ഏറ്റവും അനുയോജ്യമായിരുന്നു. ലോകോത്തര ബൗളറായ ജോഫ്ര ആർച്ചറെ പുൾ ഷോട്ടുകളിലൂടെ നേരിട്ട രീതി തന്നെ അതിന് തെളിവാണ്. വിക്കറ്റ് നഷ്ടപ്പെടുത്താനുള്ള സാധ്യതകൾ കുറച്ച്, മനോഹരമായ ക്രിക്കറ്റിങ് ഷോട്ടുകളിലൂടെയാണ് ഗിൽ റൺസ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഒരു ബാറ്റർ എന്ന നിലയിലും നായകൻ എന്ന നിലയിലും ഗിൽ ഒരുപാട് മെച്ചപ്പെട്ടു. അദ്ദേഹം ഇപ്പോൾ ഒരു കംപ്ലീറ്റ് ക്രിക്കറ്ററായി മാറിയിരിക്കുന്നു." — അംബാട്ടി റായുഡു

ഈ സീസണിൽ 15 ഇന്നിങ്സുകളിൽ നിന്നായി 722 റൺസ് നേടിയ ഗിൽ, നിലവിൽ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ്. ഒരു ലീഡർ എന്ന നിലയിൽ മികവ് തെളിയിച്ചുകഴിഞ്ഞ ഗിൽ, ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ലെന്നും റായുഡു വ്യക്തമാക്കി.

പ്ലേഓഫ് മത്സരങ്ങളിൽ തുടർച്ചയായി രണ്ട് തവണ 'ഹിറ്റ്-വിക്കറ്റ്' ആയി പുറത്തായ ഗുജറാത്ത് ഓപ്പണർ സായ് സുദർശനും റായുഡു പൂർണ്ണ പിന്തുണ നൽകി. രാജസ്ഥാനെതിരായ മത്സരത്തിൽ 32 പന്തിൽ 58 റൺസ് നേടിയ സുദർശൻ, ഗില്ലിനൊപ്പം ഒന്നാം വിക്കറ്റിൽ 167 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഈ സീസണിൽ താരം 700 റൺസും പിന്നിട്ടു.

സുദർശന്റെ പുറത്താകൽ വിചിത്രമായിരുന്നുവെന്നും, നെറ്റ്സിൽ കുറച്ചുകൂടി ശ്രദ്ധിച്ചാൽ പരിഹരിക്കാവുന്ന ചെറിയൊരു പ്രശ്നം മാത്രമാണിതെന്നും റായുഡു പറഞ്ഞു. ബൗളർമാർക്ക് അദ്ദേഹത്തെ ഔട്ടാക്കാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യമെന്നും, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ തിളങ്ങാൻ കെൽപ്പുള്ള കളിക്കാരനായി സുദർശനും വളർന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ക്വാളിഫയറിലെ ഈ തകർപ്പൻ ജയത്തോടെ ഐപിഎൽ കലാശപ്പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടാൻ ഒരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റൻസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362748/gill-returns-not-just-as-a-player-but-as-an-indian-captain-ambati-rayudu-heaps-praise-on-him)