---
title: "ഓടുന്ന ട്രെയിനിൽ ഏഴുവയസുകാരിക്ക് നേരെ പീഡനശ്രമം; ചെരുപ്പൂരി അടിച്ച് അമ്മ , പ്രതിയെ മർദ്ദിച്ച് പിടികൂടി സഹയാത്രക്കാർ "
english_title: " Content Highlights:- Attempted rape of 7-year-old girl on moving train; Accused beaten up and caught by fellow passengers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362688/content-highlights-attempted-rape-of-7-year-old-girl-on-moving-train-accused-beaten-up-and-caught-by-fellow-passengers"
published_at: "2026-05-30T12:14:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a89d435241_rape_case.jpg"
keywords: ["Latest News", "Rape Case", "Sexual Assult"]
---

# ഓടുന്ന ട്രെയിനിൽ ഏഴുവയസുകാരിക്ക് നേരെ പീഡനശ്രമം; ചെരുപ്പൂരി അടിച്ച് അമ്മ , പ്രതിയെ മർദ്ദിച്ച് പിടികൂടി സഹയാത്രക്കാർ 

> **Lead Summary:** **ന്യൂഡൽഹി: ** ഓടുന്ന ട്രെയിനിൽ ഏഴുവയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ സഹയാത്രക്കാർ പിടികൂടി പൊലീസിലേൽപ്പിച്ചു.

## Article Content

**ന്യൂഡൽഹി: ** ഓടുന്ന ട്രെയിനിൽ ഏഴുവയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ സഹയാത്രക്കാർ പിടികൂടി പൊലീസിലേൽപ്പിച്ചു.

ട്രെയിൻ യാത്രയ്ക്കിടെ പ്രതിയെ യാത്രക്കാർ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പ്രതിയായ മുഹമ്മദ് എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു.

ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടി പെട്ടെന്ന് നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പരിഭ്രാന്തയായ അമ്മ കുട്ടിയെ ചേർത്തുപിടിച്ച് കാര്യമന്വേഷിച്ചപ്പോഴാണ്, തൊട്ടടുത്ത സീറ്റിലിരുന്നയാൾ ശാരീരികമായി ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. ഇതുകേട്ട പ്രകോപിതരായ സഹയാത്രക്കാർ പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കാതെ തടഞ്ഞുവെക്കുകയായിരുന്നു.

തുടർന്ന് ട്രെയിനിലെ യാത്രക്കാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് പ്രതിയെ മർദിച്ചു. കുട്ടിയുടെ അമ്മ പ്രതിയെ ചെരുപ്പൂരി അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഇയാളെ റെയിൽവേ പൊലീസിന് കൈമാറി. സംഭവത്തിൽ റെയിൽവേ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോൾ, നിയമം കൈയിലെടുക്കാൻ പൊതുജനത്തിന് അവകാശമില്ലെന്നും കോടതിയാണ് ശിക്ഷവിധിക്കേണ്ടതെന്നുമാണ് മറുവിഭാഗത്തിന്റെ വാദം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362688/content-highlights-attempted-rape-of-7-year-old-girl-on-moving-train-accused-beaten-up-and-caught-by-fellow-passengers)