---
title: "'ഞാൻ അവസാനിപ്പിക്കുന്നു'; ലക്നൗവിൽ 16 കാരിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "16-year-old girl found hanging in hostel in Lucknow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362716/16-year-old-girl-found-hanging-in-hostel-in-lucknow"
published_at: "2026-05-30T13:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a9c1f42b8e_hanging_in_hostel_in_Lucknow.jpg"
keywords: ["Latest News", "Student Suicide Case", "Gomti Nagar"]
---

# 'ഞാൻ അവസാനിപ്പിക്കുന്നു'; ലക്നൗവിൽ 16 കാരിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റൽ മുറിയിൽ പതിനാറുകാരിയായ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലക്നൗ ശ്രീജൻ വിഹാർ കോളനിയിലെ ഹോസ്റ്റലിലാണ് സംഭവം. മരണത്തിൽ ദുരൂഹതയാരോപിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റൽ മുറിയിൽ പതിനാറുകാരിയായ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലക്നൗ ശ്രീജൻ വിഹാർ കോളനിയിലെ ഹോസ്റ്റലിലാണ് സംഭവം. മരണത്തിൽ ദുരൂഹതയാരോപിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയുടെ മരണവിവരം പോലീസിനെ അറിയിക്കാതെ മൃതദേഹം അന്ത്യകർമ്മങ്ങൾക്കായി ഹരിദ്വാറിലേക്ക് കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡോ. സുശീൽ ത്രിവേദിയുടെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. കുട്ടിയുടെ പിതാവ് ഇതേ ഡോക്ടറുടെ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്.

കഴിഞ്ഞദിവസം രാത്രി ഏഴരയോടെ പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് ഹോസ്റ്റൽ അധികൃതർ തന്നെ മൃതദേഹം താഴെയിറക്കുകയും കുട്ടിയുടെ പിതാവിനെ വിവരമറിയിക്കുകയുമായിരുന്നു. എന്നാൽ ഈ വിവരമൊന്നും പൊലീസിനെ അറിയിക്കാൻ ഇവർ തയ്യാറായില്ല.

പിന്നീട് അസ്വാഭാവിക സാഹചര്യത്തിൽ മൃതദേഹം ഹരിദ്വാറിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഗോമതി നഗർ പോലീസ് സ്റ്റേഷനിൽ വിവരമെത്തുന്നത്. തുടർന്ന് പോലീസ് ഉടൻതന്നെ ഇടപെട്ട് മൃതദേഹം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പെൺകുട്ടിയുടെ മുറിയിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. മുറിയിൽ നിന്ന് ‘ഞാൻ അവസാനിപ്പിക്കുന്നു’ എന്ന് എഴുതിയ ഒരു കുറിപ്പ് കണ്ടെടുത്തു. ഇത് കുട്ടിയുടെ ആത്മഹത്യാ കുറിപ്പാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മരണത്തിൽ വലിയ രീതിയിലുള്ള ദുരൂഹത നിലനിൽക്കുന്നതിനാൽ ഹോസ്റ്റൽ ഉടമയായ ഡോ. സുശീൽ ത്രിവേദിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ പിതാവിനെയും ചോദ്യം ചെയ്യും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിലെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും ഗോമതി നഗർ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362716/16-year-old-girl-found-hanging-in-hostel-in-lucknow)