---
title: "ചക്രവാതചുഴി....! സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും, ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ"
english_title: "Content Highlights:-Kerala Rain Alert Today 30 05 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362610/content-highlights-kerala-rain-alert-today-30-05-2026"
published_at: "2026-05-30T07:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01d832d40e9_rain.jpg"
keywords: []
---

# ചക്രവാതചുഴി....! സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും, ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റന്നാൾ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.

കൂടാതെ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കൈാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ നിലവിൽ വരും. 52 ദിവസം നീണ്ടുനിൽക്കുന്ന നിരോധനം ജൂലൈ 31 അർധരാത്രി വരെയാണ് ഉണ്ടാകുക. ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ വിളിച്ചു ചേർത്ത മത്സ്യബന്ധന മേഖലയിലെ വിവിധ വിഭാഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

മൺസൂൺ കാലത്തെ മത്സ്യങ്ങളുടെ പ്രജനനകാലം സംരക്ഷിക്കാനും സമുദ്ര മത്സ്യസമ്പത്ത് വർധിപ്പിക്കാനുമാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.

നിരോധന കാലയളവിൽ മെക്കനൈസ്ഡ് ബോട്ടുകൾക്ക് കടലിൽ മത്സ്യബന്ധനത്തിന് പോകാൻ അനുമതിയുണ്ടാകില്ല. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇൻബോർഡ് വള്ളങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനം തുടരാം. ട്രോളിംഗ് നിരോധനം കർശനമായി നടപ്പാക്കുന്നതിനായി തീരദേശ ജില്ലകളിൽ പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ ജൂൺ 9ന് മുമ്പ് കേരള തീരം വിടണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362610/content-highlights-kerala-rain-alert-today-30-05-2026)