---
title: "ലാവോസ് ഗുഹാ ദുരന്തം: 10 ദിവസത്തിന് ശേഷം ആദ്യത്തെയാളെ പുറത്തെത്തിച്ചു; 2 പേർക്കായി തിരച്ചിൽ തുടരുന്നു"
english_title: "Content Highlights: -A flash flood hit while searching for gold; One person trapped in a cave rescued after 10 days; Two others missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362639/content-highlights-a-flash-flood-hit-while-searching-for-gold-one-person-trapped-in-a-cave-rescued-after-10-days-two-others-missing"
published_at: "2026-05-30T09:46:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a653a6b099_GHGJ.jpg"
keywords: ["LAtest news", "SEARCHING GOLD", "CAVE"]
---

# ലാവോസ് ഗുഹാ ദുരന്തം: 10 ദിവസത്തിന് ശേഷം ആദ്യത്തെയാളെ പുറത്തെത്തിച്ചു; 2 പേർക്കായി തിരച്ചിൽ തുടരുന്നു

> **Lead Summary:** വിയന്റിയൻ: **[** മധ്യ ലാവോസിലെ സെയ്‌സോംബൂൺ പ്രവിശ്യയിൽ സ്വർണം തിരയുന്നതിനിടെ ഗുഹയിൽ കുടുങ്ങിയ ഏഴംഗ സംഘത്തിലെ ഒരാളെ പത്ത് ദിവസത്തിന് ശേഷം വിജയകരമായി രക്ഷപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച ഗുഹയ്ക്കുള്ളിൽ കണ്ടെത്തിയ അഞ്ചുപേരിൽ ഒരാളെയാണ് അതിസാഹസികമായി പുറത്തെത്തിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് രക്ഷാദൗത്യത്തിൽ പങ്കാളികളായ തായ് രക്ഷാസംഘം അറിയിച്ചു. മെയ് 20-നാണ് മിന്നൽ പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഗ്രാമീണർ ഗുഹയ്ക്കുള്ളിൽ അകപ്പെട്ടത്.

## Article Content

വിയന്റിയൻ: **[** മധ്യ ലാവോസിലെ സെയ്‌സോംബൂൺ പ്രവിശ്യയിൽ സ്വർണം തിരയുന്നതിനിടെ ഗുഹയിൽ കുടുങ്ങിയ ഏഴംഗ സംഘത്തിലെ ഒരാളെ പത്ത് ദിവസത്തിന് ശേഷം വിജയകരമായി രക്ഷപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച ഗുഹയ്ക്കുള്ളിൽ കണ്ടെത്തിയ അഞ്ചുപേരിൽ ഒരാളെയാണ് അതിസാഹസികമായി പുറത്തെത്തിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് രക്ഷാദൗത്യത്തിൽ പങ്കാളികളായ തായ് രക്ഷാസംഘം അറിയിച്ചു. മെയ് 20-നാണ് മിന്നൽ പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഗ്രാമീണർ ഗുഹയ്ക്കുള്ളിൽ അകപ്പെട്ടത്.

ഗുഹയ്ക്കുള്ളിൽ പലയിടത്തും 50 സെന്റീമീറ്റർ മാത്രം വ്യാസമുള്ള (വീതിയുള്ള) ഇടുങ്ങിയ തുരങ്കങ്ങളായതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. ഗുഹയുടെ കവാടത്തിൽ നിന്ന് 300 മീറ്ററോളം താഴ്ചയിൽ ചെളിയിൽ പുതഞ്ഞ നിലയിലാണ് മുങ്ങൽ വിദഗ്ദ്ധർ അഞ്ചുപേരെ കണ്ടെത്തിയത്.  ദിവസങ്ങളായി ഭക്ഷണം ലഭിക്കാതെ വിശന്നു വലഞ്ഞ ഇവർക്ക് നെഞ്ചുവേദനയുള്ളതായും രക്ഷാപ്രവർത്തകരോട് പറഞ്ഞു.

ഗുഹയ്ക്കുള്ളിലെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് അഞ്ചുപേരെയും ഒരുമിച്ച് പുറത്തെത്തിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ വെള്ളം ഒഴിഞ്ഞുപോകാത്തതിനാൽ ഈ ശ്രമം പരാജയപ്പെട്ടു. തുടർന്നാണ് മുങ്ങൽ വിദഗ്ദ്ധരെ നേരിട്ട് ഇറക്കി ഓരോരുത്തരെയായി പുറത്തെത്തിക്കാൻ തീരുമാനിച്ചത്.

ആദ്യത്തെയാളെ പുറത്തെത്തിച്ച രീതി ദൗത്യസംഘം വ്യക്തമാക്കിയിട്ടില്ല. ബാക്കിയുള്ള നാല് പേരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ഇവരെ പുറത്തെത്തിക്കാനുള്ള നടപടികളിലേക്ക് കടക്കും. കാണാതായ മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരും.

ലാവോസിനെ സഹായിക്കാൻ തായ്‌ലൻഡ്, ഇന്തോനേഷ്യ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര മുങ്ങൽ വിദഗ്ദ്ധരുടെ സംഘമാണ് സ്ഥലത്തുള്ളത്. 2018-ൽ ലോകത്തെ ശ്വാസം അടക്കിപ്പിടിപ്പിച്ച തായ്‌ലൻഡിലെ ചിയാങ് റായ് ഗുഹാ ദുരന്തത്തിന് സമാനമായ സാഹചര്യമാണിത്. അന്ന് 12 ആൺകുട്ടികളെയും ഫുട്ബോൾ കോച്ചിനെയും രക്ഷിക്കാൻ മുൻകൈ എടുത്ത ഫിൻലൻഡ് സ്വദേശിയായ മുങ്ങൽ വിദഗ്ദ്ധനും ഈ ലാവോസ് ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362639/content-highlights-a-flash-flood-hit-while-searching-for-gold-one-person-trapped-in-a-cave-rescued-after-10-days-two-others-missing)