---
title: "വീഡിയോ തുണച്ചു,ഡൊണാൾഡ് ട്രംപിനെ ഇനി ബലി നൽകില്ല ....!  ബംഗ്ലാദേശിൽ തരംഗമായ പോത്തിനെ ബലി നൽകുന്നതിൽ നിന്ന് ഒഴിവാക്കി; ഏറ്റെടുത്ത് സർക്കാർ"
english_title: "content highlights:- Buffalo, which is a hot topic in Bangladesh, is exempted from sacrifice; the government takes it over"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362328/content-highlights-buffalo-which-is-a-hot-topic-in-bangladesh-is-exempted-from-sacrifice-the-government-takes-it-over"
published_at: "2026-05-28T14:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1805bf6b8b8_beef_.jpg"
keywords: []
---

# വീഡിയോ തുണച്ചു,ഡൊണാൾഡ് ട്രംപിനെ ഇനി ബലി നൽകില്ല ....!  ബംഗ്ലാദേശിൽ തരംഗമായ പോത്തിനെ ബലി നൽകുന്നതിൽ നിന്ന് ഒഴിവാക്കി; ഏറ്റെടുത്ത് സർക്കാർ

> **Lead Summary:** **നാരായൺഗഞ്ച്: ** ശരീരപ്രകൃതിയിലെ അപൂർവ്വത കൊണ്ടും അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഹെയർസ്റ്റൈലിനോടുള്ള സാമ്യം കൊണ്ടും സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി തരംഗമായ ബംഗ്ലാദേശിലെ 'ഡൊണാൾഡ് ട്രംപ്' എന്ന വൈറൽ പോത്തിനെ ബലി നൽകുന്നതിൽ നിന്ന് ഒഴിവാക്കി.

## Article Content

**നാരായൺഗഞ്ച്: ** ശരീരപ്രകൃതിയിലെ അപൂർവ്വത കൊണ്ടും അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഹെയർസ്റ്റൈലിനോടുള്ള സാമ്യം കൊണ്ടും സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി തരംഗമായ ബംഗ്ലാദേശിലെ 'ഡൊണാൾഡ് ട്രംപ്' എന്ന വൈറൽ പോത്തിനെ ബലി നൽകുന്നതിൽ നിന്ന് ഒഴിവാക്കി.

ഏകദേശം 700 കിലോഗ്രാം ഭാരമുള്ള 'ഡൊണാൾഡ് ട്രംപ്' എന്ന ഈ പോത്തും അതിന്റെ വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് സുരക്ഷാ കാരണങ്ങളും പൊതുജനങ്ങളുടെ താൽപര്യവും മുൻനിർത്തി സർക്കാർ ഈ മൃഗത്തെ വിലയ്ക്കെടുത്തത്. പോത്തിനെ ഈ പെരുന്നാളിന് ബലിനൽകും എന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വാർത്തകൾ.

ഈ തീരുമാനം മാറ്റിയാണ്, അപൂർവ്വമായ ആൽബിനോ പോത്തിനെ സംരക്ഷിക്കാൻ അധികൃതർ തീരുമാനിച്ചത്. 38-കാരനായ സിയാ ഉദ്ദിൻ മൃദ എന്ന ഉടമ ഈ പോത്തിനെ നേരത്തെ വിറ്റിരുന്നു. എന്നാൽ പൊതുജനങ്ങളുടെ താൽപര്യം പരിഗണിച്ച് സർക്കാർ ഉദ്യോഗസ്ഥർ അവസാന നിമിഷം ഇടപെടുകയായിരുന്നു.

അവർ ഈ മൃഗത്തെ വാങ്ങി ധാക്കയിലെ ബംഗ്ലാദേശ് ദേശീയ മൃഗശാലയിലേക്ക് മാറ്റി. ബലി നൽകുന്നതിന് പകരം അവിടെ ഇതിനെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. ഇതിനൊപ്പം 'ബെഞ്ചമിൻ നെതന്യാഹു' എന്ന് പേരിട്ട മറ്റൊരു കൂറ്റൻ പോത്തും സമാനമായ രീതിയിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് പോത്തിനെ രക്ഷിച്ചതെന്ന് മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

വൈറലായതോടെ നിരവധിയാളുകൾ ഈ പോത്തിനെ കാണാനെത്താൻ തുടങ്ങി, ഇത് പലവിധ സുരക്ഷാപ്രശ്‌നങ്ങളും ഉണ്ടാക്കി. ഈ പ്രശ്‌നങ്ങളിൽനിന്ന് മൃഗത്തെ സംരക്ഷിക്കുന്നതിനും സന്ദർശകർക്ക് അതിനെ സുരക്ഷിതമായി കാണുന്നതിനും വേണ്ടിയുള്ള ഒരു പോംവഴി എന്ന നിലയിലാണ് പോത്തിനെ ഏറ്റെടുത്തത് എന്ന് മൃഗശാല അധികൃതർ അറിയിച്ചു. പോത്തിനെ ഇപ്പോൾ പ്രത്യേക എൻക്ലോസറിലാണ് പാർപ്പിച്ചിരിക്കുന്നത്.

അൽബിനോ പോത്തുകൾ സ്വഭാവത്തിൽ വളരെ ശാന്തരാണെന്നും പ്രകോപിപ്പിക്കാത്തിടത്തോളം അവ അക്രമാസക്തരാകാറില്ലെന്നും ഉടമ മൃദ പറഞ്ഞു. പോത്തിന്റെ തലയിലെ മുടി കണ്ട് തന്റെ അനുജനാണ് തമാശയായി ഇതിനെ ഡൊണാൾഡ് ട്രംപ് എന്ന് വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോത്തിനെ നേരിട്ട് കണ്ടവരും ഈ സാമ്യം ശരിവെക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362328/content-highlights-buffalo-which-is-a-hot-topic-in-bangladesh-is-exempted-from-sacrifice-the-government-takes-it-over)