---
title: "ഇന്ത്യൻ കറൻസിയിൽ വിപ്ലവകരമായ മാറ്റം; പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് നോട്ടുകളുമായി റിസർവ് ബാങ്ക്, ആദ്യം പുറത്തിറങ്ങുക 10, 20 രൂപ നോട്ടുകൾ"
english_title: "content highlights:- Reserve Bank of India to replace paper notes with plastic notes in Indian currency"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362506/content-highlights-reserve-bank-of-india-to-replace-paper-notes-with-plastic-notes-in-indian-currency"
published_at: "2026-05-29T13:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a194cd6b5872_currency.jpg"
keywords: ["Latest News", "Newdelhi", "Indian Currency"]
---

# ഇന്ത്യൻ കറൻസിയിൽ വിപ്ലവകരമായ മാറ്റം; പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് നോട്ടുകളുമായി റിസർവ് ബാങ്ക്, ആദ്യം പുറത്തിറങ്ങുക 10, 20 രൂപ നോട്ടുകൾ

> **Lead Summary:** **മുംബൈ:[ **[ ]രാജ്യത്തെ കറൻസി നോട്ടുകളുടെ അച്ചടിയിലും രൂപകൽപ്പനയിലും വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ ഉപയോഗിച്ചുവരുന്ന കോട്ടൺ അധിഷ്ഠിത പേപ്പർ നോട്ടുകൾക്ക് പകരം, പ്രത്യേക പ്ലാസ്റ്റിക് അഥവാ പോളിമർ ഉപയോഗിച്ച് നിർമ്മിച്ച കറൻസി നോട്ടുകൾ വിപണിയിലിറക്കാനാണ് ആർ.ബി.ഐ ആലോചിക്കുന്നത്.

## Article Content

**മുംബൈ:[ **[ ]രാജ്യത്തെ കറൻസി നോട്ടുകളുടെ അച്ചടിയിലും രൂപകൽപ്പനയിലും വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ ഉപയോഗിച്ചുവരുന്ന കോട്ടൺ അധിഷ്ഠിത പേപ്പർ നോട്ടുകൾക്ക് പകരം, പ്രത്യേക പ്ലാസ്റ്റിക് അഥവാ പോളിമർ ഉപയോഗിച്ച് നിർമ്മിച്ച കറൻസി നോട്ടുകൾ വിപണിയിലിറക്കാനാണ് ആർ.ബി.ഐ ആലോചിക്കുന്നത്.

ഇതിന്റെ ആദ്യഘട്ട പരീക്ഷണമെന്നോണം 10 രൂപയുടെയും 20 രൂപയുടെയും നോട്ടുകളായിരിക്കും പ്ലാസ്റ്റിക് കറൻസിയായി ആദ്യമായി പൊതുജനങ്ങളിലേക്ക് എത്തുക. നിലവിലുള്ള നോട്ടുകളെ അപേക്ഷിച്ച് എളുപ്പത്തിൽ മുഷിയുകയോ കേടുപാടുകൾ സംഭവിക്കുകയോ ഇല്ലെന്നതും ദീർഘകാലം ഈടുനിൽക്കുമെന്നതുമാണ് പോളിമർ നോട്ടുകളുടെ പ്രധാന സവിശേഷത.

സാധാരണ നോട്ടുകൾ പോലെ തന്നെ ഇവയും പേഴ്സിലോ പോക്കറ്റിലോ മടക്കി സൂക്ഷിക്കാൻ സാധിക്കും. കറൻസി അച്ചടിക്ക് വേണ്ടി വരുന്ന വൻ തുകയും മുഷിഞ്ഞ നോട്ടുകൾ മാറ്റിയെടുക്കാനുള്ള പ്രതിസന്ധിയുമാണ് ഇത്തരമൊരു നീക്കത്തിലേക്ക് റിസർവ് ബാങ്കിനെ നയിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം കറൻസി അച്ചടിക്കാനായി 6372.8 കോടി രൂപയാണ് ആർ.ബി.ഐക്ക് ചെലവായത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കൂടാതെ, ഇതേ കാലയളവിൽ വിപണിയിൽ നിന്ന് 2380 കോടിയോളം മുഷിഞ്ഞ നോട്ടുകൾ റിസർവ് ബാങ്കിന് പിൻവലിക്കേണ്ടി വരികയും ചെയ്തു.

ഇതിൽ ഭൂരിഭാഗവും 500-ന്റെയും 100-ന്റെയും നോട്ടുകളായിരുന്നു. ഡിജിറ്റൽ ഇടപാടുകൾ വ്യാപകമായെങ്കിലും രാജ്യത്ത് ഇപ്പോഴും കറൻസി നോട്ടുകളുടെ പ്രചാരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

നിലവിൽ വിപണിയിലുള്ള നോട്ടുകളിൽ 40 ശതമാനവും 500 രൂപ നോട്ടുകളാണ്. അതേസമയം 10, 20, 50 രൂപ നോട്ടുകൾ മൊത്തം കറൻസിയുടെ 32 ശതമാനത്തോളം വരും. ഈ സാഹചര്യത്തിൽ കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ പ്ലാസ്റ്റിക്കിലേക്ക് മാറ്റുന്നത് അച്ചടിച്ചെലവ് വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കും.

സാമ്പത്തിക നേട്ടത്തിന് പുറമെ കള്ളനോട്ടടി തടയാൻ സാധിക്കുമെന്നതാണ് പ്ലാസ്റ്റിക് നോട്ടുകളുടെ മറ്റൊരു വലിയ ഗുണം. പ്ലാസ്റ്റിക് പ്രതലമായതിനാൽ സാധാരണ പേപ്പറുകളേക്കാൾ കൂടുതൽ സുരക്ഷാ ഫീച്ചറുകളും സങ്കീർണ്ണമായ പ്രത്യേക മഷികളും ഇതിൽ ഉൾപ്പെടുത്താൻ സാധിക്കും.

ഇത് വ്യാജ നോട്ടുകൾ നിർമ്മിക്കുന്നത് അസാധ്യമാക്കും. മുൻപ് 2012-ൽ കൊച്ചി ഉൾപ്പെടെയുള്ള രാജ്യത്തെ അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ ഇറക്കാൻ ആർ.ബി.ഐ ശ്രമിച്ചിരുന്നെങ്കിലും ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം അത് ഉപേക്ഷിക്കുകയായിരുന്നു.

എന്നാൽ ഇന്ന് എ.ടി.എമ്മുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്ലാസ്റ്റിക് നോട്ടുകൾ കൈകാര്യം ചെയ്യാൻ പാകത്തിൽ ആധുനികവൽക്കരിക്കപ്പെട്ടതിനാൽ പഴയ തടസ്സങ്ങളില്ല. ലോകത്താദ്യമായി 1988-ൽ ഓസ്‌ട്രേലിയയാണ് പോളിമർ കറൻസി സമ്പ്രദായം നടപ്പിലാക്കിയത്.

നിലവിൽ യുകെ, കാനഡ, ന്യൂസിലൻഡ്, സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് ഉൾപ്പെടെ അറുപതോളം രാജ്യങ്ങൾ വിജയകരമായി പ്ലാസ്റ്റിക് നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്ന 10, 20 രൂപ നോട്ടുകളുടെ വിതരണം വിജയകരമായാൽ ഘട്ടഘട്ടമായി ഉയർന്ന മൂല്യമുള്ള മറ്റ് കറൻസി നോട്ടുകളും പ്ലാസ്റ്റിക്കിലേക്ക് മാറ്റാനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362506/content-highlights-reserve-bank-of-india-to-replace-paper-notes-with-plastic-notes-in-indian-currency)