---
title: "ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര്‍ പിടിയിൽ, 18 പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി"
english_title: "Content Highlights:- Case Of Attack On ED Officials 19 People Including CPM Local Committee Secretary Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362390/content-highlights-case-of-attack-on-ed-officials-19-people-including-cpm-local-committee-secretary-arrested"
published_at: "2026-05-28T21:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a18693e5b656_CPIM_ARREST.jpg"
keywords: ["Latest News", "Enforcement Directorate", "Attack", "Raid", "CPIM"]
---

# ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര്‍ പിടിയിൽ, 18 പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി

> **Lead Summary:** തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര്‍ പിടിയിൽ. ലോക്കൽ സെക്രട്ടറി ഐപി ബിനു ഉള്‍പ്പെടയുള്ള ആറു പേര്‍ കീഴടങ്ങിയതാണ്. ഒരാൾക്ക് നോട്ടീസ് നൽകി വിട്ടയച്ചു. ബാക്കിയുള്ളവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി.

## Article Content

തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര്‍ പിടിയിൽ. ലോക്കൽ സെക്രട്ടറി ഐപി ബിനു ഉള്‍പ്പെടയുള്ള ആറു പേര്‍ കീഴടങ്ങിയതാണ്. ഒരാൾക്ക് നോട്ടീസ് നൽകി വിട്ടയച്ചു. ബാക്കിയുള്ളവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകരെ ഉടനടി വളഞ്ഞിട്ട് പിടിക്കാനുള്ള പൊലീസ് നീക്കം വീണ്ടും ഉന്തിനും തള്ളിനും കാരണമായി. ഏരിയ കമ്മിറ്റി ഓഫീസിൽ ഇഡി സംഘത്തെ ആക്രമിച്ചവരുണ്ടെന്ന് ദൃശ്യങ്ങള്‍ നോക്കി പൊലീസ് ഉറപ്പിച്ചു.

പാര്‍ട്ടി ഓഫീസിൽ കയറി പ്രതികളെ പിടിക്കാൻ പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ സര്‍വ സന്നാഹവുമായി എത്തി. പക്ഷേ പൊലീസിനെ ഓഫീസിൽ കയറാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സിപിഎം നേതാക്കള്‍ ഉറച്ച നിലപാട് എടുത്തു. സിപിഎം പിടിച്ചിടത്ത് കാര്യങ്ങള്‍ നിന്നു. ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങിയ അഞ്ചുപേർ പൊലീസിന് പിടികൊടുത്തു.

ശ്രീജിത്ത്, ജീവൻ, മനോജ്, നിതിൻരാജ്, ഷാഹിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് സ്വദേശി അശോകൻ, നരുവാമൂട് സ്വദേശി കിരണ്‍ എന്നിവരെയും കോട്ടയത്ത് ഒരു ലോഡ്ജിൽ നിന്നും അമൽ എന്ന പ്രതിയെയുമാണ് പിടികൂടിയത്. എല്ലാവരും ഡിവൈഎഫ്ഐ ജില്ലാ ബ്ലോക്ക് ഭാരവാഹികളാണ്.

ഉച്ചയ്ക്ക് ശേഷമാണ് ഏഴു പേര്‍ പിടിയിലായത്. വൈകീട്ട് പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ബിനു ഐപി കീഴടങ്ങി. ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിനു പുറമേ, പൊലിസുകാരെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.

കേന്ദ്രം റിപ്പോർട്ട് തേടിയ സാഹചര്യത്തിൽ വീഴ്ച മറയ്ക്കാൻ മുഴുവൻ പ്രതികളെയെങ്കിലും അറസ്റ്റ് ചെയ്ത് നാണക്കേട് ഒഴിവാക്കാൻ പൊലിസിന് കഴിയുന്നില്ല. മ്യൂസിയം പൊലീസിൽ നിന്ന് അന്വേഷണം പ്രത്യേക സംഘത്തിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362390/content-highlights-case-of-attack-on-ed-officials-19-people-including-cpm-local-committee-secretary-arrested)