---
title: "മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്ഡ്: പൊലീസുകാരുമായി ബലപ്രയോഗം, സിപിഎം ജില്ലാ സെക്രട്ടറിയടക്കം 57 പേർക്കെതിരെ കേസ്"
english_title: "Content Highlights:- Case Filed Against CPM Leaders Who Protested ED Raid On Muhammad Riyas House"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362385/content-highlights-case-filed-against-cpm-leaders-who-protested-ed-raid-on-muhammad-riyas-house"
published_at: "2026-05-28T20:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a18547179455_Case.jpg"
keywords: ["Latest News", "Enforcement Directorate", "Raid", "Muhammad Riyas", "CPM Leaders", "Protest"]
---

# മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്ഡ്: പൊലീസുകാരുമായി ബലപ്രയോഗം, സിപിഎം ജില്ലാ സെക്രട്ടറിയടക്കം 57 പേർക്കെതിരെ കേസ്

> **Lead Summary:** കോഴിക്കോട് : പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ കോട്ടൂളിയിലെ വീട്ടിൽ ബുധനാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ തിരച്ചിലിനിടെ വീടിനു മുന്നിലെ പൊതുറോഡിൽ മുദ്രാവാക്യം വിളിച്ച് മാർഗതടസ്സം ഉണ്ടാക്കിയതിന് സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്, സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ പി.മോഹനൻ, എ.പ്രദീപ്കുമാർ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.നിഖിൽ, സി.പി.മുസാഫർ അഹമ്മദ് തുടങ്ങി 57 പേർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

## Article Content

കോഴിക്കോട് : പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ കോട്ടൂളിയിലെ വീട്ടിൽ ബുധനാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ തിരച്ചിലിനിടെ വീടിനു മുന്നിലെ പൊതുറോഡിൽ മുദ്രാവാക്യം വിളിച്ച് മാർഗതടസ്സം ഉണ്ടാക്കിയതിന് സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്, സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ പി.മോഹനൻ, എ.പ്രദീപ്കുമാർ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.നിഖിൽ, സി.പി.മുസാഫർ അഹമ്മദ് തുടങ്ങി 57 പേർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

ഇവർക്കെതിരെ സ്വമേധയാ കേസ് എടുക്കുന്നതായാണ് മെഡിക്കൽ കോളജ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്.

റോഡിലും എംഎൽഎയുടെ വീടിനു മുന്നിലെ വഴിയിലും മുദ്രാവാക്യം വിളിച്ചെത്തുകയും ഡ്യൂട്ടിയിലുള്ള പൊലീസുകാരുമായി ബലപ്രയോഗം നടത്തുകയും റോഡിൽ കുത്തിയിരുന്ന് ഗതാഗത തടസം നടത്തിയതിനുമാണ് കേസ്.

തിരച്ചിലിന് ശേഷം മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് തടസ്സം സൃഷ്ടിക്കാൻ ഇവർ ശ്രമിച്ചതായും എഫ്ഐആറിലുണ്ട്. നിയമവിരുദ്ധമായി സംഘം ചേരുക, അക്രമത്തിന് ശ്രമിക്കുക തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ 189(2),189 (3),191 (2),190, 285 വകുപ്പുകൾ പ്രകാരമാണ് കേസ്.

ബുധനാഴ്ച തിരുവനന്തപുരത്ത് പിണറായി വിജയന്റെ വാടക വീടിനു മുന്നിൽ ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ സിപിഎം പ്രവർത്തകർ ആക്രമിച്ചതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിനെ വീട്ടിലേക്കു വിളിപ്പിച്ചു വിശദീകരണം തേടിയിരുന്നു.

ഇ.ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാകുകയും പൊലീസിനു നാണക്കേടാകുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നടപടി. ഇതിനിടെയാണ് കോഴിക്കോട് പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ വീടിനു മുന്നിൽ സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരെയും പൊലീസ് കേസ് എടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362385/content-highlights-case-filed-against-cpm-leaders-who-protested-ed-raid-on-muhammad-riyas-house)