---
title: "ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകൾ; പ്രതികളെ പിടിക്കാതിരുന്നാൽ കൂടുതൽ സംഘർഷമെന്ന് മേയർ വി.വി. രാജേഷ്"
english_title: "Mayor VV Rajesh says notorious goons from Thiruvananthapuram led the ED attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362360/mayor-vv-rajesh-says-notorious-goons-from-thiruvananthapuram-led-the-ed-attack"
published_at: "2026-05-28T16:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a18226132fbc_24.jpg"
keywords: ["Latest News", "Enforcement Directorate", "Attack", "Mayor V.V. Rajesh"]
---

# ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകൾ; പ്രതികളെ പിടിക്കാതിരുന്നാൽ കൂടുതൽ സംഘർഷമെന്ന് മേയർ വി.വി. രാജേഷ്

> **Lead Summary:** **തിരുവനന്തപുരം:[ **എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന് നേതൃത്വം നൽകിയത് തലസ്ഥാന നഗരിയിലെ കുപ്രസിദ്ധ ഗുണ്ടകളാണെന്ന് തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷ് ആരോപിച്ചു.

## Article Content

**തിരുവനന്തപുരം:[ **എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന് നേതൃത്വം നൽകിയത് തലസ്ഥാന നഗരിയിലെ കുപ്രസിദ്ധ ഗുണ്ടകളാണെന്ന് തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷ് ആരോപിച്ചു.

അക്രമ സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്നും, ഇവരെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടുവരാതിരിക്കുന്നത് തിരുവനന്തപുരത്ത് കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾക്കും സംഘർഷങ്ങൾക്കും വഴിതുറക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തലസ്ഥാന നഗരത്തിന് തന്നെ വലിയ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിലെ കുറ്റവാളികളെ എത്രയും വേഗം പിടികൂടാൻ പോലീസ് തയാറാകണമെന്നും മേയർ ആവശ്യപ്പെട്ടു. അതേസമയം, തിരുവനന്തപുരം നഗരസഭാ പരിധിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി കോർപ്പറേഷൻ വിഭാവനം ചെയ്ത 'മേയർ കെയർ' പദ്ധതിക്ക് തുടക്കമിട്ടതായും വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്ക് സ്കൂളിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റുകൾ നഗരസഭ നേരിട്ട് വിതരണം ചെയ്യും. ആകെ 5050 കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

കോർപ്പറേഷനിലെ ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 50 കുട്ടികൾക്ക് വീതം സഹായമെത്തിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ വ്യക്തിഗത സഹായങ്ങൾ കൂടി കൂട്ടിച്ചേർത്താണ് ഈ കാരുണ്യ പദ്ധതിക്ക് കോർപ്പറേഷൻ രൂപം നൽകിയിട്ടുള്ളതെന്നും മേയർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362360/mayor-vv-rajesh-says-notorious-goons-from-thiruvananthapuram-led-the-ed-attack)