---
title: "  അടുത്ത മുഖ്യമന്ത്രിക്കായി വഴിയൊരുക്കുകയാണ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു"
english_title: "content highlights:- Karnataka Chief Minister Siddaramaiah resigns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362356/content-highlights-karnataka-chief-minister-siddaramaiah-resigns"
published_at: "2026-05-28T16:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a181ca9c2cea_siddaramayya.jpg"
keywords: []
---

#   അടുത്ത മുഖ്യമന്ത്രിക്കായി വഴിയൊരുക്കുകയാണ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു

> **Lead Summary:** **ബംഗളൂരു: ** കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ഡി.കെ ശിവകുമാറിനൊപ്പം ഒരേ കാറില്‍ ലോക്ഭവനിലെത്തിയാണ് രാജി നല്‍കിയത്. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് സ്ഥലത്തില്ലാത്തതിനാല്‍ ഗവര്‍ണറുടെ സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. ഗവര്‍ണര്‍ ഓഫീസിലെത്തിയ ശേഷം രാജി ഔദ്യോഗികമായി സ്വീകരിക്കും.

## Article Content

**ബംഗളൂരു: ** കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ഡി.കെ ശിവകുമാറിനൊപ്പം ഒരേ കാറില്‍ ലോക്ഭവനിലെത്തിയാണ് രാജി നല്‍കിയത്. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് സ്ഥലത്തില്ലാത്തതിനാല്‍ ഗവര്‍ണറുടെ സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. ഗവര്‍ണര്‍ ഓഫീസിലെത്തിയ ശേഷം രാജി ഔദ്യോഗികമായി സ്വീകരിക്കും.

രാജിക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ സിദ്ധരാമയ്യ വികാരാധീനനായി. 'കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാന്‍ എനിക്ക് രണ്ട് തവണ അവസരം ലഭിച്ചു. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും നന്ദി പറയുന്നു. അടുത്ത മുഖ്യമന്ത്രിക്കായി വഴിയൊരുക്കുകയാണ്. ഭരണഘടനയാണ് എന്റെ മതം. ഒരിക്കലും അധികാരത്തിന്റെയോ പണത്തിന്റെയോ പിറകെ പോയിട്ടില്ല' -സിദ്ധരാമയ്യ പറഞ്ഞു.

ഡി.കെ ശിവകുമാറുമായി മുഖ്യമന്ത്രി പദം പങ്കിടണമെന്ന പാര്‍ട്ടിയിലെ ധാരണ പ്രകാരമാണ് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം സിദ്ധരാമയ്യ രാജിവെച്ചത്. ഇന്ന് രാവിലെ ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'കൃഷ്ണ'യില്‍ നടന്ന നിര്‍ണായക യോഗത്തിലാണ് താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന വിവരം സഹപ്രവര്‍ത്തകരെ അദ്ദേഹം ഔദ്യോഗികമായി അറിയിച്ചത്.

ഇതോടെ സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ചുമതലയേല്‍ക്കാന്‍ വഴിയൊരുങ്ങി. വൈകീട്ടോടെ സിദ്ധരാമയ്യ ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടെവെച്ച് രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362356/content-highlights-karnataka-chief-minister-siddaramaiah-resigns)