---
title: "വർദ്ധിച്ചുവരുന്ന കേസുകൾക്ക് തടയിടാൻ കേന്ദ്ര നീക്കം; ഇഡി ജീവനക്കാരുടെ എണ്ണം 60 ശതമാനം ഉയർത്താൻ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി"
english_title: "content highlights:- Union Finance Ministry approves increase in ED staff"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362347/content-highlights-union-finance-ministry-approves-increase-in-ed-staff"
published_at: "2026-05-28T15:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17a7fe6e376_ED.jpg"
keywords: ["Latest News", "Enforcement Directorate", "National"]
---

# വർദ്ധിച്ചുവരുന്ന കേസുകൾക്ക് തടയിടാൻ കേന്ദ്ര നീക്കം; ഇഡി ജീവനക്കാരുടെ എണ്ണം 60 ശതമാനം ഉയർത്താൻ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി

> **Lead Summary:** **ന്യൂഡൽഹി:[ **വർദ്ധിച്ചുവരുന്ന കേസുകളുടെ പശ്ചാത്തലത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) ജീവനക്കാരുടെ എണ്ണം വൻതോതിൽ വർധിപ്പിക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവിട്ടു.

## Article Content

**ന്യൂഡൽഹി:[ **വർദ്ധിച്ചുവരുന്ന കേസുകളുടെ പശ്ചാത്തലത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) ജീവനക്കാരുടെ എണ്ണം വൻതോതിൽ വർധിപ്പിക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവിട്ടു.

ഇഡിയിലെ തസ്തികകളിൽ 60 ശതമാനത്തോളം പുതിയ നിയമനങ്ങൾ നടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർ മുതൽ അഡീഷണൽ ഡയറക്ടർ പദവി വരെയുള്ള ഉദ്യോഗസ്ഥ തലങ്ങളിലും, നിയമവിഭാഗം ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ വകുപ്പുകളിലും കൂടുതൽ ജീവനക്കാരെ നിയമിക്കും.

ഇതിന്റെ ഭാഗമായി നിയമവിഭാഗത്തിൽ മാത്രം പുതുതായി 61 പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള അനുമതിയും മന്ത്രാലയം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇഡി കൈകാര്യം ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായ സാഹചര്യത്തിലാണ് ഈ അടിയന്തര നടപടി.

മാർച്ച് 31-ലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) 8851 കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1187 പേരെ അറസ്റ്റ് ചെയ്യുകയും 2396 കേസുകളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഈ കേസുകളിലായി ഏകദേശം 2.35 ലക്ഷം കോടി രൂപയുടെ സ്വത്തുക്കളാണ് ഇതുവരെ കണ്ടുകെട്ടിയത്. ഇതിനുപുറമെ വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി (FEMA) ബന്ധപ്പെട്ട് 44,369 കേസുകളും നിലവിൽ ഇഡി അന്വേഷിക്കുന്നുണ്ട്. കേസ് ഡയറികളിലെ ഈ വൻ വർദ്ധനവ് നിലവിലുള്ള ജീവനക്കാർക്ക് വലിയ ജോലിഭാരമാണ് സൃഷ്ടിക്കുന്നത്.

മുൻപ് 2022-ൽ അന്നത്തെ ഇഡി ഡയറക്ടർ സഞ്ജയ് മിശ്ര ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ധനകാര്യ മന്ത്രാലയം അത് അംഗീകരിച്ചിരുന്നില്ല. എന്നാൽ, പുതുതായി ചുമതലയേറ്റ നിലവിലെ ഇഡി ഡയറക്ടർ രാഹുൽ നവീൻ ഉദ്യോഗസ്ഥരുടെ എണ്ണം 60% എങ്കിലും വർധിപ്പിക്കണമെന്ന് കാണിച്ച് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അനുകൂലമായ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

നിലവിൽ 2100ഓളം ജീവനക്കാരുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്ക് പുതിയ ഉത്തരവിലൂടെ 1200 മുതൽ 1300 വരെ പുതിയ ജീവനക്കാർ കൂടിയെത്തുന്നതോടെ കേസന്വേഷണങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362347/content-highlights-union-finance-ministry-approves-increase-in-ed-staff)