---
title: "മോർഫിങ് വീരൻ; പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി അശ്ലീലമാക്കി സോഷ്യൽ മീഡിയ വഴി പ്രചാരണം; യുവമോർച്ച  നേതാവ് പിടിയിൽ"
english_title: " Content Highlights:- Youth Morcha leader arrested for secretly copying, morphing and promoting images and videos of girls"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362595/content-highlights-youth-morcha-leader-arrested-for-secretly-copying-morphing-and-promoting-images-and-videos-of-girls"
published_at: "2026-05-29T22:30:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19c64fcd3be_yuvamorcha_nethav.jpg"
keywords: ["Latest News", "Youth Morcha Leader", "Morphing Case", "Arrest"]
---

# മോർഫിങ് വീരൻ; പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി അശ്ലീലമാക്കി സോഷ്യൽ മീഡിയ വഴി പ്രചാരണം; യുവമോർച്ച  നേതാവ് പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: **പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി മോർഫ് ചെയ്ത് അശ്ലീലമാക്കി സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയ യുവമോർച്ച നേതാവ് പിടിയിൽ.

## Article Content

**തിരുവനന്തപുരം: **പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി മോർഫ് ചെയ്ത് അശ്ലീലമാക്കി സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയ യുവമോർച്ച നേതാവ് പിടിയിൽ.

യുവമോർച്ച നെടുമങ്ങാട് നിയോജക മണ്ഡലം ട്രഷറർ വലിയമല പതിനാറാം കല്ല് കറ്റുവെട്ടി മുടിപ്പുരയിൽ വിഷ്ണു(26) ആണ് വലിയമല പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സോഷ്യൽ മീഡിയകളിൽ വക്രീകരിച്ചവിധം ചിത്രം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു സ്ത്രീ നൽകിയ പരാതിയിലാണ്‌ ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ക്യാമറ ഓണാക്കിയ ഫോൺ പോക്കറ്റിലിട്ട് പെൺകുട്ടികളുടെ സമീപമെത്തിയാണ് ഇയാൾ ചിത്രങ്ങളും വീഡിയോകളും പകർത്തിയിരുന്നത്.

പകർത്തുന്ന ചിത്രങ്ങളും വീഡിയോയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ അശ്ലീലം കലർത്തി ടെലഗ്രാം– ഇൻസ്റ്റഗ്രാം വഴി സുഹൃത്ത്ക്കൾക്ക് അയച്ചു കൊടുക്കും.

ഇത്തരം നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയാ ഹാൻഡിലുകളിൽ പ്രചരിക്കുന്നുണ്ട്. തന്റെ ചിത്രം ഇതേവിധം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു സ്ത്രീ ഏതാനും ദിവസം മുമ്പാണ് വലിയമല പൊലീസിന് പരാതി നൽകിയത്. അന്വേഷണത്തിൽ വിഷ്ണുവിന്റെ ഫോണിലാണ് ചിത്രം പകർത്തിയതെന്ന് കണ്ടെത്തി.

തുടർന്നുള്ള പരിശോധനയിലാണ് വ്യാപകമായി ഈ വിധം ഫോട്ടോകളും വീഡിയോകളും പകർത്തി പ്രചരിപ്പിച്ചതായി കണ്ടെത്തിയത്.

പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോൺ പിടിച്ചെടുത്ത് കൂടുതൽ പരിശോധനകൾക്കായി സൈബർ സെല്ലിന് കൈമാറിയതായും വലിയമല പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362595/content-highlights-youth-morcha-leader-arrested-for-secretly-copying-morphing-and-promoting-images-and-videos-of-girls)