---
title: "പോലീസിന്റെ മൂക്കിൻതുമ്പത്ത് കവർച്ച; ട്രെയിനുകളിൽ മാറിമാറി യാത്ര ചെയ്ത് സിമ്മുകൾ മാറ്റിയ അസം സ്വദേശിയായ 19-കാരൻ ഒടുവിൽ കുടുങ്ങി"
english_title: "content highlights:- 19-year-old Assam native who committed robbery finally caught"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362345/content-highlights-19-year-old-assam-native-who-committed-robbery-finally-caught"
published_at: "2026-05-28T15:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1810a03c463_20.jpg"
keywords: ["Latest News", "Thrissur", "Robbery"]
---

# പോലീസിന്റെ മൂക്കിൻതുമ്പത്ത് കവർച്ച; ട്രെയിനുകളിൽ മാറിമാറി യാത്ര ചെയ്ത് സിമ്മുകൾ മാറ്റിയ അസം സ്വദേശിയായ 19-കാരൻ ഒടുവിൽ കുടുങ്ങി

> **Lead Summary:** **തൃശൂർ: [ **സിറ്റി ഡിഐജി ഓഫീസിന് സമീപത്തെ ക്ഷേത്രത്തിലുൾപ്പെടെ തുടർച്ചയായി മോഷണം നടത്തി പോലീസിനെ വെല്ലുവിളിച്ച പ്രതി ഒടുവിൽ മൂന്ന് മാസങ്ങൾക്ക് ശേഷം പിടിയിൽ.

## Article Content

**തൃശൂർ: [ **സിറ്റി ഡിഐജി ഓഫീസിന് സമീപത്തെ ക്ഷേത്രത്തിലുൾപ്പെടെ തുടർച്ചയായി മോഷണം നടത്തി പോലീസിനെ വെല്ലുവിളിച്ച പ്രതി ഒടുവിൽ മൂന്ന് മാസങ്ങൾക്ക് ശേഷം പിടിയിൽ.

അസം ദിബ്രുഗഡ് സ്വദേശിയായ മഹേഷ് ഗർ (19) ആണ് തിരുനെൽവേലിയിൽ വെച്ച് തൃശൂർ പോലീസിന്റെ വലയിലായത്. പോലീസിന്റെ മൂക്കിൻതുമ്പത്ത് നടന്ന കവർച്ചയായിട്ടും അതിവിദഗ്ധമായ തന്ത്രങ്ങളിലൂടെയാണ് പ്രതി ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞത്.

ഓരോ മോഷണത്തിന് ശേഷവും ട്രെയിനുകളിൽ തുടർച്ചയായി യാത്ര ചെയ്തുകൊണ്ടേയിരുന്ന ഇയാൾ, പോലീസിന് തന്റെ ലൊക്കേഷൻ കണ്ടെത്താനാകാത്ത വിധം മൊബൈൽ ഫോണുകളും സിം കാർഡുകളും ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരുന്നു.

തൃശ്ശൂരും തിരുവനന്തപുരവും കേന്ദ്രീകരിച്ചായിരുന്നു ഇയാൾ പ്രധാനമായും കവർച്ചകൾ നടത്തിയിരുന്നത്. ഇതിനിടെ കഴിഞ്ഞ ആഴ്ച വീണ്ടും തൃശ്ശൂർ നഗരത്തിലെത്തി കുളശ്ശേരി ക്ഷേത്രത്തിലും ഇയാൾ മോഷണം നടത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 12-നാണ് തൃശ്ശൂർ ഡിഐജി ഓഫീസിന് തൊട്ടടുത്തുള്ള മാരിയമ്മൻ കോവിലിലെയും ഇരട്ടച്ചിറ ശിവക്ഷേത്രത്തിലെയും ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് ഇയാൾ പണം കവർന്നത്.

ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസുകൾക്ക് സമീപം തന്നെ മോഷണം നടന്നിട്ടും പ്രതിയെ പിടികൂടാൻ കഴിയാതിരുന്നത് തൃശൂർ പോലീസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. സംഭവസ്ഥലങ്ങളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നുവെങ്കിലും, പ്രതി സൈബർ തെളിവുകൾ അവശേഷിപ്പിക്കാതെ സിം കാർഡുകൾ മാറ്റിക്കൊണ്ടിരുന്നത് അന്വേഷണത്തിന് വലിയ വെല്ലുവിളിയായി മാറി.

തുടർന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം പ്രത്യേക സ്ക്വാഡ് രൂപീകരിക്കുകയും സൈബർ പോലീസിന്റെ സഹായത്തോടെ വിപുലമായ അന്വേഷണം നടത്തുകയുമായിരുന്നു.

പ്രതിയുടെ ഫോൺ കോളുകളും യാത്രാ വഴികളും സൂക്ഷ്മമായി നിരീക്ഷിച്ച പോലീസ് ഒടുവിൽ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ വെച്ച് ഇയാളെ വളയുകയായിരുന്നു. പ്രതിയെ തൃശ്ശൂരിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362345/content-highlights-19-year-old-assam-native-who-committed-robbery-finally-caught)