---
title: "മോദി-വിജയ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വസ്ത്രധാരണ വിവാദം; ലാളിത്യമെന്നും അനാദരവെന്നും ജനങ്ങൾ "
english_title: "content highlights:- Tamil Nadu CM's dress code during meeting with Modi sparks huge debate on social media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362423/content-highlights-tamil-nadu-cms-dress-code-during-meeting-with-modi-sparks-huge-debate-on-social-media"
published_at: "2026-05-29T09:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a190e0b9d19c_VIJAY_MODI.jpg"
keywords: ["Latest News", "Dress controversy", "Vijay", "Narendramodi", "Meeting"]
---

# മോദി-വിജയ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വസ്ത്രധാരണ വിവാദം; ലാളിത്യമെന്നും അനാദരവെന്നും ജനങ്ങൾ 

> **Lead Summary:** **ചെന്നൈ/ന്യൂഡൽഹി: [** പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് സ്വീകരിച്ച വസ്ത്രധാരണ രീതിയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ ചർച്ചയും തർക്കവും.

## Article Content

**ചെന്നൈ/ന്യൂഡൽഹി: [** പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് സ്വീകരിച്ച വസ്ത്രധാരണ രീതിയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ ചർച്ചയും തർക്കവും.

ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസായ 'സേവാ തീർത്ഥി'ൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. തന്റെ പതിവ് ശൈലിയായ വെള്ള ഷർട്ടും ബ്ലാക്ക് ബ്ലേസറുമണിഞ്ഞാണ് വിജയ് എത്തിയതെങ്കിലും, ഷർട്ടിന്റെ മുകളിലത്തെ ബട്ടണുകൾ ഇടാത്തതുമൂലം ഉള്ളിലെ ബനിയൻ കാണാമായിരുന്നതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാൻ പോകുമ്പോൾ കുറച്ചുകൂടി ഔദ്യോഗിക മര്യാദ പുലർത്തേണ്ടതായിരുന്നുവെന്നും വസ്ത്രധാരണത്തിൽ വിജയ് കൂടുതൽ ശ്രദ്ധിക്കണമായിരുന്നുവെന്നുമാണ് വിമർശകരുടെ വാദം.

എന്നാൽ, ഈ വിവാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ട് വിജയ്‍യെ അനുകൂലിക്കുന്നവരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇത് വിജയ്‍യുടെ ലാളിത്യത്തെയാണ് കാണിക്കുന്നതെന്നും ഇതിൽ വലിപ്പിച്ചുണ്ടാക്കാൻ മാത്രമുള്ള യാതൊരു തെറ്റുമില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

മുൻപ് കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ ചോദ്യം ചെയ്യലിനായി ഡൽഹിയിലെത്തിയതിൽ നിന്നും വ്യത്യസ്തമായി, മാസങ്ങൾക്ക് ശേഷം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയെന്ന തലയെടുപ്പോടെയുള്ള വിജയ്‍യുടെ ഈ ഡൽഹി സന്ദർശനത്തിന്റെ ശോഭ കെടുത്താൻ ബോധപൂർവ്വം ചിലർ ഉണ്ടാക്കുന്ന വിവാദമാണിതെന്നാണ് ആരാധകരുടെ ആക്ഷേപം.

സത്യപ്രതിജ്ഞാ ചടങ്ങിലും ഇതേ വസ്ത്രധാരണ ശൈലിയായിരുന്നു വിജയ് സ്വീകരിച്ചിരുന്നത്. ഏതായാലും വസ്ത്രധാരണ വിവാദങ്ങൾക്കപ്പുറം ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയമായും ഭരണപരമായും ഏറെ പ്രാധാന്യമുള്ളതായിരുന്നു.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‍യുടെ ആദ്യ ഡൽഹി യാത്രയാണിത്. ചോള കാലഘട്ടത്തിലെ അപൂർവ്വമായ ചെമ്പോലകൾ നെതർലൻഡ്സിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ എത്തിച്ചതിന് പ്രധാനമന്ത്രിക്ക് വിജയ് നന്ദി അറിയിച്ചു.

ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ വന്ദേമാതരം വിവാദം, മേക്കെദാട്ട് അണക്കെട്ട് വിഷയം, തമിഴ് മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന നടത്തുന്ന ആക്രമണങ്ങൾ തുടങ്ങിയ തമിഴ്നാടിന്റെ വിവിധ ആശങ്കകളും ആവശ്യങ്ങളും വിജയ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362423/content-highlights-tamil-nadu-cms-dress-code-during-meeting-with-modi-sparks-huge-debate-on-social-media)