---
title: "ചോദിച്ച് മേടിച്ചതല്ലേ സന്തോഷായോ...? ദർശനത്തിനായി 4000 രൂപ വേണം; ദേവസ്വം മന്ത്രിയോട് കൈക്കൂലി ആവശ്യപ്പെട്ട  പൂജാരിക്ക് സസ്പെൻഷൻ"
english_title: " Content Highlights:- Priest suspended for demanding bribe from Devaswom minister during darshan in Tamil Nadu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362499/content-highlights-priest-suspended-for-demanding-bribe-from-devaswom-minister-during-darshan-in-tamil-nadu"
published_at: "2026-05-29T13:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698e962ed0d11_suspended.jpg"
keywords: ["Latest News", "Bribe Case", "Tamilnadu", "Devaswom Minister"]
---

# ചോദിച്ച് മേടിച്ചതല്ലേ സന്തോഷായോ...? ദർശനത്തിനായി 4000 രൂപ വേണം; ദേവസ്വം മന്ത്രിയോട് കൈക്കൂലി ആവശ്യപ്പെട്ട  പൂജാരിക്ക് സസ്പെൻഷൻ

> **Lead Summary:** തൂത്തുക്കുടി: തമിഴ്നാട്ടിലെ തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ദേവസ്വംമന്ത്രിയിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ട് പൂജാരി.

## Article Content

തൂത്തുക്കുടി: തമിഴ്നാട്ടിലെ തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ദേവസ്വംമന്ത്രിയിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ട് പൂജാരി.

ദർശനത്തിനായി 4000 രൂപ ​ഗൂ​ഗിൾ പേ ചെയ്യണമെന്നാണ് ദേവസ്വംമന്ത്രി എസ് രമേശിനോടും അദ്ദേഹത്തിന്റെ സഹായികളോടും പൂജാരി ആവശ്യപ്പെട്ടത്. സംഭവത്തിന് പിന്നാലെ പൂജാരിയെ സസ്പെൻഡ് ചെയ്തു.

വെള്ളി പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. മന്ത്രി മുൻകൂട്ടി അറിയിക്കാതെയാണ് ക്ഷേത്രത്തിൽ എത്തിയത്. ഷൺമുഖവിലാസ് മണ്ഡപം വഴി നാലുപേരടങ്ങുന്ന സംഘത്തിന് ദർശനം ക്രമീകരിക്കാൻ തന്റെ പേഴ്‌സണൽ അസിസ്റ്റന്റിനെ അയക്കുകയായിരുന്നു. ഒരാൾക്ക് ആയിരം രൂപ വീതമാണ് പൂജാരി ആവശ്യപ്പെട്ടത്.

ദേവസ്വം മന്ത്രിയാണ് എത്തിയതെന്ന് പൂജാരി തിരിച്ചറിഞ്ഞിരുന്നില്ല. കൂടെയുണ്ടായിരുന്ന മറ്റ് ജീവനക്കാരാണ് ഈ വിവരം അറിയിച്ചത്.

പണം കൈമാറിയതിന് തൊട്ടുപിന്നാലെ, മന്ത്രി രമേശ് ജോയിന്റ് കമീഷണർ ഉൾപ്പെടെയുള്ള മുതിർന്ന ക്ഷേത്ര ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ക്രമക്കേടിന്റെ തെളിവായി ഡിജിറ്റൽ പേയ്‌മെന്റ് രസീത് കാണിക്കുകയും ചെയ്തു. തുടർന്ന് പൂജാരിയെ സസ്പെൻഡ് ചെയ്തു.

ഷൺമുഖവിലാസ് മണ്ഡപത്തിലെ വിവിഐപി പാതയിലൂടെ ദർശനം നടത്തിക്കാമെന്ന് പറഞ്ഞ് നിയമവിരുദ്ധമായി പണം ഈടാക്കുന്നുവെന്ന് തീർത്ഥാടകർ നേരത്തെയും നിരവധി പരാതികൾ ഉന്നയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362499/content-highlights-priest-suspended-for-demanding-bribe-from-devaswom-minister-during-darshan-in-tamil-nadu)