---
title: "കാലാവർഷമെത്താൻ ഒരാഴ്ച കൂടി വൈകും; പിന്നാലെ കനത്ത ഭീഷണിയായി 'എൽ നിനോ' പ്രതിഭാസവും, മഴയിൽ വലിയ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്"
english_title: "content highlights:- The monsoon season will be delayed by another week."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362481/the-monsoon-season-will-be-delayed-by-another-week"
published_at: "2026-05-29T12:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a193882923ea_monsoon_delay.jpg"
keywords: ["Latest News", "Monsoon season", "Delhi", "El Nino phenomenon"]
---

# കാലാവർഷമെത്താൻ ഒരാഴ്ച കൂടി വൈകും; പിന്നാലെ കനത്ത ഭീഷണിയായി 'എൽ നിനോ' പ്രതിഭാസവും, മഴയിൽ വലിയ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** **ന്യൂഡൽഹി:[ **രാജ്യത്ത് ഇത്തവണ കാലവർഷം എത്താൻ വൈകുമെന്നും മഴയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

## Article Content

**ന്യൂഡൽഹി:[ **രാജ്യത്ത് ഇത്തവണ കാലവർഷം എത്താൻ വൈകുമെന്നും മഴയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മൺസൂൺ പ്രഖ്യാപനത്തിനായുള്ള ഔദ്യോഗിക തീയതി അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെങ്കിലും അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

കാലവർഷം വൈകുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊടുംചൂടും കുടിവെള്ളക്ഷാമവും ഇതിനകം തന്നെ രൂക്ഷമായിക്കഴിഞ്ഞു. ഇതിനെല്ലാം പുറമെ, ആഗോള കാലാവസ്ഥയെ തകിടം മറിക്കുന്ന 'എൽ നിനോ' പ്രതിഭാസത്തിന്റെ നിഴലിലാണ് ഇത്തവണ ഇന്ത്യൻ മൺസൂൺ ഉള്ളതെന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.

എൽ നിനോ ശക്തമായാൽ രാജ്യത്ത് ലഭിക്കേണ്ട ദീർഘകാല ശരാശരി മഴയുടെ അളവ് 90 ശതമാനമായി ചുരുങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നത്. പുതിയ പ്രവചനങ്ങൾ അനുസരിച്ച് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇത്തവണ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ അളവിലേ മഴ പെയ്യാൻ സാധ്യതയുള്ളൂ.

കഴിഞ്ഞ ഏപ്രിൽ 30-ന് പുറത്തുവിട്ട പ്രാഥമിക പ്രവചനത്തിലും മഴ കുറയാനുള്ള സാധ്യതകളെക്കുറിച്ച് കാലാവസ്ഥാ വകുപ്പ് സൂചന നൽകിയിരുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ സമുദ്രതാപനില സാധാരണ നിലയിൽ തുടരുമെങ്കിലും, അതിനുശേഷമുള്ള പ്രധാന മൺസൂൺ കാലയളവിൽ എൽ നിനോ സാഹചര്യം രൂപപ്പെടാനാണ് സാധ്യത.

പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് സമുദ്രോപരിതല താപനില അസാധാരണമായി ഉയരുന്ന പ്രതിഭാസമാണ് എൽ നിനോ. ഇത് ആഗോളതലത്തിൽ അന്തരീക്ഷ ചംക്രമണത്തെ അടിമുടി മാറ്റുകയും പ്രവചനാതീതമായ വരൾച്ചയ്ക്കും പ്രകൃതിക്ഷോഭങ്ങൾക്കും വഴിമരുന്നിടുകയും ചെയ്യാറുണ്ട്.

ഒരു ദശകത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം, മുൻപ് റെക്കോർഡ് നാശനഷ്ടങ്ങൾ വിതച്ച 2015-16 കാലഘട്ടത്തേക്കാൾ ഇത്തവണ കൂടുതൽ ശക്തമായിരിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ ഭയം.

നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026 മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത 82 ശതമാനമാണ്.

കൂടാതെ ഈ വർഷാവസാനം വരെ ഇത് സജീവമായി നിലനിൽക്കാൻ 96 ശതമാനം സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കുന്നു. എൽ നിനോയുടെ ഈ ശക്തമായ സാന്നിധ്യം ഇന്ത്യൻ കാർഷിക മേഖലയെയും ജലലഭ്യതയെയും വരുംമാസങ്ങളിൽ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് രാജ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362481/the-monsoon-season-will-be-delayed-by-another-week)