---
title: "ഫ്ലോറിഡയിൽ വിക്ഷേപണ പരീക്ഷണത്തിനിടെ ബ്ലൂ ഒറിജിൻ റോക്കറ്റ് പൊട്ടിത്തെറിച്ചു, യുഎസ് സ്പേസ് ഫോഴ്സ് അന്വേഷണം ആരംഭിച്ചു"
english_title: "Blue Origin rocket explodes during launch test in Florida, US Space Force launches investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362518/blue-origin-rocket-explodes-during-launch-test-in-florida-us-space-force-launches-investigation"
published_at: "2026-05-29T14:30:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19561353ee6_Blue_Origin.jpg"
keywords: ["Latest News", "Blue Origin", "Rocket Explosions", "Jeff Bezoss"]
---

# ഫ്ലോറിഡയിൽ വിക്ഷേപണ പരീക്ഷണത്തിനിടെ ബ്ലൂ ഒറിജിൻ റോക്കറ്റ് പൊട്ടിത്തെറിച്ചു, യുഎസ് സ്പേസ് ഫോഴ്സ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** ഫ്ലോറിഡ : ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ 'ബ്ലൂ ഒറിജിൻ' വികസിപ്പിച്ച റോക്കറ്റ് പരീക്ഷണത്തിനിടെ ലോഞ്ച് പാഡിൽ പൊട്ടിത്തെറിച്ചു. ഫ്ലോറിഡയിലെ കേപ്പ് കനാവറലിൽ പ്രാദേശിക സമയം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. റോക്കറ്റ് വലിയൊരു അഗ്നിഗോളമായി മാറി ലോഞ്ച് പാഡിൽ തീ പടരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

## Article Content

ഫ്ലോറിഡ : ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ 'ബ്ലൂ ഒറിജിൻ' വികസിപ്പിച്ച റോക്കറ്റ് പരീക്ഷണത്തിനിടെ ലോഞ്ച് പാഡിൽ പൊട്ടിത്തെറിച്ചു. ഫ്ലോറിഡയിലെ കേപ്പ് കനാവറലിൽ പ്രാദേശിക സമയം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. റോക്കറ്റ് വലിയൊരു അഗ്നിഗോളമായി മാറി ലോഞ്ച് പാഡിൽ തീ പടരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

റോക്കറ്റിന്റെ എൻജിൻ ശേഷി പരിശോധിക്കുന്ന 'ഹോട്ട്ഫയർ' പരീക്ഷണത്തിനിടെയാണ് അപകടമുണ്ടായത്. പരീക്ഷണത്തിനിടെ സാങ്കേതിക തകരാർ സംഭവിച്ചതായി ബ്ലൂ ഒറിജിൻ അധികൃതർ സ്ഥിരീകരിച്ചു. ലോഞ്ച് പാഡിൽ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും കമ്പനി അറിയിച്ചു. പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികളില്ലെന്ന് ബ്രെവാർഡ് കൗണ്ടി എമർജൻസി മാനേജ്‌മെന്റ് വ്യക്തമാക്കി.

റോക്കറ്റ് തകർന്നത് വലിയൊരു തിരിച്ചടിയാണെങ്കിലും കമ്പനി ശക്തമായി മുന്നോട്ട് പോകുമെന്ന് ജെഫ് ബെസോസ് പ്രതികരിച്ചു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കമ്പനി അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ യുഎസ് സ്പേസ് ഫോഴ്സും രംഗത്തുണ്ട്. ബഹിരാകാശ ദൗത്യങ്ങൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും അന്വേഷണത്തിന് നാസയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ വ്യക്തമാക്കി.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സംഭവത്തെക്കുറിച്ച് നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ മാസവും ബ്ലൂ ഒറിജിന്റെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടിരുന്നു. സാറ്റലൈറ്റ് ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് എഫ്എഎ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് പുതിയ തിരിച്ചടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362518/blue-origin-rocket-explodes-during-launch-test-in-florida-us-space-force-launches-investigation)