---
title: "ഇന്ന് ഒന്നും മിണ്ടാൻ സാധിക്കില്ല ....!  കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമ വിലക്ക്; നയപ്രഖ്യാപന ദിവസമായ ഇന്ന് മാധ്യമങ്ങളെ പ്രവേശിപ്പിക്കില്ല"
english_title: "content highlights:-  Media ban at Cantonment House; Media will not be allowed in today, the day of policy announcement"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362425/media-ban-at-cantonment-house-media-will-not-be-allowed-in-today-the-day-of-policy-announcement-new"
published_at: "2026-05-29T09:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a190fdee34bb_vd_satheesan_.jpg"
keywords: ["Media", "Cantonment House", "Police", "Vdsatheesan", "Policy speech"]
---

# ഇന്ന് ഒന്നും മിണ്ടാൻ സാധിക്കില്ല ....!  കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമ വിലക്ക്; നയപ്രഖ്യാപന ദിവസമായ ഇന്ന് മാധ്യമങ്ങളെ പ്രവേശിപ്പിക്കില്ല

> **Lead Summary:** **തിരുവനന്തപുരം: **നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടക്കുന്ന ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക്. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് വ്യക്തമാക്കിയതോടെയാണ് മാധ്യമപ്രവർത്തകരെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് പോലീസിന് കർശന നിർദേശം നൽകിയത്.

## Article Content

**തിരുവനന്തപുരം: **നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടക്കുന്ന ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക്. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് വ്യക്തമാക്കിയതോടെയാണ് മാധ്യമപ്രവർത്തകരെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് പോലീസിന് കർശന നിർദേശം നൽകിയത്.

 അതേസമയം സ്വകാര്യ വാഹനങ്ങള്‍ അകത്തേക്ക് കയറ്റി വിടുന്നുണ്ട്. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ച റെയ്ഡില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനിടെയാണ് കന്റോണ്‍മെന്റ് ഹൗസിലെ മാധ്യമ വിലക്കും.

ഇ ഡി പരിശോധനയിലും സംഘര്‍ഷത്തിലും പ്രതികരിക്കാത്ത വി ഡി സതീശന്റെ നിലപാട് വിവാദമാവുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും പ്രതികരിക്കാന്‍ വി ഡി സതീശന്‍ തയ്യാറായിട്ടില്ല. 12 തവണയാണ് മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖം തിരിച്ച് കടന്നുപോയത്.

ഇ ഡി പരിശോധനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി ചോദിച്ചതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഇന്ന്. നിയമസഭയില്‍ രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. സര്‍ക്കാരിന്റെ നയപരിപാടികള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് ഗവര്‍ണര്‍ നടത്തുക. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാഗ്യാരന്റിയിലെ വാഗ്ദാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാകും പ്രസംഗം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362425/media-ban-at-cantonment-house-media-will-not-be-allowed-in-today-the-day-of-policy-announcement-new)