---
title: "മൃതദേഹം കുഴിച്ചുമൂടി മുകളിൽ കെട്ടിടം പണിതു; 'ദൃശ്യം' മോഡൽ കൊലപാതകക്കേസിൽ നാടകീയ വഴിത്തിരിവ്, അസ്ഥികൂടം കണ്ടെത്തിയിട്ടും പ്രതിയെ വിട്ടയച്ച് കോടതി!"
english_title: "Court releases accused in murder case despite discovery of skeleton"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362640/court-releases-accused-in-murder-case-despite-discovery-of-skeleton"
published_at: "2026-05-30T09:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688597db2c81d_DEADBODY.jpg"
keywords: ["Latest News", "Kottayam", "Murder case", "Accused", "released"]
---

# മൃതദേഹം കുഴിച്ചുമൂടി മുകളിൽ കെട്ടിടം പണിതു; 'ദൃശ്യം' മോഡൽ കൊലപാതകക്കേസിൽ നാടകീയ വഴിത്തിരിവ്, അസ്ഥികൂടം കണ്ടെത്തിയിട്ടും പ്രതിയെ വിട്ടയച്ച് കോടതി!

> **Lead Summary:** **കോട്ടയം: [ **തലയോലപ്പറമ്പ് സ്വദേശി മാത്യുവിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ ശേഷം ആ സ്ഥലത്ത് കെട്ടിടം നിർമിച്ച് തെളിവ് നശിപ്പിച്ചെന്ന കേസിൽ പ്രതി ടിവിപുരം സ്വദേശി വി. അനീഷിനെ കോടതി വെറുതേ വിട്ടയച്ചു.

## Article Content

**കോട്ടയം: [ **തലയോലപ്പറമ്പ് സ്വദേശി മാത്യുവിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ ശേഷം ആ സ്ഥലത്ത് കെട്ടിടം നിർമിച്ച് തെളിവ് നശിപ്പിച്ചെന്ന കേസിൽ പ്രതി ടിവിപുരം സ്വദേശി വി. അനീഷിനെ കോടതി വെറുതേ വിട്ടയച്ചു.

പ്രതിക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എം. മനോജിന്റെ ഉത്തരവ്. സിനിമയെ വെല്ലുന്ന രീതിയിൽ വലിയ മാധ്യമശ്രദ്ധ നേടിയ കേസിനാണ് ഇതോടെ നാടകീയമായ വഴിത്തിരിവുണ്ടായിരിക്കുന്നത്.

2008 നവംബർ 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പണമിടപാടിലെ തർക്കത്തെ തുടർന്ന് മാത്യുവിനെ കൊലപ്പെടുത്തിയ അനീഷ്, തന്റെ കടമുറിയുടെ പിൻഭാഗത്ത് കുഴിച്ചുമൂടുകയും പിന്നീട് അവിടെ പുതിയ കെട്ടിടം പണിത് തെളിവുകൾ പൂർണ്ണമായി ഇല്ലാതാക്കാൻ ശ്രമിച്ചെന്നുമാണ് പോലീസ് കണ്ടെത്തിയിരുന്നത്.

എന്നാൽ 2008ൽ നടന്ന ഈ കൊലപാതകം എട്ട് വർഷങ്ങൾക്ക് ശേഷം 2016 ലാണ് പുറംലോകം അറിയുന്നത്. വ്യാജനോട്ട് കേസിൽ ഗുജറാത്ത് ജയിലിൽ കഴിഞ്ഞിരുന്ന അനീഷ് സഹതടവുകാരനോട് നടത്തിയ നിർണായക വെളിപ്പെടുത്തലിലൂടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

തുടർന്ന് 2016 ഡിസംബറിൽ കേരള പോലീസ് അനീഷിനെ അറസ്റ്റ് ചെയ്യുകയും, ഇയാളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ തറ പൊളിച്ച് മാത്യുവിന്റെ അസ്ഥികൂടം കണ്ടെത്തുകയും ചെയ്തു.

ഡിഎൻഎ പരിശോധനയിൽ ഈ അസ്ഥികൾ മാത്യുവിന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും കോടതിയിൽ പ്രതിക്കെതിരെയുള്ള കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.

സൂപ്പർഹിറ്റ് ചിത്രം ‘ദൃശ്യം’ റിലീസ് ചെയ്യുന്നതിനും അഞ്ച് വർഷം മുൻപാണ് ഈ ക്രൂരകൃത്യം നടന്നതെങ്കിലും, മൃതദേഹം മറവു ചെയ്ത രീതി കൊണ്ട് ‘ദൃശ്യം മോഡൽ കൊലപാതകം’ എന്ന പേരിലാണ് ഈ കേസ് ഏറെ ജനശ്രദ്ധ നേടിയിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362640/court-releases-accused-in-murder-case-despite-discovery-of-skeleton)