---
title: "പത്താം ക്ലാസിലെത്തിയിട്ടും അക്ഷരമറിയാത്ത സ്ഥിതി മാറണം! പുതിയ അധ്യയന വർഷത്തിന് തിങ്കളാഴ്ച തുടക്കം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും"
english_title: "The new academic year begins on Monday."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362524/the-new-academic-year-begins-on-monday"
published_at: "2026-05-29T14:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a195a7518c17_education_minister.jpg"
keywords: ["Latest News", "Thiruvanandapuram", "Academic year"]
---

# പത്താം ക്ലാസിലെത്തിയിട്ടും അക്ഷരമറിയാത്ത സ്ഥിതി മാറണം! പുതിയ അധ്യയന വർഷത്തിന് തിങ്കളാഴ്ച തുടക്കം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

> **Lead Summary:** **തിരുവനന്തപുരം: [** സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: [** സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.

വരും തിങ്കളാഴ്ച നടക്കുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് ഹൈസ്‌കൂളിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിപുലമായ രീതിയിൽ തന്നെ പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രശസ്ത കവി റഫീഖ് അഹമ്മദ് രചിച്ച്, ജനപ്രിയ സംഗീതസംവിധായകനും ഗായകനുമായ ഹിഷാം അബ്ദുൾ വഹാബ് ആലപിച്ച മനോഹരമായ ഗാനമാണ് ഇത്തവണത്തെ പ്രവേശനോത്സവത്തിനായി ഒരുക്കിയിരിക്കുന്നത്.

കാസർകോട് ജില്ലയിൽ രണ്ട് സ്ഥലങ്ങളിൽ ജില്ലാതല പ്രവേശനോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തിൽ യാതൊരുവിധ തർക്കങ്ങൾക്കുമില്ലെന്നും, ആശയവിനിമയത്തിൽ ചില വ്യക്തതക്കുറവുകൾ ഉണ്ടായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും വ്യക്തമാക്കിയ മന്ത്രി രണ്ട് പരിപാടികളും ഭംഗിയായി നടക്കട്ടെയെന്നും കൂട്ടിച്ചേർത്തു.

മലബാർ മേഖലയിലുൾപ്പെടെ ഉയർന്നുവരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആവശ്യാനുസരണം സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. സ്‌കൂളുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തെക്കുറിച്ചും സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്.

നിലവിൽ പത്താം ക്ലാസിൽ എത്തിയ കുട്ടികൾക്ക് പോലും അടിസ്ഥാനപരമായി അക്ഷരം അറിയില്ല എന്ന തരത്തിലുള്ള ആശങ്കാജനകമായ ചില സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362524/the-new-academic-year-begins-on-monday)