---
title: "ഗുസ്തി ഫെഡറേഷൻ്റെ കടുംപിടുത്തം തകർത്തു; വിനേഷ് ഫോഗട്ടിന് 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ അനുമതി"
english_title: "Vinesh Phogat cleared to compete in 53kg category"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362632/vinesh-phogat-cleared-to-compete-in-53kg-category"
published_at: "2026-05-30T09:24:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a5fe5d33f1_VINESH_PHOGATT.jpg"
keywords: ["Latest News", "Vinesh Phogatt", "Wrestling Federation"]
---

# ഗുസ്തി ഫെഡറേഷൻ്റെ കടുംപിടുത്തം തകർത്തു; വിനേഷ് ഫോഗട്ടിന് 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ അനുമതി

> **Lead Summary:** **ന്യൂഡൽഹി: [ **ഏഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിനെ വിലക്കാനുള്ള റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അവസാനവട്ട നീക്കങ്ങളും നാടകീയ രംഗങ്ങൾക്കൊടുവിൽ പരാജയപ്പെട്ടു.

## Article Content

**ന്യൂഡൽഹി: [ **ഏഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിനെ വിലക്കാനുള്ള റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അവസാനവട്ട നീക്കങ്ങളും നാടകീയ രംഗങ്ങൾക്കൊടുവിൽ പരാജയപ്പെട്ടു.

കോടതി ഉത്തരവുകളുടെ പിൻബലത്തോടെ എത്തിയ വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ ഫെഡറേഷൻ ഒടുവിൽ അനുവദിക്കുകയായിരുന്നു. നേരത്തെ ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും താരത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നെങ്കിലും, ശനിയാഴ്ച രാവിലെ നടന്ന ഭാരപരിശോധനയ്ക്കിടെ ഫെഡറേഷൻ പുതിയ തടസ്സവാദങ്ങളുമായി രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞ പാരീസ് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള നാല് അന്താരാഷ്ട്ര ടൂർണമെൻ്റുകളിൽ വിനേഷ് 50 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ തടസ്സവാദമുന്നയിച്ചത്.

അതിനാൽ 50 കിലോഗ്രാം വിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ അനുവദിക്കൂ എന്ന കടുത്ത നിലപാട് ഫെഡറേഷൻ സ്വീകരിച്ചതോടെ വേദിയിൽ വലിയ രീതിയിലുള്ള വാഗ്വാദങ്ങളും പ്രതിഷേധവും അരങ്ങേറി.

തനിക്ക് താൽപര്യമുള്ള ഭാര വിഭാഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതിലൂടെ ഫെഡറേഷൻ തന്നോട് കടുത്ത വിവേചനം കാണിക്കുകയാണെന്ന് വിനേഷ് ഫോഗട്ട് പരസ്യമായി ആരോപിച്ചു.

രംഗം വഷളായതോടെ ഗുസ്തി ഫെഡറേഷൻ പ്രസിഡൻ്റ് സഞ്ജയ് സിംഗ് നേരിട്ട് ഇടപെട്ടാണ് ഒടുവിൽ പ്രശ്നം പരിഹരിച്ചത്. വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ അനുവദിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

താൻ ഏത് വിഭാഗത്തിലാണ് മത്സരിക്കുന്നതെന്ന് വിനേഷ് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും, എന്നാൽ ഫെഡറേഷന് ആരോടും വിവേചനമില്ലാത്തതിനാലും അവർ ഭാരം പരിശോധിക്കാൻ ആവശ്യപ്പെട്ടതിനാലുമാണ് അനുമതി നൽകിയതെന്നും സഞ്ജയ് സിംഗ് പിന്നീട് വാർത്താ ഏജൻസിയായ പി.ടി.ഐയോട് വ്യക്തമാക്കി.

ഭാരപരിശോധനയിൽ 53.9 കിലോഗ്രാം രേഖപ്പെടുത്തിയതോടെ വിനേഷിനെ ഔദ്യോഗികമായി 53 കിലോഗ്രാം വിഭാഗത്തിൻ്റെ ഡ്രോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കൂടിയായ വിനേഷിന് ട്രയൽസിൽ മീനാക്ഷി ഗോയത്, ആൻ്റിം പംഗൽ എന്നിവരിൽ നിന്നാണ് ഇനി കടുത്ത വെല്ലുവിളി നേരിടേണ്ടി വരിക.

ഈ ട്രയൽസിലെ വിജയിയായിരിക്കും ഈ വർഷം അവസാനം നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ഗോദയിലിറങ്ങുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362632/vinesh-phogat-cleared-to-compete-in-53kg-category)