---
title: "നീലപ്പടയെ മെസി നയിക്കും, കിരീടം നിലനിർത്താൻ അർജന്റീന റെഡി, ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു"
english_title: " Content Highlights:- FIFA World Cup: Defending champions Argentina, Lionel Scaloni and Lionel Messi announce team"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362417/content-highlights-fifa-world-cup-defending-champions-argentina-lionel-scaloni-and-lionel-messi-announce-team"
published_at: "2026-05-29T09:03:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19095496893_messy.jpg"
keywords: ["FIFA World Cup", "Argentina", "Lionel Scaloni", "Lionel Messi", "Argentinateam", "Sports", "Football"]
---

# നീലപ്പടയെ മെസി നയിക്കും, കിരീടം നിലനിർത്താൻ അർജന്റീന റെഡി, ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

> **Lead Summary:** **ബ്യൂണസ് അയേഴ്‌സ്: **ഫിഫ ലോകകപ്പ് കിരീടം നിലനിർത്താനിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തങ്ങളുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് സംബന്ധിച്ച ആശങ്കകൾ നിലനിന്നിരുന്നെങ്കിലും, ആരാധകർക്ക് ആശ്വാസമായി ക്യാപ്റ്റൻ ലിയോണൽ മെസി ടീമിലിടം നേടി.

## Article Content

**ബ്യൂണസ് അയേഴ്‌സ്: **ഫിഫ ലോകകപ്പ് കിരീടം നിലനിർത്താനിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തങ്ങളുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് സംബന്ധിച്ച ആശങ്കകൾ നിലനിന്നിരുന്നെങ്കിലും, ആരാധകർക്ക് ആശ്വാസമായി ക്യാപ്റ്റൻ ലിയോണൽ മെസി ടീമിലിടം നേടി.

 ഇതിഹാസതാരം ആറാം ലോകകപ്പിനാണ് ഒരുങ്ങുന്നത്. എമിലിയാനോ മാര്‍ട്ടിനസും ജൂലിയന്‍ അല്‍വാരസും ലൗട്ടാരോ മാര്‍ട്ടിനസും അടക്കം 2022ല്‍ ലോകചാംപ്യന്മാര്‍ ആയ ടീമിലെ 17 പേരെ ഇത്തവണയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡിനായി തിളങ്ങുന്നില്ലെങ്കിലും തിയാഗോ അല്‍മാഡയും ടീമില്‍ എത്തി.

അതേസമയം ഇംഗ്ലീഷ് ഫുട്‌ബോളില്‍ മികച്ച പ്രകടനം നടത്തുന്ന എമിലിയാനോ ബ്യുവേണ്ടിയ, മാര്‍ക്കോസ് സെനെസി എന്നിവരെ ഒഴിവാക്കിയത് ശ്രദ്ധേയമായി. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം മാര്‍ക്കോസ് അക്യൂനയെയും ഉള്‍പ്പെടുത്തിയില്ല. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ അള്‍ജീരിയ, ഓസ്ട്രീയ, ജോര്‍ദാന്‍ ടീമുകളെ ആണ് അര്‍ജന്റീന നേരിടുന്നത്. ലോകകപ്പിനുള്ള 26 അംഗ സംഘത്തെ പ്രഖ്യാപിക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കുമെന്ന് പരിശീലകന്‍ ലയണല്‍ സ്‌കലോണി അറിയിച്ചു. അന്തിമ ടീം പട്ടികകള്‍ ജൂണ്‍ ഒന്നിന് ഫിഫയ്ക്ക് സമര്‍പ്പിക്കണം, ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 2നാണ് നടക്കുക.

എന്നാല്‍ ബ്രസീല്‍, ഇംഗ്ലണ്ട്, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ദേശീയ ടീമുകള്‍ ഇതിനകം തന്നെ അവരുടെ പട്ടികകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''കളിക്കാരുടെ ഫിറ്റ്‌നസ് നില വിലയിരുത്താനും 26 അംഗ സംഘത്തെ അന്തിമമാക്കാനും അനുവദിച്ചിരിക്കുന്ന മുഴുവന്‍ സമയവും ഞങ്ങള്‍ ഉപയോഗിക്കുകയാണ്. അതിനു ശേഷം സൗഹൃദ മത്സരങ്ങളില്‍ ഒരു താരത്തെയും അപകടസാധ്യതയില്‍ ആക്കില്ല, വിവിധ താരങ്ങളെ ഉള്‍പ്പെടുത്തി ടീം ഉപയോഗിക്കും.'' സ്‌കലോണി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362417/content-highlights-fifa-world-cup-defending-champions-argentina-lionel-scaloni-and-lionel-messi-announce-team)