---
title: "മൊരിഞ്ഞ മസാലയ്ക്കുള്ളിൽ ഒളിപ്പിച്ച കുട്ടനാടൻ പെരുമ; ഇതാ നാവിൽ വെള്ളമൂറും  കരിമീൻ പൊള്ളിച്ചത്"
english_title: "Here is a special recipe for mouth-watering Karimeen Pollichathu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362719/here-is-a-special-recipe-for-mouth-watering-karimeen-pollichathu"
published_at: "2026-05-30T13:50:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1aa204af2e2_karimeen.jpg"
keywords: ["Cookery", "Karimeen pollichathu", "Kuttanad Recipe"]
---

# മൊരിഞ്ഞ മസാലയ്ക്കുള്ളിൽ ഒളിപ്പിച്ച കുട്ടനാടൻ പെരുമ; ഇതാ നാവിൽ വെള്ളമൂറും  കരിമീൻ പൊള്ളിച്ചത്

> **Lead Summary:** **[** മലയാളിയുടെ ഊണുമേശകളിലെ രാജാവാണ് കരിമീൻ. അതിൽത്തന്നെ വാഴയിലയിൽ മസാലപ്പുരട്ടി ചുട്ടെടുക്കുന്ന 'കരിമീൻ പൊള്ളിച്ചത്' ഓർക്കുമ്പോൾത്തന്നെ ഏതൊരു ഭക്ഷണപ്രേമിയുടെയും നാവിൽ വെള്ളമൂറും. കായൽരുചിയുടെ ഈ തനത് വിഭവം വീട്ടിൽ എങ്ങനെ അതീവ രുചികരമായി തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

**[** മലയാളിയുടെ ഊണുമേശകളിലെ രാജാവാണ് കരിമീൻ. അതിൽത്തന്നെ വാഴയിലയിൽ മസാലപ്പുരട്ടി ചുട്ടെടുക്കുന്ന 'കരിമീൻ പൊള്ളിച്ചത്' ഓർക്കുമ്പോൾത്തന്നെ ഏതൊരു ഭക്ഷണപ്രേമിയുടെയും നാവിൽ വെള്ളമൂറും. കായൽരുചിയുടെ ഈ തനത് വിഭവം വീട്ടിൽ എങ്ങനെ അതീവ രുചികരമായി തയ്യാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ സാധനങ്ങൾ**

കരിമീൻ: 2 എണ്ണം (വൃത്തിയാക്കി വരഞ്ഞത്)

ചെറിയ ഉള്ളി : 1 കപ്പ് (ചതച്ചത് അല്ലെങ്കിൽ ചെറുതായി അരിഞ്ഞത്)

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്: 1 വലിയ സ്പൂൺ

പച്ചമുളക്: 3-4 എണ്ണം (നീളത്തിൽ കീറിയത്)

തക്കാളി: 1 എണ്ണം (ചെറുതായി അരിഞ്ഞത്

കുടംപുളി / വാളൻപുളി പിഴിഞ്ഞത്: 1 ചെറിയ സ്പൂൺ

തേങ്ങാപ്പാൽ : 3-4 വലിയ സ്പൂൺ

മഞ്ഞൾപ്പൊടി - 1/2 സ്പൂൺ

മുളകുപൊടി -2 വലിയ സ്പൂൺ

മല്ലിപ്പൊടി -1 വലിയ സ്പൂൺ

കുരുമുളകുപൊടി -1 ചെറിയ സ്പൂൺ

പെരുംജീരകപ്പൊടി - 1/2 സ്പൂൺ

വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ്: ആവശ്യത്തിന്

വാഴയില: പൊള്ളിച്ചെടുക്കാൻ

**തയ്യാറാക്കുന്ന വിധം**

ആദ്യമായി നന്നായി കഴുകി വരഞ്ഞെടുത്ത കരിമീനിൽ പകുതി മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, നാരങ്ങാനീര്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് അരമണിക്കൂർ മസാല പിടിക്കാൻ വെക്കുക.

ശേഷം ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് മീൻ ഇരുവശവും സോഫ്റ്റ് ആയിവരുന്നത് വരെ ലൈറ്റായി വറുത്തെടുക്കണം. തുടർന്ന് മീൻ വറുത്ത അതേ എണ്ണയിലേക്ക് അല്പം കൂടി വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറിവേപ്പില എന്നിവ പൊട്ടിച്ച ശേഷം ചതച്ച ചെറിയ ഉള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക.

ഉള്ളി ഗോൾഡൻ നിറമാകുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ച ശേഷം അരിഞ്ഞ തക്കാളിയും ഉപ്പും ചേർത്ത് ഉടച്ചെടുക്കുകയും, ഇതിലേക്ക് പുളിവെള്ളവും കട്ടി തേങ്ങാപ്പാലും ഒഴിച്ച് ഗ്രേവി നന്നായി കുറുക്കി മസാല തയ്യാറാക്കുകയും വേണം.

അടുത്തതായി, തീയിൽ വാട്ടിയ വാഴയിലയിലേക്ക് അല്പം മസാല വെച്ച് അതിനു മുകളിൽ വറുത്ത കരിമീനും ബാക്കി മസാലയും നന്നായി തേച്ചുപിടിപ്പിച്ച്, കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും തൂകി ഇല നാലുഭാഗത്തുനിന്നും മടക്കി വാഴനാര് കൊണ്ട് കെട്ടിയെടുക്കുക.

ഒടുവിൽ ഒരു മൺചട്ടിയോ ദോശക്കല്ലോ ചൂടാക്കി വെളിച്ചെണ്ണ തടവി, ഈ വാഴയിലപ്പൊതി ചെറിയ തീയിൽ അടച്ചുവെച്ച് ഇരുവശവും 5-7 മിനിറ്റ് വീതം വേവിച്ചെടുക്കുക.

വാഴയിലയുടെയും മസാലയുടെയും സുഗന്ധം തുളുമ്പുന്ന കരിമീൻ പൊള്ളിച്ചത് ചൂടോടെ ചോറിനൊപ്പമോ കപ്പപ്പുഴുക്കിനൊപ്പമോ കഴിക്കാവുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362719/here-is-a-special-recipe-for-mouth-watering-karimeen-pollichathu)