---
title: "അനുഭവിച്ചത് നരകപീഡനം ....! ജോലി വാഗ്ദാനം; ആദിവാസി പെൺകുട്ടിയെ യു.പിയിലേക്ക് കടത്തി പീഡനം, പലർക്കായി വിറ്റു; പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് "
english_title: "content highlights:- Harassment with job offer in Odisha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362467/content-highlights-harassment-with-job-offer-in-odisha"
published_at: "2026-05-29T11:25:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a192a7629253_abuse.jpg"
keywords: []
---

# അനുഭവിച്ചത് നരകപീഡനം ....! ജോലി വാഗ്ദാനം; ആദിവാസി പെൺകുട്ടിയെ യു.പിയിലേക്ക് കടത്തി പീഡനം, പലർക്കായി വിറ്റു; പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് 

> **Lead Summary:** **ധെങ്കനാൽ: **ജോലി വാഗ്ദാനം നൽകി ഒഡീഷയിൽ നിന്ന് പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ ഉത്തർപ്രദേശിലേക്ക് കടത്തി രണ്ടു വർഷത്തോളം ക്രൂരമായ ലൈംഗിക-ശാരീരിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ കാമാഖ്യനഗർ പോലീസ് കേസെടുത്തു.

## Article Content

**ധെങ്കനാൽ: **ജോലി വാഗ്ദാനം നൽകി ഒഡീഷയിൽ നിന്ന് പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ ഉത്തർപ്രദേശിലേക്ക് കടത്തി രണ്ടു വർഷത്തോളം ക്രൂരമായ ലൈംഗിക-ശാരീരിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ കാമാഖ്യനഗർ പോലീസ് കേസെടുത്തു.

യു.പിയിലെ ഝാൻസിയിലേക്ക് മനുഷ്യക്കടത്ത് നടത്തി പലർക്കായി വിൽക്കപ്പെട്ട പെൺകുട്ടി, ഒടുവിൽ ഒരു പ്രാദേശിക അഭിഭാഷകന്റെ സഹായത്തോടെയാണ് സ്വന്തം നാട്ടിൽ തിരിച്ചെത്തി പോലീസിൽ പരാതി നൽകിയത്.

എഫ്‌.ഐ.ആർ പ്രകാരം അമ്മയുടെ രണ്ടാം വിവാഹത്തിന് ശേഷം പെൺകുട്ടി ധെങ്കനാൽ ജില്ലയിലെ കങ്കദഹഡ പ്രദേശത്ത് താമസിക്കുകയായിരുന്നു. 2024 ൽ ഭുവനേശ്വറിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു പ്രദേശവാസി പെൺകുട്ടിയെ സമീപിച്ചു.

ഭുവനേശ്വറിലെ ജോലിക്ക് പകരം ഉത്തർപ്രദേശിലേക്ക് കടത്തി ജില്ലയിലെ ആശിഷ് യാദവ് എന്ന വ്യക്തിക്ക് കൈമാറി. മൂന്ന് മാസത്തോളം ആശിഷിന്റെ വീട്ടിൽ ബന്ദിയാക്കി വെക്കുകയും ആശിഷും പിതാവ് കല്യാണും ചേർന്ന് നിരന്തരം പീഡിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ പെൺകുട്ടി ഗർഭിണിയായപ്പോൾ ആശിഷിന്റെ അമ്മ ഊർമിള നിർബന്ധപൂർവ്വം ഗർഭഛിദ്രം നടത്തിച്ചു.

തുടർന്ന് 2024 ഡിസംബറിൽ 50,000 രൂപക്ക് ചന്ദ്രപാൽ കുശ്വാഹ എന്നയാൾക്ക് പെൺകുട്ടിയെ വിറ്റു. ചന്ദ്രപാലും അയാളുടെ സഹോദരനും അമ്മാവന്മാരും ചേർന്ന് രണ്ട് വർഷത്തോളം പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. അവിടെനിന്ന് രക്ഷപ്പെട്ട് ഝാൻസി പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും അവർ സഹായം നൽകുന്നതിന് പകരം പെൺകുട്ടിയെ തിരികെ ഒഡീഷയിലേക്ക് അയക്കുകയായിരുന്നു.

സംഭവം പുറത്തറിഞ്ഞതിനെത്തുടർന്ന് മെയ് 23-ന് കാമാഖ്യനഗർ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രധാന പ്രതി ഒളിവിലാണെന്നും ഇത്തരത്തിൽ വലിയൊരു മനുഷ്യക്കടത്ത് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362467/content-highlights-harassment-with-job-offer-in-odisha)