---
title: "കൊച്ചിയിൽ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം; പൊലീസിനു നേരെ കല്ലേറ്, തടയാനെത്തിയ ട്രാഫിക് എസ്എച്ച്ഒയുടെ കൈവിരൽ തല്ലിയൊടിച്ചു!"
english_title: "Five youths in custody for shouting at policemen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362720/five-youths-in-custody-for-shouting-at-policemen"
published_at: "2026-05-30T13:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a9f5317dc1_16.jpg"
keywords: ["Latest News", "Kochi", "Attack", "Police"]
---

# കൊച്ചിയിൽ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം; പൊലീസിനു നേരെ കല്ലേറ്, തടയാനെത്തിയ ട്രാഫിക് എസ്എച്ച്ഒയുടെ കൈവിരൽ തല്ലിയൊടിച്ചു!

> **Lead Summary:** **കൊച്ചി: [**[ ]നഗരത്തിൽ മദ്യലഹരിയിൽ പൊലീസിനെ ക്രൂരമായി ആക്രമിക്കുകയും കല്ലെറിയുകയും ചെയ്ത സംഭവത്തിൽ അഞ്ച് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ കൊച്ചി സിറ്റി ട്രാഫിക് സ്റ്റേഷനിലെ എസ്എച്ച്ഒ ഉദയകുമാർ ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

**കൊച്ചി: [**[ ]നഗരത്തിൽ മദ്യലഹരിയിൽ പൊലീസിനെ ക്രൂരമായി ആക്രമിക്കുകയും കല്ലെറിയുകയും ചെയ്ത സംഭവത്തിൽ അഞ്ച് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ കൊച്ചി സിറ്റി ട്രാഫിക് സ്റ്റേഷനിലെ എസ്എച്ച്ഒ ഉദയകുമാർ ആശുപത്രിയിൽ ചികിത്സ തേടി.

ഇടപ്പള്ളിക്ക് സമീപം മരോട്ടിച്ചോട് ജംഗ്ഷനിൽ ഇന്ന് പുലർച്ചെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നെന്മാറ സ്വദേശി ഷംസുദ്ദീൻ, തിരുവനന്തപുരം സ്വദേശികളായ അൽത്താഫ്, അജ്മൽ, കൊല്ലം സ്വദേശി ജിനീഷ്, വയനാട് സ്വദേശി അക്ഷയ് എന്നിവരാണ് പിടിയിലായത്.

ഇവർ അഞ്ചുപേരും ഇടപ്പള്ളിയിലെ പ്രമുഖ മാളിൽ സെക്യൂരിറ്റി ജീവനക്കാരായി ജോലി നോക്കുന്നവരാണ്. മരോട്ടിച്ചോട് ജംഗ്ഷനിൽ ഒരുസംഘം ആളുകൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി പുലർച്ചെ കൺട്രോൾ റൂമിലേക്ക് സന്ദേശം ലഭിച്ചിരുന്നു.

ഇത് അന്വേഷിക്കാനായെത്തിയ പൊലീസ് സംഘത്തിന് നേരെ യുവാക്കൾ അക്രമാസക്തരായി തട്ടിക്കയറുകയായിരുന്നു. മാളിലുണ്ടായ ചില തൊഴിൽ തർക്കങ്ങളിൽ പൊലീസ് ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥരോടുള്ള ആക്രോശം.

വാക്കേറ്റം മൂർച്ഛിച്ചതോടെ യുവാക്കൾ പൊലീസിന് നേരെ കല്ലെറിയാൻ തുടങ്ങി. രംഗം വഷളായതോടെ കൂടുതൽ സേനയെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ബലം പ്രയോഗിച്ചാണ് പൊലീസ് ഇവരെ കീഴടക്കിയത്.

ഈ പിടിവലിക്കിടയിലാണ് ഇടപ്പള്ളി ട്രാഫിക് എസ്എച്ച്ഒ ഉദയകുമാറിന്റെ കൈവിരലിന് പൊട്ടലേറ്റത്. കസ്റ്റഡിയിലെടുത്ത പ്രതികളെ നിലവിൽ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362720/five-youths-in-custody-for-shouting-at-policemen)